കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.5 ലക്ഷം പിഴയും വിധിച്ചു. മൂന്നു വകുപ്പുകളിലായി 18 വര്‍ഷം തടവാണ് വിധിച്ചതെങ്കിലും പ്രതി ഇത് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിക്കുകയായിരുന്നു. പിഴത്തുകയില്‍ 2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
ഐപിസി 304 പ്രകാരം 10 വര്‍ഷം തടവ്, ഐപിസി 304 പ്രകാരം- 10 വര്‍ഷം, ഐപിസി 498 പ്രകാരം 2 വര്‍ഷവുമാണ് ശിക്ഷ.
കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിത്തിന്റേതാണ് വിധി. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടണ്ടെന്നും വേറെ ആരും നോക്കാനില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, പ്രതി ശിക്ഷയില്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും രാജ്യം ആകെ ശ്രദ്ധിക്കുന്ന കേസാണ് ഇതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി വിദ്യാസമ്പന്നനാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു, എന്നിട്ടു പോലും താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിക്കാന്‍ പ്രതി തയാറായില്ലെന്നും പ്രോസിക്യൂഷന്‍ ശിക്ഷാ വിധി സംബന്ധിച്ച വാദത്തില്‍ ഉന്നയിച്ചു. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ടിവിയിലൂടെയാണ് വിധി വിവരം വിസ്മയയുടെ അമ്മ സജിത അറിഞ്ഞത്. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍.
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്നും കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച ഉത്തരവിറക്കിയിരിക്കുന്നു. കിരണ്‍ കുമാറിനെതിരെ പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളും ശരിവെച്ച കോടതി ഐപിസി 506, 323 വകുപ്പുകള്‍ തള്ളിക്കളഞ്ഞിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ ഇന്നലെ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമര്‍ത്ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: