കാസര്‍കോഡ്: കാസര്‍കോഡ് എറിയാളിലെ ഒരു കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള റോഡില്‍ നാലടി താഴ്ചയിലുള്ള മാളത്തില്‍ പെരുമ്പാമ്പ് ഇട്ടത് 24 മുട്ടകള്‍. ഇത് മുഴുവന്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാകാന്‍ 54 ദിവസം വേണ്ടിവരും. ദേശീയ പാത 66ന്റെ നാല് വരിപ്പാതയുടെ ഭാഗമായുള്ള കള്‍വര്‍ട്ടിന്റെ പണി രണ്ടുമാസത്തോളം നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കളും വനം വകുപ്പും വന്യജീവി വിദഗ്ധരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.
തള്ളപ്പെരുമ്പാമ്പിന്റെ ശരീരത്തിലെ ചൂടേറ്റ് 24 മുട്ടകളും സ്വസ്ഥമായി വിരിയിക്കണമെങ്കില്‍ ഏകാന്തതയും സ്വസ്ഥതയും വേണം. അതിനാണ് മുട്ടകള്‍ ഇരിക്കുന്ന മാളത്തിനോട് ചേര്‍ന്നുള്ള കള്‍വര്‍ട്ട് പണി 54 ദിവസത്തേക്ക് നിര്‍ത്തിവെച്ച് കാത്തിരുന്നത്. ഒടുവില്‍ ശ്രമം ഫലം കണ്ടു. ” 24 മുട്ടകളും വിരിഞ്ഞു. ഇതില്‍ 15 കുഞ്ഞുകളെ കഴിഞ്ഞ ദിവസം കാട്ടിലയച്ചു. ഇനി അടുത്ത ഒമ്പത് കുഞ്ഞുങ്ങളെ വ്യാഴാഴ്ച രാത്രി കാട്ടിലേക്കയക്കും”- പാമ്പ് പിടിത്തക്കാരന്‍ അമീന്‍ അഡ്കത്ബെയില്‍ പറയുന്നു.
ദേശീയ പാത 66ന്റെ ഭാഗമായാണ് കാസര്‍കോഡ് ഏറിയാല്‍ പ്രദേശത്ത് മാര്‍ച്ച് 20ന് പഴയ കള്‍വര്‍ട്ടിനടുത്തുള്ള പൊത്തില്‍ പെരുമ്പാമ്പ് ചുരുണ്ടിരിക്കുന്നത് കണ്ടത്. ഉടന്‍ റോഡ് നിര്‍മ്മാതക്കളായ ഊരാളുങ്കല്‍ വനം വകുപ്പിനെ വിവരമറിയിച്ചു. റോഡ് ലെവലില്‍ നിന്നും നാലടി താഴ്ചയിലാണ് ഈ പൊത്ത്. മുള്ളന്‍പന്നികള്‍ കുഴിച്ചതാകാമെന്ന് കരുതുന്നു. ജെസിബികൊണ്ട് ഈ കുഴി തോണ്ടാന്‍ കഴിയില്ല. അങ്ങിനെയാണ് വനം വകുപ്പ് അമീനെ വിളിച്ചത്. വനം വകുപ്പുതന്നെ ഊരാളുങ്കലിനോട് ഏതാനും ദിവസം പണി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ജീവിയാണ് പെരുമ്പാമ്പ്. കടുവകള്‍ക്കുള്ള അതേ പരിരക്ഷ പെരുമ്പാമ്പും അര്‍ഹിക്കുന്നു. കുഴിയില്‍ പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിന്റെ കുറെ മുട്ടകള്‍ കണ്ടത്. ഈ മുട്ടകള്‍ മാറ്റരുതെന്നും വിരിയുന്നത് വരെ കാത്തിരിക്കാമെന്നും നിര്‍ദേശിച്ചത് നേപ്പാളിലെ മിതില വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ വന്യജീവി ഗവേഷണത്തലവന്‍ മവീഷ് കുമാറാണ്. കാസര്‍കോഡ് സ്വദേശിയാണ് മവീഷ്. അങ്ങിനെ തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് മുട്ട വിരിയുന്നത് വരെ കാത്തിരുന്നു. ഒടുവില്‍ 24 കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങിയപ്പോള്‍ 54 ദിവസത്തെ കാത്തിരിപ്പിന് ശുഭവിരാമം. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: