കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കു നല്കുന്ന കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന വായ്പ അന്ധമായ ബിജെപി വിരോധംകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് നിഷേധിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തികഞ്ഞ ജനദ്രോഹമാണ് ചെയ്യുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തന്ത്രപരമായി അട്ടിമറിക്കുകയാണ്. 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്താകെ ഒരു ലക്ഷംകോടിയുടെ വായ്പ വിതരണം ചെയ്യുമ്പോള്‍ 2,520 കോടിയാണ് കേരളത്തിന്റെ വിഹിതം. രണ്ട് വര്‍ഷത്തിനിടെ 74 കോടി രൂപയുടെ വായ്പ മാത്രമാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിച്ചത്. 87 കോടിയുടെ അപേക്ഷ നിലവിലുണ്ട്. അപ്പോഴും 2400 കോടി രൂപയുടെ വായ്പ ശേഷിക്കുകയാണ്. നാല് വര്‍ഷത്തിനകം വായ്പ വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍ തുക നഷ്ടമാകും. കൃഷി വകുപ്പ് വേണ്ടത്ര പ്രചാരണം നല്കാത്തതിനാല് കര്‍ഷകര്‍ക്ക് വായ്പയെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് അവര്‍ അപേക്ഷിക്കാതിരിക്കാന്‍ കാരണം. കര്‍ഷക സംഘടനകള്‍ക്കൊന്നും ഈ വായ്പയെപ്പറ്റി അറിവില്ല. കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ കൊലച്ചതി വെളിപ്പെട്ടതോടെ വിശദീകരണവുമായി കൃഷി മന്ത്രി രംഗത്തുവരികയുണ്ടായി. വായ്പാ പദ്ധതിയെക്കുറിച്ച് സര്‍ക്കാരും കൃഷി വകുപ്പും കൃത്യമായ പ്രചാരണം നടത്തുന്നുണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് വായ്പയെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാത്തത് എന്നതിനെക്കുറിച്ച് മന്ത്രിക്ക് ഒന്നും പറയാനില്ല.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ നടപടി ഒറ്റപ്പെട്ട സംഭവമല്ല. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ അറിയാതിരിക്കാന്‍ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പോലും വിളിച്ചുചേര്‍ക്കാത്ത സ്ഥിതിയുണ്ടായി. കര്‍ഷകര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നേരിട്ട് പണമെത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി സംസ്ഥാന കൃഷി വകുപ്പ് തടയുകയാണ്. കിസാന്‍ സമ്മാന്‍ നിധിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 60 ലക്ഷം കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നിരിക്കെ പകുതിയോളം പേര് മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ജന്‍ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുടെ പ്രയോജനം അര്‍ഹതപ്പെട്ട ബഹുഭൂരിപക്ഷം പാവപ്പെട്ടവര്‍ക്കും കിട്ടാതിരിക്കാനുള്ള കള്ളക്കളിയും പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി. വളരെയധികം പേര്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ പലതും സംസ്ഥാനത്ത് അട്ടിമറിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ ലൈഫ് മിഷന് എന്ന് പേരുമാറ്റി നടപ്പാക്കുകയും അഴിമതി നടത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ നേട്ടമായാണ് ലൈഫ് പദ്ധതിയെക്കുറിച്ച് പ്രചരിപ്പിച്ചത്. കേന്ദ്രം നല്കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പദ്ധതിയായി അവതരിപ്പിച്ചും വിതരണം ചെയ്തു. ഇതിലും അഴിമതി നടത്തി. കൊവിഡ് കാലത്ത് ആയുഷ്മാന്‍ പദ്ധതിയിലൂടെയുള്ള സൗജന്യ ചികിത്സ നിഷേധിച്ചതിലൂടെ പാവപ്പെട്ട ജനങ്ങളോട് കൊടുംക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കള്ളപ്രചാരണത്തിലൂടെ ഇതിനൊക്കെ മറയിട്ടു.
ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനക്ഷേമ ഭരണമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. തുടക്കം മുതല്‍ തന്നെ അത് അങ്ങനെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിരവധിയായ ജനക്ഷേമ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുക വഴി ജനങ്ങള്‍ക്ക് ബിജെപിയോട് ആഭിമുഖ്യം വരും. 2019 ല്‍ കൂടുതല്‍ ശക്തമായ ജനവിധിയോടെ മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയത് ജനക്ഷേമ പദ്ധതികളുടെ വിജയമാണ്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ വരാതിരിക്കാനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ പ്രയോജനങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിയാല്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം പുറത്തുവരും. കേന്ദ്ര വിരോധം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരം നഷ്ടമാവും. ഇടതുപക്ഷത്തിന്റെ ഈ ജനവിരുദ്ധ രാഷ്ട്രീയവും ഭരണവും തുറന്നു കാട്ടേണ്ടത് പ്രതിപക്ഷമാണ്. എന്നാല്‍ സോണിയയുടെ കോണ്‍ഗ്രസ്സ് ഇടതുപക്ഷവുമായി പരസ്യവും രഹസ്യവുമായ സഖ്യത്തിലാണ്. അഴിമതി വച്ചുപൊറുപ്പിക്കാത്ത മോദി ഭരണത്തിന് അന്ത്യംകുറിക്കാന്‍ ഇക്കൂട്ടര്‍ ഒറ്റക്കെട്ടാണ്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനൊന്നാം ഗഡുവില്‍ 37 ലക്ഷത്തിലേറെ കര്‍ഷകര്‍ക്കാണ് രണ്ടായിരം രൂപ വീതം ലഭിച്ചത്. ഇടതു സര്‍ക്കാരിനെ മറികടന്നും ശക്തമായ ബോധവല്‍ക്കരണം നടത്തി കേന്ദ്ര പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ജനക്ഷേമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: