Â
മനുഷ്യമനസ്സിന്റെ സമതയും സര്‍ഗ്ഗാത്മകതയും സത്താത്മകമായ പരിവര്‍ത്തനശേഷിയുമെല്ലാം ബോധമണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങളാണല്ലോ. ഭൗധിക രംഗത്ത് കൂടെകൂടെ നവീകരണങ്ങളും നവ്യസൃഷ്ടികളും ഉണ്ടാകുന്നതുപോലെ ആന്തരിക ലോകത്തും നവീകരണങ്ങളും പുതുക്രമീകരണങ്ങളും ആവശ്യമായി വരുന്നു. ഭൗധികവും ആത്മീയവും, സ്ഥൂലവും സൂക്ഷ്മവും തമ്മില്‍ അവിഭാജ്യ ബന്ധമുണ്ട്, അവ പരസ്പര പൂരകങ്ങളാണ്. അതുകൊണ്ടാണ് ലോകത്ത് പ്രത്യേക മുഹൂര്‍ത്തങ്ങളില്‍ അങ്ങുമിങ്ങും മഹാത്മാക്കള്‍ വന്ന് ജനിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കേരളത്തിലും അങ്ങനെ ഒരു മഹാപുരുഷന് ജീവിച്ചിരുന്നു, ബോധപരിണാമത്തിന്റെ ആചാര്യന് നവജ്യോതി ശ്രീ കരുണാകരഗുരു. ആത്മീയരംഗത്ത് ഒരു വിപ്ലവാത്മകമായ മതാതീത-സോഷ്യലിസ്റ്റ് ആശയത്തിനാണ് ഗുരു വിത്ത് പാകിയിരിക്കുന്നത്. വിമോചനമതമെന്നാണ് ഗുരു തന്റെ മാര്‍ഗ്ഗത്തെ വിശേഷിപ്പിച്ചത്. ഗുരുവിന്റെ ദേഹവിയോഗത്തിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികം (നവഒലി ജ്യോതിര്‍ദിനം) ആഘോഷിക്കുന്ന ഈ അവസരത്തില്‍ (മെയ് ആറിന്) ഗുരു മുന്പോട്ട് വെച്ച ബോധപരിണാമത്തിന്റെ പന്ഥാവിലേക്ക് ഒന്ന് എത്തിനോക്കാം.
ബോധത്തിന്റെ ദ്വൈതാത്മകതേയും ദ്വന്താത്മകതേയും ശ്രേണീബന്ധതേയും കുറിച്ചുള്ള അവബോധം സൃഷ്ട്ടിക്കലാണ് ഗുരുവിന്റെ ബോധപരിണാമപ്രക്രിയയില് ആദ്യത്തേത്. ദ്വൈതാത്മകത എന്നാല്‍ ബോധം ഒന്നായിരിക്കുമ്പോഴും പലതായി രൂപം കൊള്ളുന്ന അവസ്ഥയാണ്. അങ്ങനെയുള്ള ദ്വൈതാവസ്ഥയില്‍ കൂടി മാത്രമേ അദ്വൈതത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. ഗുരു ദ്വൈതത്തെ നിരാകരിക്കുന്നില്ല, മായാസിദ്ധാന്തം പറഞ്ഞ് അസ്ഥിത്വഭ്രമം ജനിപ്പിക്കുന്നില്ല. ഉള്ളതിനെ ഉള്ളതായി കണ്ട്, ആ ഉള്ളതിനെ ആത്യന്തികമായ ശ്രേയസ്സിലേക്ക് ഉയര്‍ത്തുകയാണ് ഗുരു ചെയ്യുന്നത്.
സുഖ-ദു:ഖങ്ങള്‍, നന്മ-തിന്മകള്, ഉയര്‍ച്ച-താഴ്ച്ചകള്‍ എന്നിവ ബോധത്തിന്റെ ദ്വന്താവസ്ഥയാണ്. ബോധം തന്നെയാണ് ദ്വന്തത്തെ സൃഷ്ടിക്കുന്നത്. അതില്‍ മറ്റൊരു കാരകശക്ത്തിയെ അന്വേഷിക്കേണ്ടതില്ല. ദ്വന്തങ്ങളെ ദമനം ചെയ്ത് പടിപടിയായി ബോധത്തെ സമതാവസ്ഥയില്‍ എത്തിക്കുവാന്‍ പ്രപഞ്ചമനസ്സിന്റെ സഹായം ആവശ്യമായി വരുന്നു. സുഷുപ്തമായ ജീവശക്തിയെ ഉണര്‍ത്തി ബോധത്തെ അതിസൂക്ഷതലങ്ങളിലേക്ക് നയിക്കുകയാണ് ഗുരു ചെയ്യുന്നത്. ബോധത്തിന്റെ വിവിധ വികാസ മണ്ഡലങ്ങളെയാണ് ശ്രേണീബന്ധത എന്ന് വിശേഷിപ്പിച്ചത്. അണു തൊട്ട് അഖണ്ഡം വരെയുള്ള ബോധമണ്ഡലങ്ങളില്‍ കൂടിയുള്ള ഈ പ്രയാണത്തിന് ശിഷ്യനെ യോഗ്യതപ്പെടുത്തുന്ന പ്രക്രിയയാണ് ഗുരുവിന്റെ ബോധപരിണാമ ശാസ്ത്രം.
ബോധസത്ത താഴ്ന്ന അവസ്ഥയില്‍ നിന്ന് പ്രകാശമയമായ തലങ്ങളിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴാണ് പുണ്യവും, ഭാഗ്യവും, ഐശ്വര്യവും അതിനനുപാതമായി വന്നു ചേരുന്നത്. ഇത് ഒരു വ്യക്തിയില്‍ സീമിതമാകുന്നില്ല. മറിച്ച് കുടുംബത്തിന്റെയും, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാഗധേയം നിശ്ചയിക്കുന്ന വൈശ്വികമായ ഒരു യുഗാന്തരപ്രക്രിയയാണിതെന്ന് ഗുരുവചനങ്ങള്‍ വ്യക്തമാക്കുന്നു.
പരിണാമത്തിന് അതിന്റേതായ സമ്മര്‍ദ്ധങ്ങളും കാഠിന്യവും ഉണ്ട്. അതിനെ പറ്റി ഗുരു പറഞ്ഞത് ഇങ്ങനെയാണ്:
“നിങ്ങളുടെ ജീവനിലിരിക്കുന്ന കെടുതിയെയും, സ്വഭാവത്തെ തന്നെയും ഒന്നിളക്കി മറിച്ച് വളരെ പതുക്കെ ക്രമേണ സകലതും മാറ്റിക്കളയും. പക്ഷെ ഇതിന് ചുരുങ്ങിയത് പന്ത്രണ്ട് വര്‍ഷമെങ്കിലും വേണം. ചിലപ്പോള്‍ നിങ്ങളുടെ ജീവിതം തന്നെ വേണ്ടി വരും. ഇതിനിടക്ക് നമുക്ക് പലതരത്തിലുള്ള കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടും ത്യാഗവുമൊക്കെ സഹിക്കേണ്ടി വരും. അതിലൊന്നും പേടിക്കരുത്. ഒരു നന്മ വരുന്നതിന് മുന്‍പ് കുറച്ച് ബുദ്ധിമുട്ടണം. എന്തെല്ലാം നടന്നാലും എന്റെ തലമുറയ്ക്ക് വേണ്ടി ഞാന്‍ എന്തും അനുഭവിക്കാം. മുറയെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി എന്ത് ത്യാഗവും ഞാന്‍ ചെയ്യും. എനിക്ക് നാടും വീടും ഒന്നും വേണ്ട, പക്ഷെ, എന്റെ തലമുറക്കുണ്ടായിരിക്കണം എന്നൊരു ദൃഢനിശ്ചയം നമുക്കുണ്ടായിരിക്കണം…” (സമ്പൂര്‍ണ ഗുരുവാണി, P/245-6)
അടുത്തത് ഒരു മനുഷ്യന്റെ ബോധത്തോട് ബന്ധപ്പെട്ടിരിക്കുന്ന അതീന്ദ്രിയ പ്രഭാവങ്ങളുടെ നിര്‍മ്മാര്‍ജനമാണ്. ബോധം നിലനില്‍ക്കുന്ന ഒരു ‘എക്കോ സിസ്റ്റം’ അഥവാ ആവാസവ്യവസ്ഥ ഉണ്ട്. ഒന്‍പത് ഗൃഹങ്ങള്‍, പന്ത്രണ്ട് രാശിമണ്ഡലങ്ങള്‍, ഇരുപത്തേഴ് നക്ഷത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സൗരയൂഥ വലയത്തിലാണ് ബോധം നിലനില്‍ക്കുന്നത്. ഈ ആവാസവ്യവസ്ഥയില്‍, വിവിധ ബോധമണ്ഡലങ്ങളില്‍ വിലയം പ്രാപിച്ചു നില്ക്കുന്ന വേറെയും ബോധസ്വരുപങ്ങള് ഉണ്ട്. അവയില്‍ ഏറ്റവും അടുത്ത് മനുഷ്യബോധത്തെ സ്വാധീനിക്കുന്നത് ജനിതകമായ ബോധവള്ളികളാണ്. അതിനെയാണ് ഭാരതീയര്‍ ജൈവപരമായി പിതുക്കള് എന്ന് പറയുന്നത്. ഈ സൂക്ഷ്മമായ ബോധവള്ളികളുടെ ജനിതകമായ സ്വാധീനത്തിനൊത്ത് മാത്രമേ സ്തൂലബോധത്തിന് (മനുഷ്യജീവന്) പ്രവര്‍ത്തിക്കാനാകൂ. ഈ എക്കോസിസ്റ്റത്തിലെ വേറെയും നിരവധി സൂക്ഷരൂപികളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് മനുഷ്യബോധം. മനുഷ്യന്റെ ചിന്തകളേയും പ്രവൃത്തികളേയും എന്തിനധികം അവന്റെ നിയതിയെപ്പോലും നിയന്ത്രിക്കുന്നത് ഈ സൂക്ഷലോകമത്രേ.
ഒരാളുടെ പ്രാര്‍ത്ഥനാ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട കൊച്ചു കൊച്ചു സ്വതന്ത്രമായ പ്രകാശവലയങ്ങളാണ് ഈ സൂക്ഷ്മലോകം. ഇവയില്‍ പലതരം ആരാധനാമൂര്‍ത്തികളും ആത്മീയലോകത്തിലെ ജന്മികള് എന്ന് ഗുരു വിശേഷിപ്പിച്ച ചില ബോധസത്തകളും ഉള്‍പ്പെടുന്നു. ഈ സൂക്ഷ്മലോകത്തിന്റെയും ജനിതകബോധവള്ളികളുടെയും അനഭിലഷണീയമായ സ്വാധീനത്തില്‍ നിന്നും മുക്തമായാല് മാത്രമേ അനന്തസാധ്യതകള്‍ പ്രദാനം ചെയ്യുന്ന ബോധപരിണാമം സാധ്യമാകൂ. പിതൃശുദ്ധി എന്ന ജനിതക വിമലീകരണ പ്രക്രിയയില്‍ കൂടിയാണ് ഗുരു ഇത് സാധ്യമാക്കുന്നത്. ഗുരുവിന്റെ ആശയത്തിന്റെ കാതലായ അംശമാണിത്. പിതൃശുദ്ധി പൂര്‍ണതയോടെ ചെയ്യുവാന്‍ ബ്രഹ്മാനുവാദം സിദ്ധിച്ച ഒരു പരമ്പരയാണ് ഗുരുവിന്റെത്. ഗുരുവിന്റെ ചില വാക്കുകള്‍:
“അതിനാണ് ഭഗീരഥന്റെ കാര്യം മുന്‍പ് പറഞ്ഞത്. രാജ്യഭരണം വലിച്ചു ദൂരെ എറിഞ്ഞിട്ട് പോയി തപസ്സ് ചെയ്തു. തന്റെ പിതൃവെ ശുദ്ധിയാക്കാന്‍ വേണ്ടി അഗസ്ത്യരും അങ്ങനെ ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഈ ‘പിതൃവെ’ ശുദ്ധിയാക്കാന്‍ ചെയ്തിരിക്കുന്ന ബുദ്ധിമുട്ടും ത്യാഗവും നോക്കുമ്പോള്‍ നമുക്ക് ദൈവം തന്നിരിക്കുന്ന വഴി എത്രയോ ലളിതവും വലിപ്പമുള്ളതുമാണ്. സിദ്ധിയോ വലിയ ജ്ഞാനമോ പകര്‍ന്ന് കൊടുക്കലോ അല്ല ഇത്. എന്നാല്‍ ജ്ഞാനത്തിന്റെ കാതലുമാണ്. ഭമിയിലാര്ക്കും ഇതല്ലാതെ വേറെ വഴിയില്ല. ഇത്രയും നല്ലൊരു മാര്‍ഗ്ഗം നമുക്ക് കിട്ടിയിട്ട് അതിനെ വേണ്ടവിധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാതെ നിങ്ങള്‍ എപ്പോഴും ഭര്‍ത്താവിന് യോഗ്യതയുണ്ടോ, ഭാര്യക്ക് യോഗ്യതയുണ്ടോ, ധനമുണ്ടോ എന്നെല്ലാമുള്ള ചിന്തയിലാണ്. അതെന്തോ ആകട്ടെ. ഇത്രയും കാര്യമായി നമുക്ക് കിട്ടിയതിനെ ശക്തിയോടെ നാം പ്രാര്‍ഥിച്ച് കൈവശപ്പെടുത്തുകയാണ് വേണ്ടത്. ആ പ്രാര്‍ത്ഥന കൊണ്ട് ഈ ലോകത്തിന്റെ നീചത്വത്തിനെ തുടച്ചു മാറ്റാന്‍ പോരുന്നതാണെന്ന സങ്കല്പത്തോടെ അത്ര വാശിയോടെ നിങ്ങള്‍ പ്രാര്‍ഥിക്കുക. അങ്ങനെ നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ട് ഈ ലോകത്തിന് വലിയ താങ്ങും തണലും കിട്ടുകയാണ്. (സമ്പൂര്‍ണ ഗുരുവാണി, P/246)
ശ്രേണീബന്ധമായ ബോധപരിണാമപ്രക്രിയയുടെ മറ്റൊരു പ്രധാന ഘടകമാണ് ഗുരുവിന്റെ മാതൃകയാക്കേണ്ടുന്ന ആരാധനാ പ്രക്രിയ. ബോധപരിണാമത്തെ ഗുരു വിശേഷിപ്പിച്ചത് അവസ്ഥാന്തരങ്ങള്‍ എന്നാണ്. മനുഷ്യബോധത്തില്‍ നിന്നും ബ്രഹ്മാണ്ഡത്തിലെ വിവിധ ബോധമണ്ഡലങ്ങളില്‍ കൂടി പരിണമിച്ച് പരബ്രഹ്മപ്രകാശത്തില് വിലയം പ്രാപിക്കുന്ന പ്രക്രിയയാണ് ഭാരതീയ ഋഷിവര്യന്മാരുടെ ബോധപരിണാമശാസ്ത്രം. ഈ ബോധമണ്ഡലങ്ങളെ ഭുതമണ്ഡലം, പിതൃമണ്ഡലം, ദേവമണ്ഡലം, ത്രിമുര്‍ത്തി മണ്ഡലം, ഋഷിമണ്ഡലം (മൂലഗണപതി), പരാശക്തിമണ്ഡലം, ഈശ്വരമണ്ഡലം, ദൈവമണ്ഡലം, ബ്രഹ്മമണ്ഡലം, പരബ്രഹ്മമണ്ഡലം എന്നിങ്ങനെ പത്ത് അവസ്ഥാന്തരങ്ങളായി ഗുരു വിശേഷിപ്പിക്കുന്നു. ബോധപരിണാമത്തിന്റെ ഈ അവസ്ഥാവിശേഷങ്ങള്‍ കണ്ടറിഞ്ഞ് വിവിധ ആരാധനാ സമ്പ്രദായങ്ങളെ ഗുരു വിലയിരുത്തുന്നു. അത് പിന്നെ കാലത്തോടും കാലധര്മ്മത്തോടും ബന്ധപ്പെടുത്തി പറയേണ്ടതുണ്ട്. അതിനു വേണ്ടിയാണ് യുഗങ്ങളും മന്വന്തരങ്ങളും കല്പവുമായി അറിയപ്പെടുന്ന കാലത്തിന്റെ വിവിധ മാപിനികള്‍ ഋഷിവര്യന്മാര് നമ്മള്‍ക്ക് നല്‍കിയിട്ടുള്ളത്.
നിരവധി ജന്മങ്ങളില്കൂടി തപസ്സനുഷ്ടിച്ച് ഈ അവസ്ഥാന്തരങ്ങളെ പൂര്‍ത്തീകരിച്ച ഒരു ഗുരുവിന് മാത്രമേ ശിഷ്യരെ അവസ്ഥാന്തരങ്ങള്‍ കടത്തി വിടാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഋഷികളുടെ മതം. കഠോപനിഷത്തിലെ ഈ വചനം ശ്രദ്ധിക്കുക:
“ആത്മതത്വത്തെ പറ്റി പറയുന്ന ഗുരുവും അത് ആഗ്രഹിക്കുന്ന ശിഷ്യനും അനുഗ്രഹീതരാണ്. ഒരു അനുഭവസ്ഥനായ ഗുരുവില്‍ നിന്നും ആത്മതത്വം ഗ്രഹിക്കുന്നവന് അനുഗ്രഹീതന്‍ തന്നെ”.
സനാതനധര്‍മ്മത്തിന്റെ കാലോചിതമായ ഉയര്ത്തെഴുനേല്പ്പാണ് കരുണാകരഗുരു എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ നീണ്ട ത്യാഗപൂര്‍ണമായ തന്റെ ജീവിതത്തിലുടെ സാധ്യതമാക്കിയത്.
Â
മുകുന്ദന് പി ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: