കൗതുകമുണര്‍ത്തുന്നൊരു ഐതിഹ്യവും വിസ്മയിപ്പിക്കുന്ന ശില്പചാതുരിയും കൂടിച്ചേരുന്ന ക്ഷേത്രമാണ് മധ്യപ്രദേശിലെ മുറൈന ജില്ലയിലുള്ള കകന്‍മഠ് ശിവക്ഷേത്രം. കഛപ്ഗത് രാജാവായിരുന്ന കീര്ത്തിരാജയുടെ പത്നി കകന്വതിയുടെ സ്വപ്നസാഫല്യമായിരുന്നു ഈ ക്ഷേത്രമെന്നു പറയപ്പെടുന്നു.
ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണ വൈഭവമാണ് അതിശയിപ്പിക്കുന്നത്. 100 അടി പൊക്കത്തിലുള്ള ശിഖരത്തോടു കൂടിയ ക്ഷേത്രം പടുത്തുയര്ത്തിക്കുന്നത് കല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിമന്റു പോലുള്ള സാമഗ്രികളൊന്നുമില്ലാതെയാണ്. ഒന്നിനു മീതെ ഒന്നായി പ്രത്യേക അനുപാതങ്ങളില്‍ ചേര്‍ത്തു വച്ച കല്ലുകള്‍. അടര്‍ന്നു വീഴുമെന്ന പ്രതീതിയുണര്‍ത്തുന്ന ചുമരുകള്‍. ഉപക്ഷേത്രങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും അവയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയിരിക്കുന്നത്. എന്നാല്‍ പ്രധാനക്ഷേത്രം ഇപ്പോഴും ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ച് നിലകൊള്ളുന്നു.
ശക്തമായ ഭൂകമ്പങ്ങളെയെല്ലാം അതിജീവിച്ച ക്ഷേത്രമാണെങ്കിലും അതിന്റെ നിര്‍മിതി പക്ഷേ അപൂര്‍ണമാണ്. അതിനു പിറകില്‍ പ്രദേശവാസികള്‍ക്ക് പറയാനൊരു ഐതിഹ്യമുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പണിതത്രെ ഈ ക്ഷേത്രം. സൂര്യനുദിക്കും മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. പക്ഷേ നേരം വെളുക്കുമ്പോഴേയ്ക്കും മിനുക്കു പണികള്‍ അല്പം കൂടി ബാക്കിയിരുന്നു. വെളുപ്പിന് പരിസരത്ത് മനുഷ്യരെ കണ്ടതോടെ ഭൂതഗണങ്ങള്‍ അവിടം വിട്ടുപോയെന്നാണ് കഥ. ക്ഷേത്രനിര്‍മിതിക്ക് ഉപയോഗിച്ച കല്ലുകള്‍ ഇപ്പോഴും ആ പരിസരത്തെങ്ങും ലഭ്യമല്ല. എവിടെ നിന്ന് അവ കൊണ്ടുവന്നു എന്നതും അജ്ഞാതം. ഖജൂരാഹോ ക്ഷേത്രമാതൃകയിലാണ് ഇതിന്റെ രൂപകല്പന.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: