മാവേലിക്കര: എറണാകുളം-കായംകുളം റൂട്ടിലെ ഇരട്ടവരിപ്പാതയിലൂടെ ഇന്നലെ വൈകിട്ട് ചൂളം വിളിച്ച് ട്രെയിനോടിയപ്പോള് സുരക്ഷിത അതിവേഗ യാത്രക്ക് മനസില്‍ ഒരായിരം പച്ചക്കൊടി കാട്ടി അഭിമാനം കൊള്ളുകയാണ് മാവേലിക്കരയിലെ അനില്‍ വിളയില്‍ എന്ന അഭിഭാഷകന്. കായംകുളം-കോട്ടയം- എറണാകുളം റെയില്‍ പാത ഇരട്ട വരിയാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്തി ഇത് പൂര്‍ത്തികരിക്കുമ്പോള്‍ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ റെയില്‍വേക്കൊപ്പം അഹോരാത്രം പ്രയത്നിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.
പതിനഞ്ച് വര്‍ഷത്തിലേറെയായി റെയില്‍വേയുടെ ലീഗല്‍ ഉപദേശകനാണ് ഇദ്ദേഹം. ഇരട്ടപ്പാത വികസനത്തിനായി ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേരില്‍ റെയില്‍വേയ്ക്കുവേണ്ടി നൂറുകണക്കിന് ഭൂ ഉടമകളില്‍നിന്ന് വസ്തു വാങ്ങി രജിസ്ട്രേഷന് നടത്തി നല്‍കിയത് അഡ്വ. അനില്‍ വിളയിലാണ്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം ഏറ്റുമാനൂര്‍ തുടങ്ങി തലയോലപ്പറമ്പുവരെയുള്ള ആയിരത്തോളം ഭൂ ഉടമകളുമായി ബന്ധപ്പെട്ട് സ്ഥലം നേരിട്ടും നിയമപോരാട്ടങ്ങളില്‍ കൂടിയും ഏറ്റെടുത്ത് റെയില്‍വേയ്ക്ക് നല്കി. ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് നാട്ടകം ടണലിന് മുകളിലുള്ള തമിഴ് വംശജരുടെ ക്ഷേത്രഭൂമിയുടെ പേരിലുള്ള കേസായിരുന്നു.
ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അവസാന നിയമ തടസ്സം ഈ ക്ഷേത്ര ഭൂമിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഏഴ് മാസം മുമ്പാണ് കോട്ടയം ജില്ലാ കോടതി റെയില്‍വേക്ക് അനുകൂലമായി തീര്‍പ്പാക്കിയത്. മികച്ച സേവനത്തിന് റയില്‍വേയുടെ ആദരവ് ലഭിച്ചിട്ടുണ്ട്. റെയില്‍വേയുടെ വക്കീല്‍ എന്നതിലുപരി ദേശീയ ജലപാത, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്പ്പറേഷന്, എല്‍ഐസി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: