ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പ്രത്യേക പരിശീലനം നല്‍കിയെന്ന് കണ്ടെത്തല്‍. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുട്ടിക്ക് പരിശീലനം നല്‍കിയാണ് റാലിയില്‍ മുദ്രാവാക്യം വിളിപ്പിച്ചത്. കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാനായിരുന്നു ശ്രമമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയതിലും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കും.
കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ പോപുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി. ഇതിനായി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവാദമായത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍ അന്‍സാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: