ചെറുവത്തൂര്‍: കയ്യൂര്‍ ആലന്തട്ടയിലെ ഹരിപ്രസാദിന്റെ കരവിരുതില്‍ വിരിഞ്ഞിരിക്കുന്നത് നിരവധി ഏടാകൂടങ്ങള്‍. ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന കളിപ്പാട്ടമാണ് ഏടാകൂടങ്ങള്‍. ഇത് അഴിച്ചുമാറ്റിയാല്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രയാസമാണ്. നല്ല ബുദ്ധിയും ക്ഷമയും ആവശ്യമാണ് ഈ കരകൗശല വിദ്യക്ക്. ഇത്തരത്തില്‍ അമ്പതോളം ഏടാകൂടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചെറുപ്പം മുതല്‍ ഹരി ഇത്തരം പരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്തപ്പോഴാണ് ഏടാകൂടത്തെ കുറിച്ച് അറിയുന്നത്. അങ്ങനെ പിതാവ് മധുസൂദനന്റെ വീടിനോട് ചേര്‍ന്നുള്ള കാര്‍പെന്‍ഡര്‍ ഷെഡിലെത്തി മരപ്പണികള്‍ വീക്ഷിച്ചാണ് ഏടാകൂടം നിര്‍മിച്ചു തുടങ്ങിയത്.
ലോകത്തിലെ ഏറ്റവും ചെറിയ ഏടാകൂടത്തിന്റെ നിര്‍മാണത്തിന്റെ അണിയറയിലാണ് ഈ ശില്‍പി. സ്‌കൂള്‍ പഠന കാലത്ത് കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങൻമാരെ തുരത്താന്‍ ശബ്ദവും പുകയും തീയും തുപ്പുന്ന തോക്കും നിര്‍മിച്ച് ഹരി ഏറെ ശ്രദ്ധനേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ കാര്‍പന്ററി വര്‍ക്‌സില്‍ അഞ്ചു തവണ പങ്കെടുത്ത ഹരി ഒരു നല്ല ചിത്രകാരന്‍ കൂടിയാണ്. 2020ല്‍ ഇന്ത്യന്‍ സ്‌കില്‍ കേരള കാര്‍പന്റെറി വര്‍ക്‌സ് മത്സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ഹരിക്ക് ഗോള്‍ഡ് മെഡലും ഒരു ലക്ഷം രൂപ സമ്മാനവും ലഭിച്ചിരുന്നു. ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ സില്‍വറും ലഭിച്ചുകഴിഞ്ഞു. കൂടാതെ ദേശീയമല്‍സരത്തില്‍ തിളങ്ങാനും ഹരിക്ക് സാധിച്ചിരുന്നു.
കയ്യൂര്‍ ഗവ.ഹയര്‍സെക്കന്ററിയില്‍ പ്ലസ്ടുവില്‍ പഠിക്കുന്ന സഹോദരി ഹരിപ്രിയയും സഹോദരന്റെ പാതയില്‍ തന്നെയാണ്. കൊച്ചിയില്‍ നിന്ന് ഓയില്‍ ആന്റ് ഗ്യാസ് എഞ്ചിനീയറിങില്‍ ഡിപ്ലോമ നേടിയ ഹരിക്ക് വീട്ടില്‍ തന്നെ ഒരു കര്‍പന്ററി മ്യൂസിയമുണ്ടാക്കണമെന്ന ആഗ്രഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: