ഭാരതത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലായിരുന്നു ശങ്കര ഭഗവദ്പാദരുടെ ജനനം. സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥ തകര്‍ച്ചയുടെ നെല്ലിപ്പലക കണ്ടുകൊണ്ടിരുന്ന ഘട്ടം. ജാതിക്കോയ്മയും അനാചാരങ്ങളും ഹിന്ദുസമൂഹത്തെ ആന്തരിക ശൈഥില്യത്തിലേക്കു നയിച്ചുകൊണ്ടിരുന്നപ്പോള്‍ പരധര്മ്മാവലംബികളുടെ അത്യന്തം ഭീകരമായ കടന്നാക്രമണങ്ങള്‍ രാഷ്ട്രീയ ഏകതയെയും ചോദ്യംചെയ്തുകൊണ്ടിരുന്നു. ഇതിനെല്ലാം ഉപരിയായി ഭാരതത്തിന്റെ ആന്തരിക സത്തയായ ദാര്‍ശനിക മഹത്വവും ദുര്‍ബലമായി കഴിഞ്ഞ കാലം. എല്ലാം ചേര്‍ന്ന് ഭാരതം നങ്കൂരമറ്റ് ദിശയറിയാതെ കാറും കോളും നിറഞ്ഞ കാലക്കടലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമെന്ന ഭീതിദമായ സാഹചര്യം. അത്തരമൊരു സന്ദര്‍ഭത്തില്‍ ഏറ്റവും ആവശ്യമായിരുന്നത് ഉള്ളടക്കം ദൃഢമാവുക എന്നതായിരുന്നു.
സ്വത്വം എന്തെന്ന് തിരിച്ചറിഞ്ഞ് അതിന്റെ തെളിച്ചത്തില്‍ വഴി തിരിച്ചറിയുക. ‘സ്വ’ ആധാരിതമായേ സാമൂഹ്യ തിന്മകളെ അകറ്റാനും ദേശീയ ഐക്യം പുനഃസ്ഥാപിക്കാനും കഴിയൂ. മഹത്തരമായ ആ ദൗത്യമാണ് ശങ്കര ഭഗവദ്പാദര്‍ നിര്‍വഹിച്ചത്. ഭാരതത്തിന്റെ കേന്ദ്രപ്രമേയമായ അദ്വൈതത്തെ ഊതിക്കാച്ചിയ തനിത്തങ്കമായി അദ്ദേഹം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അവതരിപ്പിച്ചു. ബൗദ്ധികകേന്ദ്രങ്ങളുടെ ഉച്ചസ്ഥാനങ്ങളില് വിരാജിച്ചിരുന്ന മണ്ഡനമിശ്രന്മാര് തുടങ്ങി സര്‍വ്വസാധാരണ ജനങ്ങളില്‍ വരെ അദ്വൈത മഹത്വം ചെന്നെത്തി. ശാശ്വത സത്യത്തിന്റെ സൂര്യപ്രഭയില്‍ മിഥ്യാവാദങ്ങള്‍ അലിഞ്ഞില്ലാതെയായി. വേദാന്തകേസരിയുടെ ഗര്‍ജനത്തില്‍ അസത്യവാദികളായ ശ്വാനന്മാര് ഓടി ഒളിച്ചു. ഭാരതീയ സമൂഹം സ്വത്വബോധത്തിന്റെ ഉജ്വല പ്രകാശത്തില്‍ ആത്മവിശ്വാസമുള്ളതായി മാറി. പോരായ്മകള്‍ പരിഹരിച്ച് ഹിന്ദുക്കള്‍ ഒന്നായി തീര്‍ന്നപ്പോള്‍ അത് രാഷ്ട്രത്തിന്റെ ഏകതയും സാധ്യമാക്കി. അറിവിന്റെ നിറവില്‍ തിളക്കമുള്ളവരായിത്തീര്ന്ന ജനത രാഷ്ട്രത്തെ അതിന്റെ ആഗോളദൗത്യ നിര്‍വ്വഹണത്തിന് പ്രാപ്തി ഉള്ളതാക്കിത്തീര്‍ത്തു. ശ്രീശങ്കരനിലൂടെ വെളിപ്പെട്ട വിശ്വോത്തരമായ വേദാന്തപ്പൊരുള്‍, ലോകമാനവികതയ്ക്കും വഴികാട്ടാന്‍ പര്യാപ്തമായ ഒന്നെന്ന് സര്‍വ്വരും തിരിച്ചറിയുകയായിരുന്നു. ഇതാണ് ശങ്കര ഭഗവദ്പാദരുടെ അവതാര മഹത്വം. അദ്ദേഹം ഒരേസമയം ദാര്‍ശനികനും യോജകനും പരിഷ്കര്‍ത്താവുമായി മാറുന്നതങ്ങനെയാണ്.
ആധുനിക കാലഘട്ടത്തിലും ശ്രീശങ്കരന്റെ പ്രസക്തി ഭാരതത്തിനകത്തും പുറത്തും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഫ്രാന്‍സിന്റെ ആദ്യ സാംസ്കാരിക വകുപ്പുമന്ത്രിയും ലോകപ്രസിദ്ധ സാഹിത്യകാരനുമായ ആന്ദ്രെ മാല്റോവും ജവഹര്‍ലാല്‍ നെഹ്റുവുമായി നടന്ന സംഭാഷണം ശ്രദ്ധേയമാണ്. 1936 ല്‍ പാരീസില്‍ വച്ചുള്ള ആ കണ്ടുമുട്ടലും സംഭാഷണ വിഷയവും ഐതിഹാസികമാണ്. പാശ്ചാത്യ ദര്‍ശനങ്ങളുടെ പാപ്പരത്തവും അമാനവികതയും ചൂണ്ടിക്കാട്ടി ഭാരതീയ ദര്‍ശനത്തിന്റെ യുക്തിഭദ്രതയും ശാസ്ത്രീയതയും അദ്ദേഹം നെഹ്റുവിനോട് എടുത്തുപറയുന്നുണ്ട്. ഒപ്പം തന്നെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാല്‍ ഏതു മാര്‍ഗത്തിലൂടെ മുന്നോട്ടുപോകുന്നതായിരിക്കും ഭാരതത്തിന് അഭികാമ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാരീസില്‍വച്ച് നടന്ന ആ യോഗത്തിന്റെ മുഖ്യ നടത്തിപ്പുകാരന് പ്രസിദ്ധ സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ രാജാറാവു ആയിരുന്നു. അദ്ദേഹത്തിന്റെ ‘The Meaning Of Asia’ യില്‍ നെഹ്റു-മാല്‍റോ സംഭാഷണം പൂര്‍ണമായും ചേര്‍ത്തിട്ടുണ്ട്.
സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ആന്ദ്രെ മാല്‍റോ പുനര്‍ജന്മത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും നെഹ്റുജിയോട് ചോദിക്കുന്നു.
Nehru: I am afraid I have never thought of it.
(ഞാനതെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നായിരുന്നു നെഹ്റുവിന്റെ ഉത്തരം).
അതു കഴിയുമ്പോള്‍ മാല്‍റോ യൂറോപ്യന്‍ തത്ത്വശാസ്ത്രത്തെയും ഭാരതീയ ദര്‍ശനത്തെയും താരതമ്യം ചെയ്ത് സംസാരിച്ചു. അവിടെ ശ്രീശങ്കരന്റെ മഹത്വം അദ്ദേഹം എടുത്തുപറയുന്നു.
മാല്‍റോ: യൂറോപ്പ് വിനാശകാരിയാണ്, ആത്മഹത്യയിലേക്ക് നയിക്കുന്നതാണ്. ദസ്തെവിസ്കി യൂറോപ്പിനെക്കുറിച്ച് പറഞ്ഞത്, അത് ആശയങ്ങളുടെ ശ്മശാനമാണെന്നാണ്. അതെ, ഞങ്ങള്‍ക്ക് ദ്വന്ദ്വത്തിനുപരി ഉയരുവാന് ആകില്ല. എന്നാല്‍ ഭാരതത്തിന് ശങ്കരനുണ്ട്. ഫ്രാന്‍സിന് ദെക്കാര്‍ത്തെയും. അരിസ്റ്റോട്ടില്‍ യൂറോപ്പിനെ ആകെ കുഴപ്പത്തിലാക്കി, അദ്ദേഹം നന്മതിന്മകളെ സൃഷ്ടിച്ചു. ശാസ്ത്രത്തെ നിര്‍മ്മിച്ച് സോക്രട്ടീസിന്റെ വിവേകത്തില്‍ നിന്ന് ഞങ്ങളെ അകറ്റി. അങ്ങനെ രണ്ടായിരം വര്‍ഷങ്ങളെടുത്തു നീഷേ എത്തിയിട്ട് സത്യം നന്മതിന്മകള്ക്കുപരിയാണെന്നു പറയാന്‍. എന്നാല്‍ നിങ്ങള്‍ക്കെന്നെക്കാള്‍ നന്നായറിയാം, ശങ്കരന്റെ അദ്വൈതം നീഷേയുടെ ചിന്തയല്ല. നിങ്ങള്‍ ഉപനിഷത്തുക്കളും ഗീതയും സൃഷ്ടിച്ചു. ഗീതയിലൂടെ ശ്രീകൃഷ്ണന് പറഞ്ഞു, ”ദ്വന്ദ്വത്തിനുപരിയായി ഉയരുക അര്‍ജുനാ, കൊല്ലപ്പെടുന്നതിനും കൊല്ലുന്നതിനുമപ്പുറത്തേക്കുയരുക, ഇവിടെ ഘാതകനുമില്ല, കൊല്ലപ്പെടുന്നവനുമില്ല.”
പിന്നീട് മാല്‍റോ അങ്ങേയറ്റം വൈകാരികതയോടെ പറയുന്നത് മുഴുവന്‍ ശാങ്കരദര്ശനമാണ്. ശങ്കരാചാര്യര്‍ നമ്മെ സ്വപ്നത്തെക്കുറിച്ചും സുഷുപ്തിയെക്കുറിച്ചും ജാഗ്രത്തിനെ സംബന്ധിച്ചും പഠിപ്പിച്ചു. എപ്രകാരമാണ് ഈ അവസ്ഥാന്തരങ്ങളിലെല്ലാം നാം സചേതനമായിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. അതാണ് നിങ്ങളുടെ രാഷ്ട്രത്തിന്റെ മഹത്വം. അതിന് പരാജയത്തെ വിജയമാക്കാന്‍ കഴിയും.
ഭാരതം ലോകത്തിന്റെ വിശുദ്ധ പാനപാത്രമാണ്. ദയവു ചെയ്ത് ഞങ്ങളെ മറക്കരുത് മിസ്റ്റര്‍ നെഹ്റു. ഞാന്‍ വാഗ്ദാനം ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങള്‍ സ്വതന്ത്രമായാല്‍ ഞാന്‍ വരും. എന്നെ ഓര്‍ക്കുക. ഭാരതത്തെ ദ്വന്ദ്വങ്ങള്ക്കതീതമായി നിര്‍ത്തുക. മാല്റോവിന്റെ അടുത്ത വാക്കുകള്‍ അങ്ങേയറ്റം ശ്രദ്ധേയങ്ങളാണ്. ”ദ്വന്ദ്വവും മരണവും മാത്രം ആണ് മനുഷ്യന്റെ രണ്ടു ശത്രുക്കള്‍. താങ്കള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി ആകുമ്പോള്‍, അഥവാ ആയാല്‍, കാരണം മഹാത്മാഗാന്ധി ഒരിക്കലും ഭരണപരമായ ഒരു ചുമതലയും ഏറ്റെടുക്കില്ല. അവസാനമായി എനിക്ക് പറയാനുള്ളത് ഇതാണ്- എന്റെ പ്രാര്‍ഥന ഇതാണ്- മഹാനായ ശങ്കരാചാര്യര്‍ ആയിരിക്കട്ടെ സ്വതന്ത്ര ഭാരതത്തിന്റെ മാര്‍ഗ്ഗദര്‍ശി.”
സ്വാതന്ത്ര്യലബ്ധിക്കുശേഷം നമുക്ക് സംഭവിച്ചത് എന്തായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് മാല്റോവിന്റെ ആ പ്രാര്‍ത്ഥന. യുദ്ധാനന്തരം ലോക്നായക് ജയപ്രകാശ് നാരായണന് പാരീസ് സന്ദര്‍ശനത്തിനിടയില്‍ ആന്ദ്രേ മാല്റോവിനെ കാണുന്നുണ്ട്. അപ്പോള്‍ ജെപിയോട് മാല്റോവ് ചോദിച്ചു: ”ഭാരത സര്‍ക്കാരിന്റെ നയങ്ങളില്‍ ശങ്കരന്റെ സ്വാധീനം എത്രയുണ്ട്?”
ഉത്തരം പറയാനാവാതെ ജെപി പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഭാരതം സ്വതന്ത്രമായി എഴുപത്തഞ്ചാണ്ട് പിന്നിടുന്നു. മാല്‍റോയുടെ ആ ചോദ്യം ഇപ്പോഴും മുഴങ്ങുന്നു. ശങ്കരന്റെ സ്വാധീനം എത്രയുണ്ട് ഭാരതീയ ജിവിതത്തില്‍, ഭരണത്തില്‍… അമൃതകാലത്തിന്റെ ഭവ്യസങ്കല്പങ്ങളില് ആദിശങ്കരന് അനുഭൂതിയായി നിറയുന്ന കാലമാണിത്. മഹാപ്രളയത്തില്‍ ഒലിച്ചുപോയ കേദാരനാഥിലെ ശ്രീശങ്കരപാദങ്ങളെ പുനഃസ്ഥാപിക്കുക വഴി രാഷ്ട്രം ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ്. എല്ലാക്കാലത്തും ഉദിച്ച് പ്രകാശം പരത്തിയ ആചാര്യന്മാരുടെ ഓര്‍മ്മകളിലൂടെ ശാങ്കരദര്‍ശനത്തെ വീണ്ടും വീണ്ടും ഭാരതം ചര്‍ച്ച ചെയ്യുന്നു. നെഹ്റു ചിന്തിച്ചിട്ടേയില്ലാത്തത്, ജെപിക്ക് പുഞ്ചിരിയില്‍ ഒതുക്കേണ്ടിവന്നത് ഇന്ന് ഉത്തരമായി ഉയരുന്നുണ്ട്. ശങ്കര ഭഗവത്പാദരുടെ ജന്മഭൂമിയിലും അത് ഉണ്ടാകണം. സ്വ ആധാരിതമായ സമാജമുന്നേറ്റത്തിന് കാലടി കാലത്തെ പ്രചോദിപ്പിക്കണം. കാലാതിവര്‍ത്തിയായ അദ്വൈത ദര്‍ശനത്തിന്റെ ആഴങ്ങളെ ആത്മാവില്‍ ചേര്‍ക്കുന്ന ഒരു ജനതതി തിരിച്ചറിവിന്റെ പാതയിലാണ്. യഥാര്‍ത്ഥ സ്വാതന്ത്യത്തിലേക്കുള്ള പാതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: