ബെംഗളൂരു: ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സൂപ്പര്‍ പവര്‍ ആക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബെംഗളൂരുവിലെ നൃപതുംഗ സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുക, യുവാക്കള്‍ക്ക് ശോഭനമായ ഭാവി നല്‍കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്‍ഗണനകള്‍. ഈ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) രൂപപ്പെടുത്തിയതെന്നും അമിത്ഷാ പറഞ്ഞു. രാജ്യത്ത് ആദ്യമായി എന്‍ഇപി പാഠ്യപദ്ധതി സ്വീകരിച്ചതിന് കര്‍ണാടക സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.
വിദ്യാര്‍ഥികളാണ് രാജ്യത്തിന്റെ ഭാവിയെന്ന് പറഞ്ഞ അമിത് ഷാ, ദേശസ്നേഹത്തിന്റെ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ അവരോട് ആഹ്വാനം ചെയ്തു. പൂര്‍ണമായും ഇന്ത്യന്‍ കാഴ്ചപ്പാടോടെയുള്ള ദേശസ്നേഹ വിദ്യാഭ്യാസം എന്‍ഇപിയില്‍ നല്‍കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യം വലിയ പുരോഗതി കൈവരിക്കും. ഇതോടെ ഇന്ത്യ ലോക വിശ്വഗുരുവാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പി.സി. മോഹന്‍ എംപി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര, അശ്വത് നാരായണ്‍, ആര്. അശോക, ഡോ.കെ. സുധാകര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളികുമാര് കട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: