(ഗായത്രീയജ്ഞത്തിന്റെ പ്രയോജനവും ആവശ്യവും)
മനുഷ്യന് യജ്ഞഭാവനയുമായി, തന്നെ അനുബന്ധിച്ചില്ലായിരുന്നുവെങ്കില് സഹകരണവൃത്തി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ തന്റെ ശാരീരികമായ ശേഷിക്കുറവും ദൗര്‍ബല്യവും നിമിത്തം മറ്റു മൃഗങ്ങളുമായുള്ള ജീവിതമത്സരത്തില്‍ എത്രയോ മുമ്പേ അവന്റെ അസ്തിത്വം തന്നെ ഇല്ലാതായേനേ. അവന് ഇന്നേവരെ എത്ര പുരോഗതി നേടിയോ, അതെല്ലാം യജ്ഞഭാവനയാകുന്ന മാദ്ധ്യമം മുഖേനയാണ്. ഇനിമേലിലും പുരോഗതി നേടണമെങ്കില്‍ അതിന്റെയും അടിസ്ഥാനം ഇതേ ഭാവനതന്നെ ആയിരിക്കും.
പ്രകൃതിയുടെ സ്വഭാവം തന്നെ യജ്ഞാനുസൃതമാണ്. സമുദ്രം തന്റെ ജലം മേഘങ്ങള്‍ക്കു ഉദാരമായി നല്കുന്നു. മേഘങ്ങള്‍ അതിനെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുമന്നുകൊണ്ടുപോകാനും വര്‍ഷിക്കാനുമുള്ള അദ്ധ്വാനം വഹിക്കുന്നു. തോടുകളും പുഴകളും അതിനെ ഒഴുക്കിക്കൊണ്ടുനടന്ന് ഭൂമിയെ നനയ്ക്കുകയും പ്രാണികളുടെ ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങളും സസ്യങ്ങളും തങ്ങളുടെ അസ്തിത്വത്തിന്റെ പ്രയോജനം അന്യര്‍ക്കു നല്കുന്നു. പുഷ്പങ്ങളും ഫലങ്ങളും അന്യര്‍ക്കുവേണ്ടി ജീവിക്കുന്നു. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, വായു മുതലായവയുടെയെല്ലാം പ്രവര്‍ത്തനനിരത തങ്ങളുടെ പ്രയോജനത്തിനു വേണ്ടിയല്ല, പ്രത്യുത അന്യര്‍ക്കു വേണ്ടിയാണ്.
ശരീരത്തിലെ ഓരോ അവയവവും സ്വന്തം ആവശ്യത്തിനു വേണ്ടിയല്ല, മൊത്തം ശരീരത്തിന്റെ പ്രയോജനത്തിനു വേണ്ടിയാണ് അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ എവിടെ നോക്കിയാലും ഈ ലോകത്തില്‍ എന്തെല്ലാം സ്ഥായിയായ വ്യവസ്ഥകളുണ്ടോ അതെല്ലാം യജ്ഞവൃത്തിയില് അധിഷ്ഠിതമാണെന്നു ബോദ്ധ്യമാകും. ഈ ഏര്‍പ്പാട് മാറ്റിവെയ്ക്കുക ആണെങ്കില്‍ എല്ലാ സൗന്ദര്യവും വൈരൂപ്യമായിട്ടും എല്ലാ പുരോഗതിയും വിനാശമായിട്ടും പരിണമിക്കും. യജ്ഞംതന്നെയാണ് ഈ സംസാരചക്രത്തിന്റെ അച്ചുതണ്ട് എന്നാണ് ഋഷിമാര്‍ പറഞ്ഞിരിക്കുന്നത്. അച്ചുതണ്ട് പൊട്ടിയാല്‍ വണ്ടിക്ക് മുമ്പോട്ട് നീങ്ങാനാവില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: