മാതൃഭാഷാ അക്ഷരമാല പഠിപ്പിക്കണോ എന്നതിനെക്കുറിച്ച് മറ്റൊരു സംസ്ഥാനവും ഇത്രയേറെ ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. സ്കൂളുകളില്‍ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ലെന്ന് പലരും അറിഞ്ഞതുതന്നെ അടുത്ത കാലത്താണ്. അതോടെ വിവാദങ്ങള്‍ക്ക് ചൂടേറി. ഭാഷാപണ്ഡിതരുടെയും ഭാഷാസ്നേഹികളുടെയും സമ്മര്‍ദ്ദം ശക്തമായതോടെ അക്ഷരമാല സ്കൂള്‍ പാഠപു
സ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. അതെന്ന് പ്രാവര്‍ത്തികമാകുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
പരിഷ്കരിച്ച ലിപിയും അക്ഷരമാലയും അധ്യയനവര്‍ഷം മുതല്‍ പഠിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഈ അധ്യയനവര്‍ഷം കിട്ടുന്ന പാഠപു
സ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും അറിയിച്ചിരുന്നു. നല്ല കാര്യം. പക്ഷേ, അക്ഷരമാല ഏതു ക്ലാസില്‍, എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. ഒന്നാം ക്ലാസിലെ മൂന്നാം ഭാഗത്തിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്പ്പെടുത്തുമത്രെ. വരും വര്‍ഷങ്ങളില്‍ മറ്റ് പുസ്തകങ്ങളിലും അക്ഷരമാല ചേര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അക്ഷരമാലാ പഠനത്തിന് ക്ലാസ് പരിധി നിശ്ചയിച്ചിട്ടില്ലെന്നാണോ മനസ്സിലാക്കേണ്ടത്? താഴ്ന്ന ക്ലാസുകളിലെ പാ
ഠപുസ്തകങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് അക്ഷരമാല ചേര്‍ത്തതുകൊണ്ട് മാത്രം ലക്ഷ്യം സാധിക്കില്ല. കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ത്തന്നെ അക്ഷരമാല പഠിച്ചുറപ്പിക്കാന് സഹായകമാകുന്ന പരിഷ്കാരമാണു വേണ്ടത്. അക്ഷരമാല ഉള്‍പ്പെടുത്തിയ പാഠപുസ്തകങ്ങള്‍ അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ കുട്ടികള്‍ക്കു ലഭിക്കുമോ എന്നറിയില്ല.
ഭാഷാമാര്ഗനിര്ദ്ദേശകസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് സ്കൂള്‍ പുസ്തകങ്ങളില്‍ ഉള്പ്പെടുത്തുകയെന്നറിയുന്നു. അക്ഷരങ്ങളുടെ എണ്ണം, പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട അക്ഷരങ്ങള്‍ എന്നിവയെക്കുറിച്ചും തര്‍ക്കങ്ങളുണ്ട്. ഇവയെല്ലാം അക്ഷരമാലാ പഠനത്തെ ബാധിക്കാതിരുന്നാല് നന്ന്.
വാര്‍ത്തകളില്‍നിന്ന്:
പച്ചക്കറി കര്‍ഷകരുടെ അനുഗ്രഹീത ശാസ്ത്രജ്ഞന്
‘അനുഗൃഹീത’ ശരി.
‘പച്ചക്കറിക്കര്‍ഷകരുടെ’ എന്ന് ചേര്‍ത്തെഴുതുന്നതാണ് ഉചിതം.
”കേരളത്തില്‍ ശാസ്ത്രീയ പച്ചക്കറിക്കൃഷി വ്യാപകമാക്കുന്നതിലും ജനകീയമാക്കുന്നതിനും പ്രധാന പങ്കു വഹിച്ചു.”
”…വ്യാപകമാക്കുന്നതിലും ജനകീയമാക്കുന്നതിലും…” എന്നുവേണം.
”ചെങ്ങോല പാടത്ത് ശുചി മുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.”
”ചെങ്ങോലപ്പാടത്ത്’ എന്നും ‘ശുചിമുറിമാലിന്യം’ എന്നും ചേര്‍ത്തെഴുതണം.
”ഓരോ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷവും ബി.ജെ.പിക്കു മുന്നില്‍ കൂടുതല്‍ ദുര്‍ബലരാകുന്ന കോണ്‍ഗ്രസ്…”
‘ഓരോ തെരഞ്ഞെടുപ്പിനുശേഷവും’ ശരി.
”ശക്തരായ എതിരാളിയോടു മത്സരിക്കാന്‍ തക്ക ഉറച്ച നിലപാടിനോ തീരുമാനത്തിനോ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായിരിക്കുന്നത്.”
”…ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍…” എന്നു വേണം.
”നിര്‍ദ്ദേശങ്ങളില്‍ പലതും പ്രായോഗികമല്ലെന്നും വ്യക്തതയില്ലെന്നുമാണ് പൊ
തുവെ ഉയര്‍ന്ന വികാരം.”
”….പ്രായോഗികമല്ലെന്നും വ്യക്തമല്ലെന്നു”മാണ് വേണ്ടത്.
”പരിഷ്കരിച്ച ലിപിയും അക്ഷരമാലയും ഈ വര്‍ഷം മുതല്‍ സ്കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങും.”
‘മുതല്‍’, ‘തുടങ്ങും’- ഇവയില്‍ ഒന്നുമതി.
‘ഈ വര്‍ഷം പഠിപ്പിച്ചു തുടങ്ങും’, ‘ഈ വര്‍ഷം മുതല്‍ പഠിപ്പിക്കും’ ശരി.
പിന്കുറിപ്പ്:
”ഭൂരിപക്ഷ തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്ന കലാസാഹിത്യ പ്രതിഭകളെ ആദരിക്കുകയും ന്യൂനപക്ഷ തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്ന കലാസാഹിത്യ പ്രതിഭകളെ ആദരിക്കാതിരിക്കുകയും ചെയ്യുന്നു നമ്മുടെ മതേതര രാഷ്ട്രീയക്കാരും സാംസ്കാരിക പ്രഭുക്കളും.”
-ഹമീദ് ചേന്നമംഗലൂര്‍
മതേതരരാഷ്ട്രീയക്കാര്ക്കു വേണ്ടത് ന്യൂനപക്ഷവോട്ട്.
സാംസ്കാരിക പ്രഭുക്കള്‍ക്കു വേണ്ടത് സര്‍ക്കാര്‍ കിറ്റ്.
(അവാര്‍ഡ്, അംഗത്വം, അനധികൃത നിയമനം തുടങ്ങിയവ ഈ സാംസ്കാരിക കിറ്റില്‍ ഉള്‍പ്പെടും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: