ന്യൂദല്‍ഹി: ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ കൗണ്ട്ഡൗണ്‍ എന്ന നിലയില്‍, പെട്രോളിയം പ്രകൃതിവാതക, ഭവനനഗരകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി, ഇന്ന് ‘സാമാന്യ യോഗ അഭ്യാസക്രമം’ (സിവൈപി) അടിസ്ഥാനമാക്കിയുള്ള യോഗ പരിപാടി സംഘടിപ്പിച്ചു. ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന്, വിദേശരാജ്യങ്ങളിലെ ചില സ്ഥലങ്ങള്‍ ഉള്‍പ്പെടെ 75 ഇടങ്ങളില്‍ പരിപാടികള്‍ നടത്തി.
ഇരു മന്ത്രാലയങ്ങളിലെയും, ബന്ധപ്പെട്ട ഓഫീസുകളിലെയും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗ സെഷനുകളില്‍ പങ്കെടുത്തു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ന്യൂ ഡല്‍ഹിയില്‍ നിന്നും, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും പഴക്കമുള്ളതുമായ എണ്ണശുദ്ധീകരണശാലയായ ദിഗ്ബോയ് റിഫൈനറിയില്‍ നിന്നും വിര്‍ച്വലായി പരിപാടിയില്‍ പങ്ക് ചേര്‍ന്നു.
ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ന്യൂ ഡല്‍ഹിയിലെ നിര്മാണ് ഭവനില്‍ നടന്ന യോഗ പരിശീലനത്തിനും പ്രദര്‍ശനത്തിനും നേതൃത്വം നല്കി. പെട്രോളിയം, പ്രകൃതി വാതക സെക്രട്ടറി പങ്കജ് ജെയിനും, മന്ത്രാലയത്തിലെയും എണ്ണ വിപണന കമ്പനികളിലെയും ഉദ്യോഗസ്ഥരും, ന്യൂ ഡല്‍ഹിയില്‍ നടന്ന പ്രധാന യോഗ സെഷനില്‍ പങ്കെടുത്തു.
ആയുഷ് മന്ത്രാലയമാണ് അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങളുടെ നോഡല്‍ മന്ത്രാലയം. ഈ വര്‍ഷം, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയില്‍, 100 വ്യത്യസ്ത സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ആയുഷ് മന്ത്രാലയം 13.03.2022 മുതല്‍ 100 ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട്, ‘സാമാന്യ യോഗ അഭ്യാസക്രമം’ (സിവൈപി) അടിസ്ഥാനമാക്കിയുള്ള യോഗാഭ്യാസങ്ങള്‍ പരിശീലിക്കുകയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആചരിക്കുന്നതിന് ഓരോ മന്ത്രാലയത്തിനും ആയുഷ് മന്ത്രാലയം പ്രത്യേക തീയതികള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: