ഹര്‍ദീപ്.എസ്.പുരി
(കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ഭവന, നഗരകാര്യ മന്ത്രി)
ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ കൊവിഡ് മഹാമാരിയുടെ ആഘാതത്താല്‍, പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന ലോകക്രമവുമായി പൊരുത്തപ്പെടാന്‍ പരിശ്രമിക്കുകയാണ്. മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് അതിവേഗം തിരിച്ചുവരുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നിരിക്കുന്നു. 2022-23 ല്‍, ആഗോളതലത്തില്‍ തന്നെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന അന്താരാഷ്‌ട്ര നാണ്യനിധിയുടെ ഏറ്റവും പുതിയ വളര്‍ച്ചാ അനുമാനങ്ങളില്‍ ഈ യാഥാര്‍ത്ഥ്യം പ്രതിഫലിക്കുന്നു. ആഗോള വളര്‍ച്ചാനിരക്കായ 3.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ 8.2 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്.
മഹാമാരി സൃഷ്ടിച്ച സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ അവസരമാക്കി മാറ്റാന്‍ ഇന്ത്യക്ക് സാധിച്ചതിന് മോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള സംരംഭങ്ങള്‍ക്ക് നന്ദി പറയണം. അഭൂതപൂര്‍വമായ ഇടപെടല്‍ എന്നു വിശേഷിപ്പിക്കാവുന്ന 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്’ രാജ്യം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര സാമ്പത്തിക പുനരുജ്ജീവനത്തിന്
പദ്ധതിയിടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 80 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ നല്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്; 188 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതിനോടകം വിതരണം ചെയ്തു. സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈന്‍ പദ്ധതിയില്‍ 111 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വരുമാനം കുറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായ സഹായം ലഭ്യമാക്കിയെന്നത് മോദി സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ വ്യക്തമാക്കുന്നു.
ഇറക്കുമതിയെന്ന അമിത ഭാരം
മഹാമാരിയുടെ വ്യാപനം കുറഞ്ഞ ശേഷം, അസംസ്‌കൃത എണ്ണ വിലയില്‍ 500 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടും, ഉക്രൈനിലെ സൈനിക നടപടികള്‍ മൂലമുള്ള ചാഞ്ചാട്ടം നിലനില്ക്കുമ്പോഴും, ഉത്തരവാദിത്ത ഭരണത്തിന്റെയും സഹകരണ ഫെഡറലിസത്തിന്റെയും ധാര്‍മ്മികത സര്‍ക്കാര്‍ പാലിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കുന്ന സാമ്പത്തിക പിന്തുണയില്‍ പ്രതിഫലിക്കുന്നുണ്ട്. പെട്രോളിയം ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയായതിനാല്‍ ഈ മേഖലയില്‍ ഇന്ത്യക്ക് കാര്യമായ ഭാരം ചുമക്കേണ്ടിവരുന്നു.
വിദേശ ആശ്രിതത്വം കുറയ്‌ക്കാന്‍ അതിവേഗം പുനരുപയോഗ ഊര്‍ജ്ജ ശേഷി വര്‍ധിപ്പിക്കുമ്പോഴും, ഇന്ത്യയില്‍ പ്രതിദിനം ആറ് കോടിയിലധികം പൗരന്മാരാണ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍, ഇന്ത്യ ഒരു ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതു വരെ, ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ആവശ്യം ഇതിലും കൂടാനാണ് സാധ്യത. ഈ പശ്ചാത്തലത്തില്‍, ഉപഭോക്താവിന്റെ ഭാരം കുറയുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ സമാനദിശയിലാണോ ചലിക്കുന്നതെന്നും ചിന്തിക്കണം.
മോദി ഭരണകാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില പിടിച്ചു നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. 2021 ഏപ്രിലിനും 2022 ഏപ്രിലിനും ഇടയില്‍, ഇന്ത്യ (16 ശതമാനം) യുഎസ്എ (50.6 ശതമാനം), കാനഡ (50.7 ശതമാനം), ജര്‍മ്മനി (50 ശതമാനം), യുകെ (58.9 ശതമാനം), ഫ്രാന്‍സ് (33 ശതമാനം) എന്നിങ്ങനെയാണ് പെട്രോള്‍ വില വര്‍ധന. വിലക്കയറ്റത്തില്‍ സമാനമായ വ്യത്യാസങ്ങള്‍ ഡീസലിനും നിരീക്ഷിക്കപ്പെടുന്നു; പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വര്‍ധന ഇന്ത്യയിലാണ്.
2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പെട്രോളിന്റെ വില വര്‍ധനവ് 36 ശതമാനം ആണെന്ന് (ലിറ്ററിന് 77 രൂപയില്‍ നിന്ന് 105 രൂപ) ആഭ്യന്തര വിലക്കയറ്റത്തിന്റെ ചരിത്രപരമായ വിശകലനം വ്യക്തമാക്കുന്നു. കഴിഞ്ഞ 42 വര്‍ഷത്തെ വിവിധ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴ്ന്നതാണിത്: 2007-14 കാലയളവില്‍ 60 ശതമാനം (48 രൂപയില്‍ നിന്ന് 77 രൂപ); 2000-2007 കാലയളവില്‍ 70 ശതമാനം (28 രൂപയില്‍ നിന്ന് 48 രൂപ); 1993-2000 കാലഘട്ടത്തില്‍ 55ശതമാനം (18 രൂപയില്‍ നിന്ന് 28 രൂപ); 1986- 1993 കാലഘട്ടത്തില്‍ 125ശതമാനം (8 രൂപയില്‍ നിന്ന് 18 രൂപ); 1979-1986 കാലഘട്ടത്തില്‍ 122 ശതമാനം (3.6 രൂപയില്‍ നിന്ന് എട്ടു രൂപ); 1973-79 കാലഘട്ടത്തില്‍ 140 ശതമാനം (1.25 രൂപയില്‍ നിന്ന് മൂന്ന് രൂപ).
തീരുവ കുറയ്‌ക്കാതെ സംസ്ഥാനങ്ങള്‍
2010 ല്‍ പെട്രോളിന്റെയും 2014ല്‍ ഡീസലിന്റെയും വില നിയന്ത്രണം എടുത്തുകളഞ്ഞത് കാലാന്തരത്തില്‍ വിപണിയെ സ്വാധീനിച്ചു. മഹാമാരി സൃഷ്ടിച്ച വരുമാനക്കമ്മി നിലനില്ക്കുമ്പോഴും, മോദി സര്‍ക്കാര്‍ 2021 നവംബറില്‍ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും, ഡീസല്‍ ലിറ്ററിന് 10 രൂപയും എക്‌സൈസ് തീരുവ കുറച്ചു. മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറയ്‌ക്കാന്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും തയ്യാറായിട്ടുണ്ടെങ്കിലും, മഹാരാഷ്‌ട്ര, തമിഴ്നാട്, ഝാര്‍ഖണ്ഡ് തുടങ്ങിയ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാരുകള്‍ അമിതഎക്‌സൈസ് തീരുവ ചുമത്തുന്നത് തുടരുന്നു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷം ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്നത് രസകരമാണ്.
ചുവടെയുള്ള കണക്കുകള്‍ ഈ അസമത്വം വെളിപ്പെടുത്തുകയും വ്യക്തമാക്കുകയും ചെയ്യും:
- മഹാരാഷ്‌ട്ര 26% ലിറ്ററിന് 10.12 രൂപ
- രാജസ്ഥാന്‍ 31% ലിറ്ററിന് 1.5 രൂപ
- കേരളം 30% ലിറ്ററിന് 1 രൂപ
- ആന്ധ്രാപ്രദേശ് 31% ലിറ്ററിന് 5 രൂപ
- തെലങ്കാന 35%
- പശ്ചിമ ബംഗാള്‍ 25% ലിറ്ററിന് 13 രൂപ
മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിലൂടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഇരട്ടി വരുമാനം നേടുന്നു.
വിമാന ഇന്ധനം (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) പോലുള്ള മറ്റ് പ്രധാന പെട്രോളിയം ഉത്പന്നങ്ങളിന്മേല്‍, മഹാരാഷ്‌ട്രയും ദല്‍ഹിയും 25 ശതമാനം വരെ വാറ്റ് ഈടാക്കുന്നത് തുടരുന്നു, അതേസമയം ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ വാറ്റ് അഞ്ച് ശതമാനം മാത്രമാണ്. വ്യോമഗതാഗതത്തില്‍, പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനം വരെ വിമാന ഇന്ധന ചെലവ് ആണെന്നതിനാലും, ഈ ചെലവ് ഏതാണ്ട് പൂര്‍ണ്ണമായും വിമാന യാത്രക്കാര്‍ക്ക് കൈമാറുന്നതിന്നാലും ഇത് അധിക ഭാരം ഉണ്ടാക്കുന്നു.
വിരോധാഭാസമെന്നു പറയട്ടെ, മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ പലതും മദ്യത്തിനും സ്പിരിറ്റിനുമുള്ള നികുതി വെട്ടിക്കുറയ്‌ക്കാന്‍ അല്പം പോലും സമയം പാഴാക്കിയില്ല. 2021 നവംബറില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇറക്കുമതി ചെയ്ത മദ്യത്തിന്റെ എക്‌സൈസ് തീരുവ 300 ശതമാനത്തില്‍ നിന്ന് 150 ശതമാനമായി കുറച്ചു. അതേ മാസം, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മദ്യത്തിന്റെ മൂല്യവര്‍ധിത നികുതി 130 ശതമാനം മുതല്‍ 190 ശതമാനത്തില്‍ നിന്ന് 35 ശതമാനം മുതല്‍ 60 ശതമാനം വരെ കുറച്ചു. നേരത്തെ, 2021 ഏപ്രിലില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ബിയറിന്റെ അധിക എക്‌സൈസ് തീരുവ 34 ല്‍ നിന്ന് 31 ശതമാനമായി കുറച്ചിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ദീര്‍ഘകാല ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതെന്ന് പ്രതിപക്ഷം ഓര്‍ക്കണം. 2005-12 കാലയളവില്‍ 1.44 ലക്ഷം കോടി രൂപയുടെ ബോണ്ടുകളാണ് ഇറക്കിയത്. യുപിഎ കാലത്തെ ഈ എണ്ണ ബോണ്ടുകള്‍ക്കായി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 3.2 ലക്ഷം കോടി രൂപ നീക്കി വയ്‌ക്കേണ്ടതുണ്ട്. എണ്ണ പര്യവേക്ഷണവും ഉത്പാദനവും നിലച്ചതിന് കാരണമായ ലൈസന്‍സ് നിര്‍ത്തലാക്കലിന് ഉത്തരവാദിയും യുപിഎ ഭരണകൂടമാണ്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാക്കിയ ദീര്‍ഘകാല പരാജയങ്ങള്‍ക്ക് ശേഷം,വിലക്കയറ്റത്തെക്കുറിച്ച് വിലപിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടി അവിശ്വസനീയമാണ്. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം തുറന്നു കാണിക്കേണ്ട ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ പ്രചാരണത്തില്‍ വീണു പോയി എന്നതാണ് അതിലും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
രാഷ്‌ട്രനിര്‍മ്മാണത്തിന്റെ കൂട്ടായ ദൗത്യത്തില്‍ പാരസ്പര്യത്തിന്റെ ഒരു മിതമായ സമീപനമാണ് നാം പ്രതീക്ഷിക്കുന്നത്. ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ വഴി നികുതി വരുമാനത്തിന്റെ 42 ശതമാനം വിഹിതവും, ജിഎസ്ടി വരുമാനത്തില്‍ നിന്ന് കൂടുതല്‍ വിഹിതവും, കൂടുതല്‍ ജിഎസ്ടി നഷ്ടപരിഹാരവും ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നടപടികളിലൂടെ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം പിന്തുണച്ചിട്ടുണ്ട്. സംസ്ഥാന വികസന വായ്പകള്‍ മുഖേന ഒരു ലക്ഷം കോടിയിലധികം രൂപയുടെ പലിശ രഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സുകളും സ്പെഷ്യല്‍ ഡ്രോയിംഗ് ഫെസിലിറ്റി വായ്പകളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതിയായി 15.16 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തത്.
ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ വിമുഖത കാണിക്കുന്നു. ഒരു വശത്ത്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇന്ധന വിലയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, മറുവശത്ത്, അവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസമേകും വിധം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് കുറയ്‌ക്കാന്‍ വിസമ്മതിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാപട്യവും ദിശാബോധമില്ലാത്തതുമാണ്.
എണ്ണ, പ്രകൃതി വാതക മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തികച്ചും ബോധവാന്മാരാണ്. ഇത് മുന്‍നിര്‍ത്തി ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിന് യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നുമുണ്ട്. വിഷയത്തില്‍ സമഗ്രമായ വീക്ഷണം സ്വീകരിക്കുന്നത് തുടരുന്നതിനൊപ്പം, കാഴ്ചപ്പാടില്‍ വ്യക്തത, പ്രവര്‍ത്തനത്തില്‍ സുതാര്യത, എല്ലാവര്‍ക്കും ക്ഷേമം എന്നിവ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഉറപ്പു നല്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: