കൊച്ചി : വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജ് ഇന്ന് ജയിലില്‍ തന്നെ തുടരും. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നും വിവരം ശേഖരിക്കണമെന്നും മറുപടി നല്കാന് സമയം വേണമെനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റിവെച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നാണ് പി.സി. ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കുക. നിലവില്‍ കേസില്‍ അറസ്റ്റിലായ അദ്ദേഹത്തെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പി.സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നും പോലീസ് കസ്റ്റഡിയില്‍ വിട്ടു തരണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
എന്നാല്‍ പ്രസംഗത്തിന്റെ വീഡിയോ റെക്കോര്‍ഡുകള്‍ കയ്യിലുണ്ടല്ലോയെന്ന് ചോദിച്ച കോടതി, വിദ്വേഷ പ്രസംഗത്തില്‍ ഒരാളെ കസ്റ്റഡിയില്‍ വെച്ച് എന്താണ് പോലീസിന് ഇനി ചെയ്യാന്‍ ഉള്ളതെന്നും ചോദിച്ചു. പോലീസില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കാനുണ്ട് വിവരങ്ങള്‍ ലഭിച്ച ശേഷം മാത്രമേ ഇതിന് മറുപടി നല്കാന് സാധിക്കൂവെന്നും പ്രോസിക്യൂഷന് കോടതിയില്‍ അിറിയിച്ചു. അതേസമയം കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്കി.
നിലവില്‍ പൂജപ്പുര ജയിലിലാണ് പി.സി. ജോര്‍ജിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായി ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. ബുധനാഴ്ച വൈകിട്ട് കൊച്ചിയില്‍ വെച്ചാണ് ഫോര്‍ട്ട് പോലീസ് പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പി.സി.ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും ആരോപിക്കുന്നുണ്ട്. കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: