രണ്ടു വര്‍ത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമെന്നു പറയാം ഇന്ന് പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. അതിനാല്‍ ഈ പ്രവേശനോത്സവം സന്തോഷഭരിതമാണ്. രണ്ടായിരത്തി ഇരുപതിലെ പരീക്ഷാക്കാലത്തിനിടെയാണ് കൊവിഡ് മഹാമാരി വിദ്യാലയങ്ങൡലേക്കും കടന്നുവന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അതിനു മുമ്പ് അനുഭവിച്ചിട്ടില്ലാത്ത സ്ഥിതിഗതികളെയാണ് രണ്ടുവര്‍ഷക്കാലം നേരിട്ടത്. സ്കൂളുകളെല്ലാം അടച്ചിട്ടു. പഠനം അതോടെ പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറി. ക്ലാസ്മുറികള് വിദ്യാര്‍ത്ഥികള്‍ക്ക് അന്യമായി. കൊവിഡ് തരംഗങ്ങള്‍ വീശിയടിച്ചപ്പോള്‍ സ്കൂളുകള്‍ തുറക്കുന്നതും പതിവുരീതിയില്‍ പഠനം പുനരാരംഭിക്കുന്നതും എന്നായിരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാതെയായി. കൊവിഡ് വ്യാപനം ശമിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമീകരിച്ചും ബാച്ചുകളായി തിരിച്ചുമൊക്കെ പഠനം ആരംഭിച്ചെങ്കിലും പഴയ ഉല്ലാസം തിരിച്ചുപിടിക്കാനായില്ല. പാഠഭാഗങ്ങള്‍ എങ്ങനെയെങ്കിലും തീര്‍ത്ത് കുട്ടികളെ പരീക്ഷയ്ക്കിരുത്തുക എന്നതിലേക്ക് അധ്യാപനം ചുരുങ്ങി. ഓണ്‍ലൈനായി നടത്തിയ പരീക്ഷകളില്‍ എഴുതിയവരൊക്കെ പാസാവുകയും ചെയ്തു. വിദ്യാലയാന്തരീക്ഷത്തില്‍ ഒരുമിച്ചുകൂടുന്നതിന്റെ സന്തോഷവും, ക്ലാസ്മുറികളിലെ അധ്യാപകരുടെ പരിചരണവും കുട്ടികളില്‍നിന്ന് അകന്നുപോയി. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമൊക്കെയായി കുട്ടികളുടെ ശ്രദ്ധ.
കൊവിഡ് മഹാമാരിയുടെ കരിനിഴലില്‍നിന്ന് ഏതാണ്ട് പൂര്‍ണമായിത്തന്നെ പുറത്തുവരാന്‍ കഴിഞ്ഞതിനാല്‍ ഈ അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരു തുടക്കമാണ്. പഴയതുപോലെ യാത്രചെയ്ത് സ്കൂളിലെത്താം, കൂട്ടുകാരുമായി ഒത്തുചേരാം, അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുമായി ഇടപഴകാം, മഹാമാരി ബാധിച്ചാണോ തങ്ങളുടെ കുട്ടികള്‍ സ്കൂളുകളില്‍നിന്ന് മടങ്ങിവരുന്നതെന്ന ആശങ്ക രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമില്ല. മാരകമായ പുതിയ വകഭേദങ്ങളിലൂടെ കൊവിഡിന്റെ മൂന്നാം തരംഗവും നാലാം തരംഗവുമൊക്കെ വരാന്‍ ഇടയുള്ളതിനാല്‍ ഇത്രവേഗം വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷ ആര്‍ക്കുമുണ്ടായില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ഇപ്പോഴും പൂര്‍ണമായി നീക്കിയിട്ടില്ല. അതിന് സമയമായിട്ടില്ല എന്നാണ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ട് മാസ്ക് ധരിക്കുന്നതുള്‍പ്പെടെ കരുതല്‍ കൈവിടാന്‍ പാടില്ല. പക്ഷേ ക്ലാസ്മുറികളിലെ പഠനം പൂര്‍ണതോതില്‍ പുനരാരംഭിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഈ അധ്യയനവര്‍ഷം അക്ഷരമുറ്റത്തെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാംക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. കൊവിഡ് മൂലം രണ്ടുവര്‍ഷം നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ ചേര്‍ക്കുക പോലുമുണ്ടായിട്ടില്ല.
ഈ അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ ചിന്തിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്ന ഒരു അവകാശവാദം പണ്ടേയുള്ളതാണ്. പക്ഷേ പഠനനിലവാരം എത്രയാണെന്ന പരിശോധനയ്ക്ക് നാം മുതിരാറില്ല. സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ ബഹുമതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ മികവിനെക്കുറിച്ച് ആരും പരിശോധന നടത്താറുമില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ഏറെക്കുറെ കുത്തഴിഞ്ഞ അവസ്ഥയിലാണ്. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് മറ്റ് സംസ്ഥാനങ്ങളിലെയോ രാജ്യങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസ്സുകള്‍ ക്ലാസ്മുറികളാക്കി ആഘോഷിക്കുന്നതുപോലുള്ള പ്രഹസനങ്ങള്‍ അവസാനിപ്പിക്കണം. മാറിയ കാലത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് എല്‍പി, യുപി, ഹൈസ്കൂള്‍ തലങ്ങളില്‍ മികവുറ്റ രീതിയില്‍ പഠനസൗകര്യങ്ങളൊരുക്കാനാണ് ശ്രമിക്കേണ്ടത്. വളര്‍ന്നുവരുന്ന കുട്ടികളില്‍ പൗരബോധം സൃഷ്ടിക്കാനും രാജ്യസ്നേഹം വളര്‍ത്താനുമുള്ള വ്യവസ്ഥാപിതമായ രീതികളുണ്ടാവണം.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റണം. രാഷ്ട്രീയം ഇതിന് തടസമാവാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: