കെ. ഗോകുല്‍ദാസ്
ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകനും, സോഷ്യലിസ്റ്റ് എന്ന് ചരിത്രകാരന് ആര്‍തര്‍ മില്‍സ ്വിശേഷിപ്പിച്ച മഹാത്മ ബസവേശ്വരന് ഭാരത നവോത്ഥാന ശില്പികളില് പ്രഥമ ഗണനീയനാണ്. വര്‍ഗ്ഗരഹിതവും, ജാതിരഹിതവുമായ ഒരു സമൂഹം സ്വപ്നം കണ്ട് ഭൗതീകതയേയും, ആത്മീയതയെും സമന്വയിപ്പിച്ച ബസവേശ്വരന്റെ 889 -ാം ജന്മദിനം നാളെ അക്ഷയതൃതിയ ദിനത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.
ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന് എട്ടാം വയസ്സില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പുണൂല് തനിക്കും ആവശ്യമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറങ്ങി സ്ത്രീ-പുരുഷവിവേചനത്തിനെതിരെ ആദ്യ ശബ്ദമുയര്‍ത്തി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമത്വം സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ബസവേശ്വരന് എ.ഡി. 1131-ല്‍ കര്‍ണ്ണാടകയിലെ ബിജാപ്പൂര്‍ ജില്ലയിലുള്ള ഇംഗലേശ്വര ബഗവാഡിയില്‍ ബ്രാഹ്മണ ദമ്പതികളായ മദരസയുടെയും, മദലാംബികയുടെയും മകനായി ജനിച്ചു. പിതാവ് ഗ്രാമ തലവനായിരുന്നു. പുണൂല് ജാതിയുടെയും, ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേര്തിരിച്ചുകാണിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണെന്നും ബസവേശ്വരന് വിശ്വസിച്ചു. ഉപനയന ചടങ്ങ് ബഹിഷ്കരിച്ച ബസവേശ്വരന് കുടസംഗമ ക്ഷേത്രത്തിലെത്തി അവിടെ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മാതുലനും കഷ്യാണിലെ രാജാവിന്റെ മന്ത്രിയുമായ ബലദേവന്റെ മകളെ വിവാഹം ചെയ്തു. തുടര്‍ന്ന് കല്ല്യാന്‍ ഭരിച്ചിരുന്ന ബിജദല രാജാവിന്റെ രാജധാനിയിലെത്തുകയും ഖജനാവും സൂക്ഷിപ്പുകാരനാവുകയും ക്രമേണ രാജാവിന്റെ പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു.
ഈ കാലത്തിലൊക്കെ സാമൂഹിക പരിഷ്കരണ ശ്രമങ്ങള്‍ നടത്തിവന്നിരുന്ന അദ്ദേഹം നാട്ടിലാകെ ഇതിനായി സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരില്‍ മനസ്സിലാക്കുകയും ചെയ്തു.സാമൂഹിത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തികൊണ്ട് അനുഭവ മണ്ഡപം എന്ന ഒരു ആദ്ധ്യാത്മിക പാര്‍ലമെന്റിന് രൂപം നല്കി. ഇതാണ്പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യസങ്കല്പ്പത്തിനും മാതൃകയായത് എന്ന് വിശ്വസിക്കുന്നു. അനുഭവ മണ്ഡപത്തില്‍ ചെരുപ്പുകുത്തിയും, കര്‍ഷകനും, അലക്കുകാരനും, തയ്യല്‍ക്കാരനും, ബ്രാഹ്മണനും അങ്ങനെ വിവിധ കൈത്തൊഴില്‍ ചെയ്യുന്നവരും അംഗങ്ങളായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അനുഭവമണ്ഡപത്തിന്റെ അധ്യക്ഷ സ്ഥാനത്ത് അല്ലമപ്രഭുവിനെ നിയോഗിച്ചുകൊണ്ട് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്കുവാന് ബസവേശ്വരന് തയ്യാറായി.
ആദ്ധ്യാത്മിക പാര്‍ലമെന്റില്‍ അക്ക മഹാദേവി, മുക്തമക്ക, നാഗാലാംബിക, നീലാംബിക തുടങ്ങിയ സ്ത്രീകള്‍ സജീവ സാന്നിധ്യമായിരുന്നു. കായകവേ കൈലാസം എന്ന തത്ത്വമാണ് ബസവേശ്വരന് പ്രചരിപ്പിച്ചത്. തൊഴില്‍ തന്നെയാണ് ഈശ്വര ആരാധന. അദ്ധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വമേറും. നീചമായ ജോലി, മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവ് പാടില്ലെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ഓരോരുത്തര്‍ക്കും തനിക്ക് ആവശ്യമുള്ള ഭക്ഷണത്തിനുള്ള വക സ്വയം അധ്വാനിച്ചു കണെത്തണമെന്നും മിച്ചം വരുന്നവ ഇല്ലാത്തവര്‍ക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈ ചിന്താധാര കായകദാസോഹ സിദ്ധാന്തമെന്ന പേരില്‍ അറിയപ്പെടുന്നു. ഈശ്വര പൂജ ഹൃദയത്തിലാണു നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മ ബസവേശ്വരന്റെ പ്രതിമ ഇന്ത്യന്‍ പാര്‍ലമെന്റിലും ലണ്ടണിലും പ്രാധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബസവേശ്വരന്റെ ഛായാചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാമൂഹിക വിപ്ലവകാരിയും പരിഷ്കര്‍ത്താവുമായിരുന്ന മഹാത്മ ബസവേശ്വരന്റെ ചരിത്രം കേരളത്തില്‍ എല്ലാ മേഖലകളിലും അടയാളപ്പെടുത്തണം.
(ആള് ഇന്ത്യാ വീരശൈവ സഭയുടെ സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: