കൊല്ലം: നിസാരകാരണങ്ങള്‍ പറഞ്ഞ് സാധനങ്ങള്‍ കൃത്യമായി നല്‍കുന്നതില്‍ മില്‍മ പുലര്‍ത്തുന്ന അനാസ്ഥയില്‍ മില്‍മ ഷോപ്പി നടത്തുന്ന കച്ചവടക്കാര്‍ വലയുന്നു.
മില്‍മ ഷോപ്പി ആരംഭിച്ച കാലം മുതല്‍ കൊല്ലം ഡയറി സ്റ്റോറില്‍ നിന്നും തികഞ്ഞ അവഗണനയാണെന്നാണ് പരാതി ഉയരുന്നത്. മില്‍മയുടെ ഉല്പ്പന്നങ്ങള്‍ മാത്രം വില്ക്കുന്ന കടകളായാണ് മില്‍മ ഷോപ്പി എന്ന സംരംഭം നാടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തനമാരംഭിച്ചത്. മില്‍മ ബൂത്തുകള്‍ കാലോചിതമായി പരിഷ്‌കരിച്ചായിരുന്നു മിക്കയിടത്തും ഇവ ജനകീയമാക്കിയത്. ആദ്യ ഘട്ടത്തില്‍ എല്ലാ ഇനം സാധനങ്ങളും ഷോപ്പികളില്‍ ലഭ്യമായെങ്കിലും പിന്നീട് അവയെല്ലാം ഇല്ലാതാകുന്ന സ്ഥിതിയായി. മില്‍മയുടെ പാല്‍, സംഭാരം, തൈര്, ബോട്ടില്‍ തൈര്, നെയ്യ്, മില്‍ക് ലോലി, പനീര്‍, പേട, ചക്ക പേട, പാലട മിക്സ്, മില്‍മ പ്ലസ്, മാംഗോ റിഫ്രഷ് ട്രേ, ഐസ്‌ക്രീം, കുല്‍ഫി, മിനി ഡിലൈറ്റ്, ചോക്കോബാര്‍, ഹണി, ഐസ്‌ക്രീം ചിക്കൂസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഷോപ്പികള്‍ വഴി വിറ്റഴിക്കുന്നത്.
ഷോപ്പി നടത്തുന്ന കച്ചവടക്കാര്‍ സ്റ്റോക്ക് തീരുന്ന കാര്യം മുന്‍കൂര്‍ അറിയിച്ചാലും വേണ്ട രീതിയിലുള്ള പ്രതികരണം മില്‍മയില്‍ നിന്നും ഉണ്ടാകുന്നില്ല. സാധനം ഇല്ലെന്നും വണ്ടിയില്ലെന്നുമുള്ള ബാലിശമായ മറുപടികളാണ് പരാതിപ്പെടുമ്പോള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നതെന്ന് ഷോപ്പിഉടമകള്‍ പറയുന്നു. അയ്യായിരം രൂപയ്‌ക്ക് മുകളിലുള്ള ഓര്‍ഡറാണ് മിക്ക കച്ചവടക്കാരും നല്‍കുന്നത്. ഷോപ്പികളുടെ നിലനില്‍പ്പിന് അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക