ന്യൂദല്‍ഹി : മെയ് അഞ്ചിന് രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100 ല്‍ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം കൈവരിച്ച ഈ നേട്ടം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാധ്യതകളില്‍ പുതിയൊരു ആത്മവിശ്വാസം പകരുന്നതാണ്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു.
നമ്മുടെ മൊത്തം യൂണികോണുകളില്‍ 44 ഉം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയവയാണെന്ന് അറിയുമ്പോള്‍ ആശ്ചര്യപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 3- 4 മാസത്തിനുള്ളില്‍ 14 പുതിയ യൂണികോണുകള്‍ കൂടി രൂപീകരിച്ചു. ഇതിനര്‍ത്ഥം ആഗോള മഹാമാരിയുടെ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതാണ്.
ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യുഎസ്എ, യുകെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഏതൊരു ബാറ്റ്സമാന്റെയും സെഞ്ച്വറി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. പക്ഷേ, ഇന്ത്യ മറ്റൊരു ഫീല്‍ഡില്‍ സെഞ്ച്വറി നേടി എന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഒരു യൂണികോണ്‍ അതായത്, കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ ഒരു സ്റ്റാര്‍ട്ട്അപ്പ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യണ്‍ ഡോളറിലധികം, അതായത്, 25 ലക്ഷം കോടി രൂപയിലധികമാണ്. തീര്‍ച്ചയായും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സംരംഭകര്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ നൂതനാശയമുള്ള ഒരാള്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇത് കാണിക്കുന്നു. ഇ- കൊമേഴ്സ്, ഫിന്- ടെക്, എഡ്- ടെക്, ബയോ- ടെക് തുടങ്ങി നിരവധി മേഖലകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകം നവ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുകയാണ്. വരും കാലങ്ങളില്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ലോകത്ത് പുരോഗതിയുടെ ഒരു പുതിയ പറക്കല്‍ കാണാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: