പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മൂന്നു ദിവസത്തെ യൂറോപ്യന്‍ പര്യടനം പതിവുപോലെ ‘ചെന്നു കണ്ടു കീഴടക്കി’ എന്നു പറയാവുന്ന വിധത്തില്‍ വിജയകരമായിരുന്നു. ജര്‍മനി, ഡെന്മാര്ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി അവിടുത്തെ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചകളും എത്തിച്ചേര്‍ന്ന ധാരണകളും മാറിയ കാലത്ത് ആഗോളതലത്തില്‍ ഭാരതത്തിന് കൈവന്ന പ്രാധാന്യം വിളിച്ചോതുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യം ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ആ രാജ്യത്ത് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പ്രവാസി ഭാരതീയരില്‍ ആവേശത്തിരയിളക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സമ്മേളനത്തില്‍ ഉയര്‍ന്ന മോദി മോദി എന്ന ആരവം സംഘാടകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. ജര്‍മനിയിലെ പ്രവാസി ഭാരതീയരുടെ സംഭാവനകളെ പ്രശംസിച്ച മോദി, 2014 ലെ ജനവിധിയോടെ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ജനങ്ങള്‍ അവസാനിപ്പിച്ചതും 2019 ല്‍ കൂടുതല്‍ കരുത്തുറ്റ ജനവിധി നല്കിയതുമൊക്കെ ചൂണ്ടിക്കാട്ടി നിക്ഷേപകരെ ആകര്‍ഷിച്ചു. ഭാരതത്തില്‍ നിക്ഷേപമിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പേരില്‍ നിരാശപ്പെടേണ്ടി വരുമെന്ന മോദിയുടെ വാക്കുകള്‍ നിക്ഷേപകര്‍ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ആഗോളതലത്തില്‍ ഭാരതീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ സംരംഭം വന്‍ വിജയമാക്കണമെന്ന മോദിയുടെ അഭ്യര്‍ത്ഥന ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.
ആഞ്ജല മെര്‍ക്കലിനുശേഷം അധികാരമേറ്റ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോദി നടത്തിയ കൂടിക്കാഴ്ച അത്യന്തം ഊഷ്മളമായിരുന്നു. ഷോള്‍സിനൊപ്പം പങ്കെടുത്ത ബിസിനസ് റൗണ്ട് ടേബിള്‍ ഉച്ചകോടിയില്‍ ഭാരത യുവത്വത്തിനുമേല്‍ നിക്ഷേപം നടത്താന്‍ ജര്‍മന്‍ വ്യവസായ ലോകത്തെ ക്ഷണിച്ച മോദിയുടെ നടപടി ഭാവാത്മകമായിരുന്നു. ഭാരതവും ജര്‍മനിയും തമ്മിലുള്ള സമഗ്ര കുടിയേറ്റ, മൊബിലിറ്റി പങ്കാളിത്ത കരാര്‍ ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകും. സംശുദ്ധ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മനി 1000 കോടി ഡോളര്‍ ഭാരതത്തിന് സഹായമായി നല്‍കുമെന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഹരിത-സുസ്ഥിര വികസന പങ്കാളിത്തം ഉറപ്പുവരുത്തുന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ടിയിരിക്കുന്നു. കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയായിരുന്നു പ്രധാനമന്ത്രിയുടെ ഡെന്മാര്ക്ക് സന്ദര്‍ശനത്തിലെ പ്രധാന പരിപാടി. ഡെന്മാര്ക്ക്, നോര്‍വെ, സ്വീഡന്, ഫിന്‍ലന്‍ഡ്, ഐസ്ലന്ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ഈ ഉച്ചകോടിയില്‍ കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും മറ്റും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി. അതിഗംഭീരമായ സ്വീകരണമാണ് ഡെന്മാര്ക്കിലും മോദിക്ക് ലഭിച്ചത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി അവസാനമെത്തിയ ഫ്രാന്‍സിലും പ്രധാനമന്ത്രി മോദിക്ക് ആവേശദായകമായ സ്വീകരണമാണ് ലഭിച്ചത്. വീണ്ടും പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണ്‍ ചിരപരിചിതനെപ്പോലെയാണ് മോദിയുമായി ഇടപഴകിയത്. ചെറുതെങ്കിലും അര്‍ത്ഥപൂര്‍ണമായിരുന്നു തന്റെ സന്ദര്‍ശനമെന്ന് മോദി ട്വീറ്റു ചെയ്യുകയുണ്ടായി. ഉഭയകക്ഷി പ്രശ്നങ്ങളും ആഗോള പ്രശ്നങ്ങളും ചര്‍ച്ച ചെയ്തതിനു പുറമെ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങള്‍ എല്ലായ്പ്പോഴും വലിയ ചര്‍ച്ചാവിഷയമാവാറുണ്ട്. ഇക്കുറിയും ഇതിന് മാറ്റം വന്നില്ല. ഈ വര്‍ഷത്തില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. അതും കൊവിഡ് മഹാമാരി അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ഭാരതം കൈക്കൊണ്ടിട്ടുള്ള നിലപാട് യൂറോപ്യന്‍ രാജ്യങ്ങളുടെ അപ്രീതിക്കിടയാക്കിയിട്ടുണ്ടെന്നും അതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നതുപോലെ ഊഷ്മളമായിരിക്കില്ലെന്നും ചില കോണുകളില്‍നിന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും തന്നെ ഉണ്ടായില്ല. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ സ്വീകാര്യത ഇപ്പോഴും ഉയര്‍ന്നതലത്തിലാണെന്ന് ഈ യൂറോപ്യന്‍ സന്ദര്‍ശനവും തെളിയിക്കുന്നു. ഭാരതത്തെ സുശക്തമായി നയിക്കുന്നതിനുപുറമെ ലോകത്തിനു വഴികാട്ടാനും ശേഷിയുള്ള നേതാവാണ് മോദിയെന്ന ചിന്തയാണ് പല രാഷ്ട്രത്തലവന്മാര്‍ക്കുമുള്ളത്. പോകുന്നയിടങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ കരുത്തറിയിക്കാനും മഹത്വം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നതിലൂടെ മോദി കൂടുതല്‍ കൂടുതല്‍ സ്വീകാര്യനാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: