മുംബൈ:മറാഠി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാറിനെതിരെ പ്രകോപനപരമായ ട്വീറ്റ് ചെയ്ത യുവാവായ നിഖില്‍ ഭാമ്രെയെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍സിപി മന്ത്രി ജിതേന്ദ്ര അഹ് വാദിന്റെ നിര്‍ദേശപ്രകാരമാണ് യുവാവ് നിഖില്‍ ഭാമ്രെയെ അറസ്റ്റ് ചെയ്തത്.
“ബാരമതിയില്‍ ഒരു നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കുന്നതിന് സമയമായി. ബാരാമതിയിലെ ഒരു ഗാന്ധിയ്ക്ക് വേണ്ടി, ക്ഷമിയ്ക്കൂ, അങ്കിള്‍” – ഇതായിരുന്നു നിഖില്‍ ഭാമ്രെയുടെ ട്വീറ്റ്. ഇതില്‍ ഒരു വധസൂചന കൂടി മണക്കുന്നതായി എന്‍സിപി നേതാക്കള്‍ പറയുന്നു. കാരണം എന്‍സിപി നേതാവ് ശരത് പവാര്‍ പൂനെയിലെ ബാരാമതിയില്‍ നിന്നുള്ള നേതാവാണ്.
നിഖില്‍ ഭാമ്രെയുടെ നിഖില്‍ഭാമ്രെ8 എന്ന ട്വിറ്റര്‍ പേജ് നീക്കം ചെയ്തിട്ടുണ്ട്.
മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. ഇത് മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിഖില്‍ ഭാര്‍മെയുടെ ട്വീറ്റ് കണ്ടയുടന്‍ ഈ യുവാവിനെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് മുംബൈ പൊലീസിനെക്കൂടി ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനെ പൊലീസ് നിഖില്‍ ഭാര്‍മെയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: