തൊടുപുഴ: മൂന്നാര്‍ ഗ്യാപ് റോഡില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. ആന്ധ്രപ്രദേശ് സ്വദേശികളായ നൗഷാദ്(32), നൈസ എന്നിവരാണ് മരിച്ചത്. നൈസ എട്ട് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞാണ്. ചിന്നക്കനാലിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവർ അപകടനില തരണം ചെയ്തിട്ടുണ്ട്. എട്ടുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.പൂപ്പാറ ഭാഗത്ത് നിന്ന് രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. കാർ നിയന്ത്രണം വിട്ട് താഴേയ്‌ക്ക് മറിയുന്നത് തോട്ടം തൊഴിലാളികളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർ ഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
മഞ്ഞ് മൂടിയ അന്തരീക്ഷവും റോഡിനെകുറിച്ച് ധാരണയില്ലാത്തതുമായിരിക്കാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെയാണ് 18 പേരടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിലായി മൂന്നാറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: