ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏക സിവില്‍കോഡ് ആവശ്യമില്ലെന്ന് അസദുദ്ദീന്‍ ഒവൈസി എംപി. ഏകവ്യക്തി നിയമം ആവശ്യമില്ലെന്ന് നിയമ കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യനിരോധനത്തെക്കുറിച്ചും ഭരണഘടന പറയുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതേക്കുറിച്ച് പറയുന്നില്ല. ഏക സിവില്‍കോഡ് നിയമം തടയേണ്ടത് അത്യാവശ്യമാണെന്ന് ഒവൈസി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
ഏകീകൃതസിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് 2020ഓടെ എല്ലാ ഭാരതീയര്‍ക്കും ഒരൊറ്റ നിയമം എന്നത് പ്രാര്‍ത്തികമാക്കാനാണ് നീക്കം. ഇതിനായി യൂണിഫോം സിവില്‍ കോഡിന്റെ കരട് തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. മുത്തലാഖ് ബില്ലിനേക്കാളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞിനേക്കാളും ഏറെ സുപ്രധാനവും നിര്‍ണായകവുമാണ് ഏകീകൃത സിവില്‍ കോഡ്.
ഇന്ത്യയിലെ പ്രധാന മതജാതി വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകംപ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തര്‍ക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവില്‍ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ പൊതുവായ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തില്‍ അധിഷ്ഠിതമാണ്.
അടുത്തിടെ ഏകീകൃത സിവില്‍ കോഡ് സുപ്രീംകോടതിയും ചര്‍ച്ചയാക്കിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെയും യഥാര്‍ഥ്യമായില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരുശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പൗരന്മാര്ക്ക് ഏക വ്യക്തിനിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവമാത്രമാണ് തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവയിലെ ഒരു സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: