കെ. എല്‍. രാജേഷ്
കേരളത്തിന്റെ അഭിമാനമായ, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്ന നമ്മുടെ ആനവണ്ടി. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 739 ജന്റം ബസ്സുകള്‍ ഉള്‍പ്പെടെ 6279 ബസുകളും 5700 ഷെഡ്യൂളുകളും. ഗ്രാമീണ – മലയോര തീരദേശങ്ങളിലായി ലാഭനഷ്ടം നോക്കാതെ 1200 ഷെഡ്യൂളുകള്‍. എല്ലാ ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും സര്‍വീസ്. ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്ഥാപനം. പ്ലസ് ടു വരെയുള്ള അഞ്ചര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം. അമ്പതിനായിരത്തിലധികം ദിവ്യാംഗര്‍ക്ക് സൗജന്യയാത്ര. കേരളത്തില്‍ ഏറ്റവുമധികം തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനം. ശരാശരി ആറുകോടി രൂപ ദിവസ വരുമാനം. ഇതൊക്കെയായാലും വന്‍ ബാധ്യതയാണ് കെഎസ്ആര്‍ടിസിയുടെ മുഖമുദ്ര. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കൂടുതല്‍ തുക യാത്രാനിരക്കായി വാങ്ങിയിട്ടും ഈ പ്രസ്ഥാനത്തിന് അവരെപ്പോലെ നിവര്‍ന്നു നില്ക്കാന് കഴിയാത്തത് എന്തേ? കാരണം ലളിതം. വണ്ടികള്‍ മുന്നോട്ട് ഓടുമ്പോള്‍ പ്രസ്ഥാനം പിന്നോട്ടാണ് പോകുന്നത്. അതു തിരിച്ചറിയാന്‍ ഭരിക്കുന്നവര്‍ക്കും അതിനെ നയിക്കുന്നവര്‍ക്കും കഴിയുന്നില്ല.
പ്രതിസന്ധി വന്ന വഴി
മറ്റ് സംസ്ഥാനങ്ങള്‍ ബസ് വാങ്ങാന്‍ ബജറ്റില്‍ തുക വകയിരുത്തുമ്പോള്‍, ഇവിടെ സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും ആയിരം ബസുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയും എല്‍ഐസി, കെടിഡിഎഫ്സി, ഹഡ്കോ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളില്‍ നിന്നൊക്കെ 16 മുതല്‍ 18 ശതമാനം വരെ പലിശയ്ക്ക് കടമെടുത്ത് ബസ് വാങ്ങുകയും ചെയ്തു വന്നു. കടമെടുത്ത് ഷോപ്പിങ് കോംപ്ലക്സുകള്‍ പണിതു കെഎസ്ആര്‍ടിസിയെ ബാധ്യതയിലാക്കിയത് സര്‍ക്കാരും മാനേജ്മെന്റും ചേര്‍ന്നാണ്. ആളനക്കം പോലുമില്ലാത്ത ഇത്തരം ഭാര്‍ഗ്ഗവീ നിലയങ്ങള്‍ പണിയാന്‍ തീരുമാനിച്ചത് ഒരു തൊഴിലാളിയോടും ആലോചിച്ചിട്ടല്ല. വന്‍ പലിശയ്ക്ക് കടമെടുക്കുമ്പോള്ത്തന്നെ ഇടത്-വലത് ഭരണക്കാര്‍ക്ക് താത്പര്യമുള്ള കെഎസ്ആര്‍ടിസി ബോര്‍ഡ് മെമ്പര്‍മാര്‍ വന്‍ അഴിമതിയാണ് നടത്തിയത്. 400 കോടി അഴിമതിക്കഥ പുറത്തുവന്നത് സിഎംഡി വഴിയാണ്. തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് കോംപ്ലക്സുകള്‍ വന്‍നഷ്ടമായി. നയാപൈസയുടെ വരുമാനം ഇവിടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് കിട്ടുന്നില്ല. ബസ് വാങ്ങാനും ഷോപ്പിങ് കോംപ്ലക്സുകള്‍ പണിയാനുമായി 67 ഡിപ്പോകള്‍ പണയപ്പെടുത്തി.
1984ല്‍ സര്‍ക്കാര്‍ പെന്ഷന് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങള്‍ക്കും പെന്ഷന് സര്‍ക്കാര്‍ നല്കുമ്പോള് കെഎസ്ആര്‍ടിസി അത് തനത് ഫണ്ടില്‍ നിന്ന് നല്കിവന്നു. 2017 വരെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍നിന്ന് 4250 കോടി രൂപ പെന്‍ഷനു മാത്രം ചെലവഴിച്ചു. പ്രസ്ഥാനത്തിന്റെ 65 വര്‍ഷത്തെ കടം 3170കോടി രൂപയാണ്. സര്‍ക്കാരുകളുടെ നയവൈകല്യംകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് വന്നിട്ടും സ്ഥാപനം നിലനിന്നുപോന്നതു തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണ്. 6279 ബസുകളില്‍ 2885 എണ്ണം കൊവിഡിന്റെ മറവില്‍ പലയിടങ്ങളിലായി ഒതുക്കിയിട്ട് നശിപ്പിച്ചു. യാത്രാക്ലേശം കൂടിയെങ്കിലും 5700 ല്‍ 3394 ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇത്രയും കുറച്ച് സര്‍വീസ് നടത്തിയതില്‍ നിന്ന് പോലും ആറുകോടി രൂപ ദിനംപ്രതി ടിക്കറ്റ് വരുമാനമായി കൊണ്ടുവരുന്നുണ്ട്. ഏപ്രിലില്‍ 170 കോടി രൂപ വരുമാനമുണ്ടായിരുന്നു. ഡീസലിന് 88 കോടി രൂപയാണ് വേണ്ടത്. ശമ്പളത്തിന് 82 കോടിയും. 3170 കോടി രൂപ വായ്പക്ക് ദിനംപ്രതി ഒരു കോടി രൂപ തിരിച്ചടവുണ്ട്. കെഎസ്ആര്‍ടിസി അടിക്കുന്ന ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് സര്‍ക്കാര്‍ 24 ശതമാനം ടാക്സ് വാങ്ങുന്നു. ഇത് ഒഴിവാക്കിയാല്‍ത്തന്നെ 24 കോടി രൂപ മാസം ലാഭിക്കാം. ഇടതുപക്ഷം നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ഐഎസ്-പിവി ഭാരം ഏറ്റെടുക്കും, പെന്ഷന് ഏറ്റെടുക്കും, എംപാനലുകാരെ സ്ഥിരമാക്കും എന്നൊക്കെയായിരുന്നു. ഒന്നും ചെയ്തില്ല. കടം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ദിനംപ്രതി ഒരു കോടി രൂപ തിരിച്ചടവ് ലാഭിക്കാം. 30 കോടി രൂപ ഈ ഇനത്തില്‍ മിച്ചമുണ്ടാകും. ആയിരം കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നത് മാസം 69 കോടി രൂപ പെന്ഷന് നല്‍കാനും സഹകരണ സ്ഥാപനങ്ങള്‍ക്ക് പലിശ നല്‍കാനും വേണ്ടിയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനമായ പെന്ഷന് ഏറ്റെടുക്കുക വഴി ഈ തുക കെഎസ്ആര്‍ടിസിയുടെ വികസനത്തിന് ഉപകരിക്കുമായിരുന്നു. അതില്‍ നിന്നും വരുമാനം ഉണ്ടാകുമായിരുന്നു.
കെഎസ്ആര്‍ടിസിയുടെ എല്ലാ ചെലവും കഴിഞ്ഞ് ശമ്പളം എന്നത് നയമാണെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുന്നു. സര്‍ക്കാരിന് ഇതില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ആ ഉദ്ദേശ്യം പുറത്തായിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്ക് സമാന്തരമായി പുതിയ കമ്പനി ഉണ്ടാക്കിയിരിക്കുന്നു. പ്ലാന്‍ ഫണ്ടായി കെഎസ്ആര്‍ടിസിക്ക് അനുവദിച്ച 116 കോടി രൂപ നല്കി സ്വിഫ്റ്റിനു ബസ് വാങ്ങി.
സ്വിഫ്റ്റാണു വില്ലന്‍
നിലവിലെ ദുര്‍ഘട സ്ഥിതിക്ക് കാരണം സ്വിഫ്റ്റാണ്. കെഎസ്ആര്‍ടിസിയുടെ വരുമാനവും പ്ലാന്‍ ഫണ്ടും സ്വിഫ്റ്റിനു വേണ്ടി വകമാറ്റി ചെലവഴിച്ചു. തൊഴിലാളികള്‍ക്ക് ശമ്പളം നിഷേധിച്ചു. അവരുടെ ആത്മവിശ്വാസം തകര്‍ത്തു. സ്ഥാപനത്തെ തകര്‍ക്കാനുള്ള ഈ ഗൂഢാലോചനയുടെ ഭാഗമായാണ് മന്ത്രി തന്നെ പാര്‍ട്ടി വക്താവിനെ പോലെ തൊഴിലാളികളുടെ പിറകെ നടന്ന് പുലഭ്യം പറയുന്നത്. ലാഭകരമായ സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ ഇന്നു സ്വിഫ്റ്റ് ഓടുന്നു. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു. 2885 ബസ് ഇടിച്ച് ഒതുക്കി നശിപ്പിച്ച ശേഷം, സഹകരണ സംഘങ്ങളില്‍ നിന്നും പാര്‍ട്ടി സഹചാരികളായ മുതലാളിമാരില്‍ നിന്നും വണ്ടികള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനുള്ള നീക്കത്തെ തൊഴിലാളികള്‍ ചെറുത്തതാണ് സര്‍ക്കാരിന്റെ ക്ഷോഭത്തിന് പ്രധാനകാരണം. പൊതുസ്വത്തായ കെഎസ്ആര്‍ടിസിയും നഗരത്തിലെ കണ്ണായ സ്ഥലത്ത് കോടിക്കണക്കിനു വിലവരുന്ന 345 ഏക്കര്‍ ഭൂമിയും ആര്‍ടിസി ആക്ട് പ്രകാരം കെഎസ്ആര്‍ടിസിക്ക് ലഭിച്ച കുത്തക റൂട്ടുകളുമെല്ലാം പാര്‍ട്ടി നിയന്ത്രണത്തില്‍ കൊണ്ടു പോകുവാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
പരിഹാരമെന്ത് ?
ആര്‍ജ്ജവമുള്ള സര്‍ക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ കെഎസ്ആര്ടിസിക്കുള്ളൂ. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പെന്ഷന് വിതരണവും കടബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സ്ഥാപനം നട്ടെല്ലു നിവര്‍ത്തി നില്ക്കും. ഒപ്പം നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട് ചെയ്യുന്നതു പോലെ ബസ് വാങ്ങി നല്‍കുകയും ഡീസല്‍ സബ്സിഡി നല്‍കുകയും ചെയ്യണം. അവിടെ കഴിഞ്ഞ ബജറ്റില്‍ 1250 കോടിരൂപ വനിതകളുടെ സൗജന്യ യാത്രയ്ക്കും 750 കോടി ഡീസല്‍ സബ്സിഡിയായും 650 കോടി വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രക്കും നല്കി.
സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവ് സ്വപ്നം കണ്ട രീതിയില്‍ സേവനം നല്കാന് കഴിയൂ. പൊതുഗതാഗതം സാര്‍വത്രികമാക്കാന്‍, ഗ്രാമീണ -തീരദേശ-മലയോര മേഖലകളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍, 100 ശതമാനം പൊതുഗതാഗതവും ഏറ്റെടുത്തുകൊണ്ട് കെഎസ്ആര്‍ടിസിയെ സര്‍ക്കാരിന്റെ സേവന മുഖമായി മാറ്റണം. സേവനത്തെ ലാഭനഷ്ടക്കണക്കുകളുടെ വേലി തിരിക്കാതെ, ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനമായി കെഎസ്ആര്‍ടിസിയെ വളര്‍ത്തണം. അതിന് പൊതുജനാരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും നല്കുന്ന പ്രാധാന്യം പൊതു ഗതാഗതത്തിനും നല്കി കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്ട്ട്മെന്റാക്കുകയാണ് ചെയ്യേണ്ടത്. ആത്യന്തികമായി അത് സര്‍ക്കാരിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പൊന്‍തൂവല്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: