ദാവോസ്: പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ബജാജ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായിരുന്ന അന്തരിച്ച രാഹുല്‍ ബജാജിനെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ അനുസ്മരിച്ചു.
ഇന്ത്യയിലെ വ്യവസായ വാണിജ്യ മേഖലകളിലെ വളര്‍ച്ചയും വികസനവും ആഗോള തലത്തിലെത്തിക്കുന്നതില്‍ രാഹുല്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് ലോക സാമ്പത്തിക ഫോറം ചെയര്മാന് ക്ലോസ് ഷ്വാബ് പറഞ്ഞു. കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി ദാവോസ് സാമ്പത്തിക ഫോറത്തിലെ സ്ഥിരം സാന്നിധ്യമായ രാഹുല്‍ ബജാജ് നേതൃത്വം നല്കിയ ബജാജ് ഗ്രൂപ്പ് ഇന്ത്യന്‍ വ്യവസായ രംഗത്ത് നല്കിയ സംഭാവനകള്‍ ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തലവന്മാര്, ആഗോള സിഇഒ മാര്‍, ഇന്ത്യന്‍ പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്യാന്‍ രാഹുല്‍ ബജാജ് നിന്നിരുന്ന അതേ വേദിയിലായിരുന്നു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. രാഹുജ് ബജാജിന്റെ മകനും ബജാജ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാനുമായ സഞ്ജീവ് ബജാജായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. രാഹുല്‍ ബജാജ് ദാവോസില്‍ എത്തിയപ്പോള്‍ എടുത്ത് ചിത്രങ്ങളും മറ്റും കൊണ്ട് വേദി അലങ്കരിച്ചിരുന്നു. രാഹുലും ക്ലോസ് ഷ്വാബും തമ്മിലുള്ള സൗഹൃദമാണ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായ പ്രമുഖരുടെ സംഗമ വേദിയില്‍ ഇന്ത്യയെ സ്ഥിരം സാന്നിധ്യമാകുന്നതിന് കാരണമായത്.
വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: