തിരുവനന്തപുരം: ഈ മാസം സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അടുത്ത മാസത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല. ജൂണ്‍ മുതല്‍ ജി.എസ്.ടി വരുമാനം കിട്ടാതെ വരും. അപ്പോള്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.
കേരളം കൂടുതല്‍ കടമെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. കിട്ടാനുള്ളത് കിട്ടിയില്ലെങ്കില്‍ എല്ലാവരും കൂടി ചോദിച്ച് വാങ്ങുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി 5000 കോടി രൂപ ഇടക്കാല വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. അറിയിപ്പ് സംസ്ഥാനത്തിനു ലഭിച്ചു. അടുത്തയാഴ്ച വായ്പയെടുക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ധനവകുപ്പ് പറയുന്നു. കടം എടുപ്പ് തടഞ്ഞാല്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൈനംദിന ചെലവുപോലും നടത്താനാകാത്ത തരത്തിലുള്ള പ്രതിസന്ധിയാണു നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: