അഴിമതിയുടെയും കുടുംബവാഴ്ചയുടെയും തടവറയില്‍ നിന്ന് ഭാരതത്തെ മോചിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാര്‍ അഭിമാനകരമായ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അധികാരമോഹത്തിന്റെയും അനാശാസ്യകഥകളുടെയും കള്ളപ്പണത്തിന്റെയും കേന്ദ്രമല്ല ഇന്ന് ദില്ലി. രാഷ്ട്രത്തെ സ്നേഹിക്കുന്ന, ദേശീയതയിലും ഭാരതത്തിന്റെ പൈതൃകത്തിലും അഭിമാനിക്കുന്ന നേതൃത്വമാണ് ഇന്ന് തലസ്ഥാനത്തുള്ളത്. ലോകം കണ്ട ഏറ്റവും കരുത്തരായ ഭരണാധികാരികളില്‍ ഒരാളായ നരേന്ദ്രമോദിജിയുടെ നേതൃത്വം കൊവിഡാനന്തര ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്. ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയിലും യുദ്ധക്കെടുതികളിലും സംഘര്‍ഷങ്ങളിലും പെട്ടുഴറുമ്പോള്‍ ഭാരതാംബ തലയുയര്‍ത്തി നില്‍ക്കുന്നത് മോദിജിയുടെ നേതൃത്വം മൂലമാണ്.
കുടുംബഭരണക്കാരും നിലപാടില്ലാത്ത പ്രധാനമന്ത്രിയും തുടര്‍ന്നിരുന്നെങ്കില്‍, അയല്‍രാജ്യങ്ങളിലെ ജനങ്ങളെപ്പോലെ പട്ടിണിയും പരിവട്ടവുമായി ഭാരതീയരും അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുമായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ വിപ്ലവകരമായ പദ്ധതികളാണ് ഈ പ്രതിസന്ധികാലത്ത് ദേശീയ ജനാധിപത്യ സര്‍ക്കാര്‍ സ്വീകരിച്ചത്. വലിയ വെല്ലുവിളികള്‍ക്കിടയിലും മുന്‍ സര്‍ക്കാരുകളെയെല്ലാം അപേക്ഷിച്ച് നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ നമുക്കായി എന്നത് അഭിമാനകരമാണ്.
ലോകമാകെ വിലക്കയറ്റത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും പിടിയില്‍ അകപ്പെട്ടപ്പോഴും ജനങ്ങള്‍ക്ക് പരമാവധി കൈത്താങ്ങേകാന്‍ നരേന്ദ്രമോദി സര്‍ക്കാരിനായി. രാജ്യത്തു നിന്ന് പട്ടിണി അകറ്റി നിര്‍ത്തിയ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പോലുള്ള പദ്ധതികളെ ഇന്ന് ലോകമാകെ അഭിനന്ദിക്കുന്നു. മഹാമാരി സൃഷ്ടിച്ച ഒറ്റപ്പെടുത്തലില്‍ ലോകരാഷ്ട്രങ്ങള്‍ പകച്ചുനിന്നപ്പോള്‍ സ്വയംപര്യാപ്ത രാഷ്ട്രത്തിനായി ആഹ്വാനം ചെയ്യുകയും അതിനുളള മാര്‍ഗം തേടുകയും ചെയ്ത പ്രധാനമന്ത്രിയാണ് നമ്മുടേത്. പ്രതിസന്ധിയില്‍ തളരുന്നതല്ല, ജനങ്ങളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് നയിക്കുന്നതാണ് യഥാര്‍ഥ നേതൃത്വമെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. ഇതെല്ലാം നടക്കുമ്പോഴും നരേന്ദ്രമോദിയോടും ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനോടും വിദ്വേഷം മാത്രം വച്ചുപുലര്‍ത്തുകയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍. സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ച് വാചകമടിക്കുന്നവര്‍ കേന്ദ്രസര്‍ക്കാരിനോട് എങ്ങനെ സഹകരിക്കാതിരിക്കാം എന്നതില്‍ മത്സരിക്കുന്നു. ഇതുമൂലം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പലപ്പോഴും വളരെ വലുതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എങ്ങനെ അട്ടിമറിക്കാം അല്ലെങ്കില്‍ അവയുടെ ക്രെഡിറ്റ് എങ്ങനെ സ്വന്തമാക്കാം എന്നതാണ് കഴിഞ്ഞ എട്ടുവര്‍ഷമായി കോണ്‍ഗ്രസും സിപിഎമ്മും നേതൃത്വം നല്കുന്ന കേരളത്തിലെ സര്‍ക്കാരുകള്‍ ചിന്തിക്കുന്നത്.
കാര്‍ഷിക വിളനാശത്തിന് ആശ്വാസമേകുന്ന ഫസല്‍ബീമ യോജന മുതല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന വരെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ഭരിക്കുന്നവരുടെ മോദിവിരോധമോ കെടുകാര്യസ്ഥതയോ മൂലം കേരളത്തിലെ ജനങ്ങള്‍ക്ക് നഷ്ടമായത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 195.82 കോടി (2016-18) നഷ്ടപ്പെടുത്തിയത് കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോയതിനാലാണെന്ന സിഎജിയുടെ കണ്ടെത്തല്‍ കേരളത്തിലെ ജനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കൊടുംവഞ്ചനയാണ് പുറത്തുകൊണ്ടുവന്നത്. സാങ്കേതിക ഗുണനിലവാരവുമുളള മേല്‍നോട്ടത്തിന്റെ അഭാവം, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍, ഭൂമി കണ്ടെത്തല്‍ ഇങ്ങനെ വിവിധ തലങ്ങളില്‍ വീഴ്ച വരുത്തി. അര്‍ഹതപ്പെട്ട 25,144 ദരിദ്രകുടുംബങ്ങള്‍ക്കാണ് ഇതുമൂലം വീട് നിഷേധിക്കപ്പെട്ടത്. 2016-17ല്‍ ആദ്യഗഡുവായ 121.90 കോടി കേന്ദ്രം അനുവദിച്ചെങ്കിലും രണ്ടാംഗഡു നേടിയെടുക്കാന്‍ സംസ്ഥാനം താത്പര്യം കാണിച്ചില്ലെന്ന് ഞെട്ടിക്കുന്ന വസ്തുതയാണ്.
മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ 7,012 കോടി രൂപയുടെ ഗ്രാന്റില്‍ 2,206 കോടിയാണ് സംസ്ഥാനസര്‍ക്കാര്‍ പാഴാക്കിയത്. കേന്ദ്രം പണംനല്‍കിയാല്‍ 15 ദിവസത്തിനകം കൈമാറേണ്ട തുക കൈമാറാതിരുന്നതിനാലാണ് 2,206 കോടി നഷ്ടമായത്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. വന്യജീവി ആക്രമണം നേരിടുന്നതിനുള്ള മുപ്പത് കോടി രൂപയും ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയത്തിന് അനുവദിച്ച ഏഴു കോടിയുമെല്ലാം കേന്ദ്രം നല്‍കിയിട്ടും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനായില്ല. കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം അനുവദിച്ച 134.91 കോടിയാണ് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെടുത്തിയ മറ്റൊന്ന്.
ദേശീയപാതാവികസനവും സ്മാര്‍ട് സിറ്റി പൂര്‍ത്തീകരണവുമെല്ലാം പാതിവഴിയില്‍ കിടക്കുന്നത് കേന്ദ്രപദ്ധതികളോടുള്ള ഈ നിഷേധാത്മക സമീപനം മൂലമാണ്. വികസനത്തിന് കേന്ദ്രം തടസം നില്ക്കുന്നു എന്നാണ് സംസ്ഥാനമന്ത്രിമാര്‍ പറയുന്നത്. വാസ്തവത്തില്‍ 2016 മുതല്‍ 2021 വരെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ കേരളസര്‍ക്കാരെടുത്ത കടത്തിന്റെ പകുതി തുക പോലം വിനിയോഗിച്ചിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന 354 പദ്ധതികളാണ് പാതിവഴിയില്‍ കിടക്കുന്നത്. ഇതില്‍ 74 എണ്ണം പൂര്‍ത്തിയായി അഞ്ച് വര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല. ഇത്രയും കോടികള്‍ നഷ്ടപ്പെടുത്തിയവര്‍ കേന്ദ്രം സഹായിക്കുന്നില്ല എന്നു പറഞ്ഞ് വീണ്ടും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി കുറച്ചതിനാല്‍ കേരളം പ്രതിസന്ധിയില്‍ എന്നാണ് ഇപ്പോഴത്തെ വാദം. പതിനഞ്ചാം ധനകാര്യകമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനമാണ് കേരളം. കുത്തഴിഞ്ഞ സാമ്പത്തിക മാനേജ്മെന്റും രാഷ്ട്രീയ നയങ്ങളുമാണ് സംസ്ഥാനത്തെ ഈ നിലയിലെത്തിച്ചത്. മൂന്നേകാല്‍ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. കഴിഞ്ഞ ആറുമാസത്തിനിടെ കേരളസര്‍ക്കാര്‍ ശമ്പളത്തിനും പെന്‍ഷനും മാത്രമായി ചെലവിട്ടത് 40,000 കോടിയാണ്. കഴിഞ്ഞ ഒരു വര്‍ഷം ആകെ ചിലവായത് 37,600 കോടിയായിരിക്കെയാണ് ഇത്ര വലിയ വര്‍ധന. കോവിഡ് പ്രതിസന്ധിയും യുദ്ധവുമെല്ലാം ലോകത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ, രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രീണിപ്പിക്കല്‍ നയങ്ങളാണ് ചെലവില്‍ ഇത്ര വര്‍ധനയുണ്ടാക്കിയത്. റിട്ടയര്‍ ചെയ്യുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയെല്ലാം വന്‍ശമ്പളത്തില്‍ വീണ്ടും നിയമിച്ചും മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് പോലുള്ളവര്‍ക്ക് പെന്ഷന് കൊടുത്തും കേരളത്തിന്റെ വരും തലമുറയെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് സ്വയം മുഖം രക്ഷിക്കനാണ്. ഇന്ധനനികുതിയില്‍ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് വാശിപിടിക്കുന്ന കേരളസര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്.
കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നികുതിയളവ് നല്കുന്നു എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. 2018-19ല്‍ സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലസ്ഥാപനങ്ങള്‍ വരുത്തിവച്ച നഷ്ടം 1,222.06 കോടിയാണ്. കെഎസ്ആര്‍ടിസി, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് തുടങ്ങിയവയെല്ലാമാണ് ഇത്തരത്തില്‍ കോടികള്‍ നഷ്ടം വരുത്തിയവ. പൊതുമേഖലയില്‍ സ്ഥാപനങ്ങള്‍ നിലനിര്‍ത്തണമെന്ന് രാഷ്ട്രീയ പ്രസംഗം നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവ നാടിന് ഇത്തരത്തില്‍ ബാധ്യതയാക്കാതെ കൊണ്ടുനടക്കാനുള്ള ഇച്ഛാശക്തികൂടിയുണ്ടാവണം. കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം കേരളത്തെ താങ്ങിനിര്‍ത്തുന്നത് കേന്ദ്രഫണ്ടുകളാണ് എന്നത് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാകും. 2019-20ല്‍ 11,235 കോടിയാണ് കേരളത്തിന് ഗ്രാന്റായി അനുവദിച്ചതെങ്കില്‍ 2020-21ല്‍ ഇത് 31,049 കോടിയായി ഉയര്‍ത്തി. അതായത് 176 ശതമാനത്തിന്റെ വര്‍ധന. പതിനഞ്ചാം ധനകാര്യകമ്മിഷന് ശിപാര്‍ശകളെ തുടര്‍ന്ന് കേരളത്തിന് അകമഴിഞ്ഞ സാമ്പത്തിക പിന്തുണയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിവരുന്നത്. ഭരണഘടനയുടെ 275-ാം അനുച്ഛേദപ്രകാരം കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ട സാമ്പത്തിക പിന്തുണ പരമാവധി നല്‍കുന്നുണ്ട് കേന്ദ്രസര്‍ക്കാര്‍. പതിനഞ്ചാം ധനകാര്യകമ്മിഷന് 37, 814 കോടിയാണ് കേരളത്തിന് സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ അനുവദിച്ചത്.
കടമെടുപ്പ് പരിധി കടന്നിട്ടും ഈ മാസം 5000 കോടി കടമെടുക്കാന്‍ കേരളത്തെ അനുവദിച്ചതും മറക്കരുത്. രാഷ്ട്രീയ ഭിന്നാഭിപ്രായം രാജ്യപുരോഗതിക്ക് തടസമാവരുത് എന്ന നിര്‍ബന്ധമുള്ള നേതാവാണ് നരേന്ദ്രമോദി. സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളവര്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാം. പക്ഷേ കണക്കുകളും വസ്തുതകളും ഇല്ലാതാക്കാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: