കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമാരമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസും നിര്‍മ്മാണച്ചുമതലയുള്ള ഇടതുപക്ഷ പിന്‍ബലമുള്ള നിര്‍മ്മാണക്കമ്പനി ഊരാളുങ്കലും പ്രതിക്കൂട്ടില്‍.
കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലുകള്‍. എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടെന്നുണ്ടായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി പറയുന്നത്. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനസ്ഥാപിച്ച് പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു.
പൊതുവേ പൊതുമാരമത്ത് രംഗത്ത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മന്ത്രി റിയാസിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ സംഭവം. മാത്രമല്ല, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഈ സംഭവം തലനാരിഴ കീറി ചര്‍ച്ചചെയ്യപ്പെടുമ്പോഴും റിയാസിനൊപ്പം ഇടതുപക്ഷവും പ്രതിരോധത്തിലാവും. നിര്‍മ്മാണരംഗത്ത് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന വടകര കേന്ദ്രമായുള്ള, ഇടതു നേതാക്കളുടെ കൂടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇത് കറുത്തപാടാകും.
ഇതിനിടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇതിനിടെ സംഭവത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരന്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ചു. “കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല.പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളില്‍ നിന്നും സി.പി.ഐ.എം കൈയ്യിട്ട് വാരുകയാണ്. അതുകൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. “- കെ. സുധാകരന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: