ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച കൂട്ടവെടിവയ്പില്‍ 10 പേര് കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സൈനികവേഷം ധരിച്ചെത്തിയ പേയ്ടെന് ജെന്‍ഡ്രന്‍ എന്ന പതിനെട്ടു വയസുകാരനാണ് തുടരെ വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
വംശീയ ആക്രമണമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ടോപ്സ് ഫ്രണ്ട്ലി മാര്‍ക്കറ്റ് എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണു സംഭവം. അക്രമിയുടെ കൈവശം ധാരാളം ആയുധങ്ങളുണ്ടായിരുന്നു. വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന് ആക്രമിയെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ഉദ്യോഗസ്ഥന് അക്രമിയുടെ വെടിയേറ്റു മരിച്ചു. സൂപ്പര്മാര്ക്കറ്റിനുള്ളില്ക്കടന്ന് കൂടുതലാളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. വെടിയേറ്റവരില്‍ 11 പേര് കറുത്ത വര്‍ഗക്കാരാണ്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ സ്വന്തം കഴുത്തിനുനേര്‍ക്കു തോക്കുചൂണ്ടിയ നിലയിലായിരുന്നു അക്രമി. പോലീസുകാര്‍ ഇയാളുമായി സംസാരിച്ചതിനു പിന്നാലെ തോക്കും മറ്റായുധങ്ങളും ഉപേക്ഷിച്ച് അക്രമി കീഴടങ്ങുകയായിരുന്നെന്നു അധികൃതര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: