പി.ആര്. ശിവശങ്കര്‍
വിശ്വാസത്തിലെടുക്കാനാവില്ലെങ്കില് ചിന്താകുഴപ്പത്തിലാക്കി മുതലെടുക്കുക എന്നൊരു അടവു നയമുണ്ട്. അത് ഏറ്റവും വിദഗ്ധമായി നടപ്പാക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അവരുടെ ആദര്‍ശപുരുഷനായ ഇഎംഎസ് നമ്പൂതിരിപ്പാടുതന്നെ ഇതിന്റെ ആശാനായിരുന്നു. ഇതേ അടവാണ് ഇന്നത്തെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എളുപ്പം പിടികിട്ടാത്ത കണക്കുകള്‍ നിരത്തി ജനത്തെ കണ്‍ഫ്യൂഷനിലാക്കി സ്വയം മിടുക്കനാകാനാണ് ശ്രമം. കഴിഞ്ഞ ദിവസം ഈ മന്ത്രി അടിവരയിട്ടു പറഞ്ഞൊരു കാര്യം ശ്രദ്ധിക്കൂ:’വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്ക് മറ്റു നാടുകളെ ആശ്രയിക്കുന്ന സംസ്ഥാനത്തിനാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നതാണ് പ്രത്യേകത.’
പിന്നാലെ കുറേ കണക്കുകളും നിരത്തി. എന്താണ് യാഥാര്‍ത്ഥ്യമെന്ന് നോക്കാം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ, മെയ് 12-ാം തിയ്യതിയിലെ പത്രക്കുറിപ്പാണ് ഈ നുണപ്രചാരണത്തിന് ആധാരം. വിലക്കയറ്റം രൂക്ഷമാകുന്ന രാജ്യത്ത് നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയില്‍ 5.1 ശതമാനമായി ( കേന്ദ്ര സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ 5.8 ശതമാനം) തളച്ചതാണത്രേ കേരള സര്‍ക്കാരിന്റെ നേട്ടം. യഥാര്‍ത്ഥത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ വിശദമായ പത്രക്കുറിപ്പില്‍ പറയുന്നത് 2021 ഏപ്രില്‍ മാസത്തേയും 2022 ഏപ്രില്‍ മാസത്തേയും തമ്മിലുള്ള വാര്‍ഷിക വിലക്കയറ്റത്തിന്റെ തോത് മാത്രമാണ്. ഓരോ വര്‍ഷവും ഏപ്രില്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെയുള്ള കാലത്തെ വില വര്‍ധനയുടെ കണക്കാണ് ഇതിന്റെ അടിസ്ഥാനം. സത്യത്തില്‍ 2021 ഏപ്രിലില്‍ത്തന്നെ കേരളത്തില്‍ സാധനങ്ങളുടെ വില മറ്റു മിക്ക സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഏറെ ഉയര്‍ന്നു നിന്നിരുന്ന കാര്യം മന്ത്രി മറച്ചു വച്ചു. ആ കൂടിയ നിലയില്‍ നിന്ന് 2022 ഏപ്രില്‍ മാസം വരെയുള്ള വര്‍ധനവിന്റെ ശരാശരി മാത്രം കാണിച്ചാണ് ചെപ്പടി വിദ്യ നടത്തുന്നത്. സത്യത്തില്‍ 2022 ല്‍ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളൊഴികെ എല്ലായിടത്തും വില കേരളത്തിലേതിനേക്കാള്‍ വളരെ താഴെയാണ്.
അതായത്, കേരളത്തില്‍ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 50 രൂപയായിരുന്ന അരിക്ക് ഈ വര്‍ഷം 60 രൂപ ആയിട്ടുണ്ടെകില്‍ വര്‍ധനവ് 10 രൂപ മാത്രമല്ലേ എന്നാണ് മന്ത്രിയുടെ ന്യായം. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ സംസ്ഥാനത്തെ അരിയുടെ വില മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ആണെങ്കില്പ്പിന്നെ ഈ വാദത്തിനെന്തര്ഥം? ഉദാഹരത്തിനു മറ്റു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം 30 രൂപയും കേരളത്തില്‍ അത് 50 രൂപയുമായിരുന്നെങ്കില്‍ ഈ വിലക്കയറ്റം പിടിച്ചുകെട്ടിയെന്ന അവകാശവാദം എത്ര തട്ടിപ്പായിരിക്കും? മറ്റുള്ളവര്‍ 30 രൂപയില്‍ നിന്ന് 45ലേയ്ക്കു കയറിയെന്നു കണക്കാക്കിയാല്‍, കേരളം 50 ല്‍ നിന്നാണ് അറുപതിലേയ്ക്കു കയറിയത് എന്ന് ഓര്‍ക്കണം. കണക്കിലെ കളികൊണ്ട് ഇക്കാര്യം മറച്ചുപിടിക്കുകയാണ് മന്ത്രി.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നല്കിയ പത്രക്കുറിപ്പില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം (2021)ഏപ്രില്‍ മാസത്തെ ഇന്റക്സില്‍ കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ വിലക്കയറ്റ സൂചിക നല്‍കിയിട്ടുള്ളത് 168.1 എന്നാണ്. അതാണ് വര്‍ധിച്ച് 176.2 ആയത്. അത് വിലക്കയറ്റ ശതമാനത്തില്‍ കണക്കാക്കുമ്പോള്‍ 4.82 എന്നത് ശരിയാണ്. അതുപോലെതന്നെ നഗരത്തിലെ സൂചിക 2021 ല്‍ 165.7 എന്നത് വര്‍ധിച്ച് 175 ആയി എന്നത് ശതമാനക്കണക്കില്‍ 5.61 എന്നാണ് നല്‍കിയിട്ടുള്ളത്. ഇതു രണ്ടും സംയോജിപ്പിച്ചുള്ള കണക്കിലാണ് കഴിഞ്ഞ വര്‍ഷത്തിലേത് 167.3 ഉം 2022 ലേത് 175.8 ആയിട്ടും ശതമാനം 5.08 എന്നു നല്‍കിയിട്ടുള്ളത്. ഇതേ പേജില്‍ നല്‍കിയിട്ടുള്ള മറ്റുസംസ്ഥാനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ഗ്രാമീണ മേഖലയിലെ വിലസൂചികയില്‍ ഏറ്റവും ഉയര്‍ന്ന സൂചിക കേരളത്തിന്റേതാണ് എന്നതാണ് മറച്ചുവയ്ക്കപ്പെട്ടത്. അതില്‍ 2022 ലെ കണക്ക് പ്രകാരം ബീഹാര്‍, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ 165 എന്ന ഏറ്റവും കുറഞ്ഞ സൂചികയിലും ദല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവ അതിലും താഴെ 162/163 എന്ന പോയിന്റിലും നില്ക്കുന്നു. ഇതില്‍ത്തന്നെ ഗ്രാമീണ-നഗര മേഖലയിലെ സംയോജിപ്പിച്ചുള്ള കണക്കില്‍ ഗുജറാത്തിന്റേത് 2021 ലെ കണക്കുപ്രകാരം 151.1 എന്ന ഏറ്റവും കുറഞ്ഞ നിരക്കാണ്.
ഈ വര്‍ഷത്തെ വിലക്കയറ്റത്തില്‍ വിലനിലവാരം കൂടിയപ്പോള്‍ ശതമാനക്കണക്ക് കൂടിയെങ്കിലും യഥാര്‍ത്ഥ വില മറ്റിടങ്ങളില്‍ കേരളത്തിന്റേതില്‍ നിന്നു വളരെ കുറവുതന്നെയാണ്. സംയോജിപ്പിച്ചുള്ള കണക്കില്‍ കേരളം 175.8 എന്ന സൂചികയില്‍ നില്ക്കുമ്പോള് ഇതിനു മുകളില്‍ വിലക്കയറ്റമുള്ള സംസ്ഥാനങ്ങള്‍ തെലുങ്കാന (177.7) പശ്ചിമ ബംഗാള്‍ (180.02) എന്നിവ മാത്രമാണ്. അതായത് ഇപ്പോഴും കേരളത്തേക്കാള്‍ വിലകുറച്ചു ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന സംസ്ഥാനങ്ങളെ ചെറുതാക്കി കാണിച്ചാണ് കേരളം വിലക്കയറ്റം പിടിച്ചുനിര്‍ത്തി എന്ന് ശതമാനക്കണക്ക് നിരത്തി സമര്‍ത്ഥിക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നത്. ഗുജറാത്തും ഹരിയാനയും ഹിമാചല്പ്രദേശുമടക്കം പല സംസ്ഥാനങ്ങളും ഇപ്പോഴും കേരളത്തിന്റെ 2021ലെ സൂചികയേക്കാള്‍ (167.03) കുറഞ്ഞ 162ലും 163ലും വില നിലവാരം പിടിച്ചുനിര്‍ത്തുമ്പോഴാണ് പൊള്ളയായ ഈ അവകാശവാദം.
എന്നാല്‍ കേരള സര്‍ക്കാരിന്റെ പൊതുവിപണി വില അവലോകനം എന്ന പേരില്‍ ഇറക്കുന്ന പ്രസിദ്ധീകരണത്തില്‍ ഇങ്ങനെ പറയുന്നു. ‘കേരളത്തില്‍ പൊതുവിപണിയില്‍ വില്‍പ്പനക്കായി വരുന്ന സാധനങ്ങളില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവയാണ്. ആയതിനാല്‍ വില നിയന്ത്രണത്തില്‍ പലപ്പോഴും സംസ്ഥാനത്തിന് നിയന്ത്രിക്കാനാവാത്ത പല ഘടകങ്ങളും ഉണ്ടാവുന്നു. കാലാവസ്ഥാ വ്യതിയാനം, സമരങ്ങള്‍, ഇന്ധന വില വര്‍ധന, സംസ്ഥാനന്തര ബന്ധങ്ങള്‍, ഇതര സംസ്ഥാന വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ കേരളത്തിലെ വിപണി വിലയെ സ്വാധീനിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ വിപണി വില നിയന്ത്രിച്ചു നിര്‍ത്തുക എന്നത് ശ്രമകരമായ ഒരു ജോലിയായി മാറുന്നു.
ഇതിന്റെ വ്യംഗ്യാര്‍ത്ഥം പൊതുവിപണിയെ, നാമമാത്രമായി നടക്കുന്ന മാവേലി സ്റ്റോറിലൂടെയോ സപ്ലൈകോയിലൂടെയോ നിയന്ത്രിക്കാന്‍ പറ്റില്ലെന്നുതന്നെയാണല്ലോ. യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു വിപണി അവലോകനത്തില്‍ പറഞ്ഞതുപോലെ മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. മേല്‍ക്കാണിച്ച കണക്കുകളില്‍ നിന്ന് മനസ്സിലാകും കേരളത്തിലെ വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ തോത്. ഈ കണക്കുകള്‍ കയ്യില്‍ ഉണ്ടായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കിലെ ശതമാന വ്യത്യാസം മാത്രം വച്ച് കേരളം നമ്പര്‍ വണ്‍ ആണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: