തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ പറ്റി പഠിച്ച് റിപ്പോര്‍ട്ട് മസര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഇന്ത്യന്‍ എക്സ്പ്രസിലെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രാജീവിന്റെ വെളിപ്പെടുത്തല്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് രാജീവിന്റെ പ്രതികരണം. ‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ എന്നോട് പറഞ്ഞു.റിപ്പോര്‍ട്ടിലെ പലകാര്യങ്ങളും കോണ്‍ഫിഡന്‍ഷ്യല്‍ ആണ്, അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ അതിലെ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് സംഘടന ആവശ്യപ്പെട്ടതെന്നും മന്ത്രി. അതേസമയം, മന്ത്രിയെ തള്ളി ഡബ്ല്യുസിസി രംഗത്തെത്തി. ഇരകളുടെ പേര് ഒഴിവാക്കിയേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഡബ്ല്യുസിസി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ ചിത്രം പുറത്തു വരുമെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു. പലരുടെയും പേര് പുറത്തുവരുമെന്ന് ഭയന്ന് പ്രബലരായ പല വ്യക്തികളും റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. ഒരാള്‍ ആക്രമിച്ചു, അപമര്യാദയായി പെരുമാറി എന്ന് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പറയാനാവാത്തത് ചിലര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. പരാതി പരിഹാര സെല്‍ വരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതിന് കാരണമിതാണെന്നും പാര്‍വതി പറഞ്ഞു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതിനെ ചോദ്യം ചെയ്ത സിനിമ മേഖലയ്ക്ക് അകത്തും പുറത്തും നിരവധിപേര്‍ പ്രേതിഷേധം അറിയിച്ചെത്തിയിരുന്നു. അതേസമയം, ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പുതിയ നിയമനിര്‍മ്മാണം ഉണ്ടാവുമെന്ന് മന്ത്രി സജി ചെറിയാന് നേരത്തെ അറിയിച്ചിരുന്നു
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: