കരിപ്പൂര്‍: കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്താന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദിന സന്ദര്‍ശനത്തിനെത്തിയ ദേശീയ അധ്യക്ഷനെ വിമാനത്താവളത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍, വാദ്യമേളങ്ങളോടെയും, നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും കേരളത്തിന്റെ പ്രഭാരിയുമായ സി.പി.രാധാകൃഷ്ണന്, ദേശീയ വക്താവ് ടോം വടക്കന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ .കുമ്മനം രാജശേഖരന്, പി, കെ.കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, മലപ്പുറം ജില്ല പ്രസിഡന്റ് രവിതേലത്ത് എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
കരിപ്പൂരില്‍ വന്നിറങ്ങിയ നദ്ദയ്ക്ക് വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരിപ്പൂരിലെത്തിയ നദ്ദയെ സ്വീകരിച്ചത്. കേരളീയ വേഷത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും നദ്ദയെ സ്വീകരിക്കാനെത്തി.
കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോഴിക്കോടേയ്ക്ക് പുറപ്പെട്ടു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ നദ്ദ അഭിസംബോധന ചെയ്ത് സംസാരിക്കും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: