മുംബൈ: മുംബൈ മസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നീറ്റിലിറക്കി. ഐഎന്‍എസ് സൂററ്റും ഐഎന്‍എസ് ഉദയഗിരിയും നാവികസേനയ്ക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നാം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ ഒരേസമയം പുറത്തിറക്കുന്നത്.
നശീകരണിക്കപ്പലായ സൂററ്റ് പ്രൊജക്ട് 15 ബി പ്രകാരം നിര്‍മിക്കുന്ന നാലാമത്തെ കപ്പലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളില്‍ ഒന്നായ സൂററ്റിന്റെ പേരാണ് കപ്പലിനും. ഗൈഡഡ് മിസൈലുകളാണ് കപ്പലില്‍ വിന്യസിച്ചിട്ടുള്ളത്. ഐഎന്‍എസ് ഉദയഗിരി, ആന്ധ്രയിലെ പര്‍വ്വതനിരയുടെ പേരിലാണ് അറിയപ്പെടുന്നത്. 17 എ പദ്ധതി പ്രകാരം നിര്‍മിച്ച ഇത് ഫ്രിഗേറ്റാണ്. അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുള്ള ഇത് ശിവാലിക് ക്ലാസില്‍ പെടുന്നതാണ്.
സൂററ്റ് അടക്കം നാലു കപ്പലുകള്‍ നിര്‍മിക്കാന്‍ 35,000 കോടി രൂപയാണ് ചെലവായത്. ഐഎന്‍എസ് വിശാഖപട്ടണം, മര്‍ഗോവ, ഇംഫാല്‍, സൂററ്റ് എന്നിവയാണിവ. മീഡിയം റേഞ്ച് മിസൈലുകള്‍, ബ്രഹ്മോസ് മിസൈലുകള്‍, ടോര്‍പിഡോ, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കുന്ന റോക്കറ്റുകള്‍, 76 എംഎം റാപ്പിഡ് ഗണ്എന്നിവയാണ് ഇതിലുള്ളത്. 163 മീറ്ററാണ് നീളം.7,400 ടണ്‍ ആണ് ഭാരം.142 മീറ്റര്‍ നീളമുള്ള ഉദയഗിരിയുടെ ഭാരം 6,200 ടണ്ണാണ്. ഉദയഗിരിയടക്കം ഏഴ് കപ്പലുകള്‍ക്ക് 45,000 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: