ഐഎഎസ് കോച്ചിങ്ങിനായുള്ള സ്ഥാപനമായ ഐസിഎസ്ആറിന്റെ മലപ്പുറം ശാഖയില്‍ ആകെയുള്ള സീറ്റില്‍ 50 ശതമാനം മുസ്ലിങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന നടപടി വര്‍ഗീയ പ്രീണനത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നതാണ്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുന്നയാള്‍ക്ക് അറുപതിനായിരത്തിലേറെ രൂപയാണ് ഫീസ്. സംവരണമുള്ളതിനാല്‍ മുസ്ലിങ്ങളായ ആരും തന്നെ ഈ തുക നല്‍കേണ്ടതില്ല. ഈ അനീതി ചോദ്യം ചെയ്യുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാണിച്ച് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റുള്ളവര്‍ക്കും നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അന്‍പത് ശതമാനം മുസ്ലിം സംവരണം ഏര്‍പ്പെടുത്തി വലിയ വിവേചനം കാണിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടെന്നിരിക്കെ അവര്‍ക്ക് പിന്നെയും 50 ശതമാനം സംവരണം നല്കി സമ്പന്നരെപ്പോലും ഫീസില്ലാതെ പഠിക്കാന്‍ അനുവദിക്കുന്നത് മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കലാണ്. സ്കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതി വിധിയെ ലംഘിക്കുന്നതും പരിഹസിക്കുന്നതുമാണ് ഇത്.
മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ മുസ്ലിങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നിട്ടും അതിന്റെ അടിസ്ഥാനത്തില്‍ പാലൊളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ഇതുപ്രകാരമാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80 ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന് തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതിലെ അനീതി ചോദ്യം ചെയ്യപ്പെട്ടതും ഹൈക്കോടതി റദ്ദാക്കിയതും. ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പലതും മുസ്ലിങ്ങള്‍ കയ്യടക്കുന്ന സ്ഥിതി മറ്റു പല കാര്യങ്ങളിലുമുണ്ട്. മാറി മാറി വരുന്ന ഇടതു-വലതു സര്‍ക്കാരുകള്‍ മുസ്ലിങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുകയാണ് പതിവ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മതത്തിന്റെ പേരില്‍ നേടിയെടുത്തതാണല്ലോ ഇന്നത്തെ മലപ്പുറം ജില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ ജില്ലയില്‍ മതപക്ഷപാതം കാട്ടുന്നു എന്ന ആക്ഷേപം പലപ്പോഴും ഉയരാറുണ്ട്. വോട്ടുബാങ്കിനെ ഭയന്ന് ഇത്തരം ആക്ഷേപങ്ങള്‍ ഭരണാധികാരികള്‍ അവഗണിക്കാറാണ് പതിവ്. വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും അവകാശങ്ങളായി മാറുന്ന സ്ഥിതി വരുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ ന്യൂനപക്ഷ വിരുദ്ധരായി മുദ്ര കുത്തപ്പെടുകയാണ്. വിദ്യാഭ്യാസ മേഖല ഇത്തരം മതപക്ഷപാതങ്ങളുടെ കൂത്തരങ്ങുതന്നെയാണ്.
മതസംവരണം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇക്കാര്യം സുപ്രീംകോടതിയും ഹൈക്കോടതികളും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയപ്രീണനത്തിലൂടെ വോട്ടുനേടുകയെന്ന ലക്ഷ്യം വച്ച് ചില സര്‍ക്കാരുകള്‍ മതപരമായ സംവരണം ഏര്‍പ്പെടുത്തിയത് കോടതികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സ്ഥാപനമായ ഐഎഎസ് കോച്ചിങ് സെന്ററില്‍ മുസ്ലിങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന മുസ്ലിങ്ങള്‍ മതപരമായി സംഘടിതരായതിനാല്‍ അവരെ ഏതു വിധത്തിലും പ്രീണിപ്പിച്ചു പിന്തുണ നേടിയെടുക്കുകയെന്നത് ഇടതു-വലതു മുന്നണികളുടെ പ്രഖ്യാപിത നയം തന്നെയാണ്. മുസ്ലിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിലും, അവരെ എംഎല്‍എമാരും മന്ത്രിമാരുമാക്കുന്നതിലും സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. മുസ്ലിംലീഗിലേതുപോലെയാണ് പല പാര്‍ട്ടികളുടെയും നേതൃഘടന. കോപ്പറേറ്റീവ് സൊസൈറ്റികളിലും പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ഒരു പ്രത്യേക മതത്തിന്റെ ആധിപത്യം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചുവരികയാണ്. കള്ളക്കടത്തുകാരെയും ഭീകരവാദികളെയും മതപരമായി പ്രീണിപ്പിക്കുന്ന സമീപനമാണല്ലോ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം മുസ്ലിങ്ങള്‍ക്കാണെന്ന കുപ്രസിദ്ധമായ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്ന ഭരണസംവിധാനമായി പിണറായി സര്‍ക്കാര്‍ മാറിയിട്ടുണ്ട്. ഇവയൊക്കെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: