വഡോദര: ജൂണ്‍ 11 ന്, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കല്യാണത്തിന് സാക്ഷിയാകും. 24 കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കുകയാണ്. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള യുവതി എല്ലാ വിവാഹ ചടങ്ങുകളും പാലിച്ചാകും വിവാഹിതയാകുന്നത്. എന്നാല്‍, വിവാഹത്തിന് വരനുണ്ടാകില്ലെന്ന് മാത്രം.
ഇന്ത്യയിലെ ആദ്യത്തെ സോളോ വെഡ്ഡിംഗ് അല്ലെങ്കില്‍ സോളോഗമി ആയിരിക്കും ഇത്. ‘ഇന്ത്യയില്‍ ഇത്തരമൊരു വിവാഹം നടന്നിട്ടുണ്ടോ എന്നറിയാന്‍ കുറേ അന്വേഷണം നടത്തി. പക്ഷേ ഒന്നും കണ്ടെത്താനായില്ല. ഒരുപക്ഷേ ഞാനായിരിക്കാം ആദ്യമായി അങ്ങനെ ചെയ്യുന്നതെന്ന് ക്ഷമ പറയുന്നത്. ഞാന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
‘സ്വയം വിവാഹം എന്നത് നിങ്ങള്‍ക്കായി ഉണ്ടായിരിക്കാനുള്ള പ്രതിബദ്ധതയും തന്നോട് തന്നെ നിരുപാധികമായ സ്‌നേഹവുമാണ്. അത് സ്വയം അംഗീകരിക്കാനുള്ള ഒരു പ്രവൃത്തി കൂടിയാണ്. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാലാണ് ഈ കല്യാണമെന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ക്ഷം വിശദീകരിച്ചു.
സ്വയം വിവാഹം അപ്രസക്തമാണെന്ന് ചിലര്‍ മനസ്സിലാക്കിയേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് സ്ത്രീകളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് കാര്യമാണ്. വിവാഹവുമായി മുന്നോട്ട് പോകാന്‍ മാതാപിതാക്കള്‍ തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് അഞ്ച് നേര്‍ച്ചകളാണ് ക്ഷമ ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ടാഴ്ചത്തെ ഹണിമൂണിനായി ഗോവയിലേക്ക് പോകാനാണ് യുവതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: