കൊച്ചി : വിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗ വിവേചനം പാടില്ലെന്ന് ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖാണ് ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്.
കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനം നടത്തി ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്.
ഐപിസി 376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന് സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗ സമത്വമുള്ളതായിരിക്കണം എന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: