മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ വ്യാജപട്ടയം ചമച്ച് കൈവശം വച്ചിരുന്ന ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. നേരത്തെ റദ്ദാക്കിയത് കൂടാതെ സമീപത്തെ മറ്റ് പതിനൊന്ന് പട്ടങ്ങള്‍ കൂടി റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്. 1957ല്‍ കോട്ടയം ജില്ലാ കളക്ടറാണ് ഈ സ്ഥലം ഉള്‍പ്പെടുന്ന 500 ഏക്കര്‍ ഭൂമി കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്തത്.
സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി പിന്നീട് സ്വകാര്യ വ്യക്തി കൈവശം വെച്ച് ഉപയോഗിച്ച് വരികയായിരുന്നു. 40 വര്‍ഷം മുമ്പ് ഈ ഭൂമി സാമൂഹ്യ വനവത്കരണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് വനവത്കരണം നടക്കാതെ വന്നതോടെ മരിയദാസ് എന്നയാള്‍ ഇത് കൈവശപ്പെടുത്തി തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍ രവീന്ദ്രന്‍ 15 പട്ടയം തരപ്പെടുത്തി കൈവശം വച്ച് വരികയായിരുന്നു. ഇതില്‍ ഒരു പട്ടയത്തിന് മാത്രമാണ് നടപടി ക്രമങ്ങള്‍ പോലും പാലിച്ചിരുന്നത്. ഈ വിഷയത്തില്‍ ആദ്യം കൈവശം വച്ചിരുന്ന വ്യക്തിയുടെ അനന്തര അവകാശി ഇക്കാനഗര്‍ പുത്തന്‍വീട്ടില്‍ ബിനു പാപ്പച്ചന്‍ 2017ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ തനിക്ക് വിട്ടുനല്‍കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം.
2018ലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്നത്തെ സബ്കളക്ടര്‍ ആയിരുന്ന ഡോ. രേണുരാജ് നാല് പട്ടയങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ പട്ടയ ഉടമകള്‍ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. മരിയദാസിന്റെ മകന്‍ സുരേഷ് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കോടതി ജില്ലാ കളക്ടര്‍ക്ക് വിഷയം കൈമാറി. വിശദമായ പരിശോധനയില്‍ ഇവരുടെ അപ്പീലുകള്‍ തള്ളുകയും മറ്റ് 11 പട്ടയം കൂടി റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ആയിരുന്നു. റദ്ദാക്കിയ നാല്പട്ടയത്തിന്റെ ഉടമകള്‍ ശരിയായ അവകാശികള്‍ അല്ലെന്നും കണ്ടെത്തലുണ്ട്. ഇതില്‍ മൂന്നുപേര്‍ ഇപ്പോള്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുടെ ബന്ധുക്കള്‍ ആണെന്നും മറ്റൊരാള്‍ ഒരു സ്ത്രീയാണെന്നും അവരുടെ പേരില്‍ പട്ടയമുണ്ടെന്ന കാര്യം അവര്‍ക്കറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം രവീന്ദ്രനെതിരെയും ഫയല്‍ കൈകര്യം ചെയ്ത വില്ലേജ് അസി. എതിരേയും റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്.
ഓരോ പട്ടയങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്താനും തഹസില്‍ദാര്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സബ് കളക്ടര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ഈ സ്ഥലത്തിന് നിലവില്‍ അന്‍പത് കോടിയോളം രൂപ വിപണി വില വരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: