നമ്മളിലധികം പേരും ജീവിതത്തെ അത്രയൊന്നും ഗൗരവമാക്കാതെ മരണത്തിന് കീഴ്പ്പെടുമ്പോള്‍ ചിലര്‍ മരണത്തിനുമപ്പുറത്തേക്ക് ജീവിതത്തെ കൊണ്ടെത്തിക്കുന്നു. അവരുടെ കരുതലുകള്‍, സ്നേഹം, ശാസന, സൗഹൃദം എല്ലാം ദീര്‍ഘകാലം നിലനില്‍ക്കുന്ന നന്മകളായി വേണ്ടപ്പെട്ടവരില്‍ പ്രകാശിച്ച് നേരിന്റെ വെളിച്ചം പകര്‍ന്ന് അന്ധതയകറ്റുന്ന മാര്‍ഗദര്‍ശിയായ, ഗുരുത്വമുള്ളതായ ഒരിക്കലും നശിക്കാത്ത ഉണ്മയായി മാറുന്നു.
പ്രൊഫ. ആര്. വാസുദേവന്‍ പോറ്റി നവതിയും കഴിഞ്ഞ് 92-ാം വയസ്സില്‍ മഹാമാരിക്കാലത്ത് നമ്മെ വിട്ടുപിരിഞ്ഞിട്ട് മെയ് 2ന് ഒരു വര്‍ഷം തികയുകയാണ്. ‘ആദരാഞ്ജലികള്‍’ എന്ന വാക്ക് ചിത്രത്തിനടിയില്‍ കുറിച്ചിട്ട് കണ്ണടച്ച് ആ ജ്ഞാനനിധിയുടെ അമൃതബിന്ദുക്കള്‍ മനസ്സില്‍ ധ്യാനിച്ച് കഴിച്ചുകൂട്ടി ശിഷ്യരും മറ്റും.
പോറ്റി സര് മരിച്ചിട്ടും ഉറങ്ങിയിട്ടില്ല സാറിന്റെ കൂടെ സഞ്ചരിച്ചവരും, ഏതെങ്കിലും രീതിയില്‍ അദ്ദേഹവുമായി പെരുമാറിയവരും മറ്റും ഈ ആചാര്യന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും ചിരി ചിന്തനങ്ങളും പഠന-പാഠന പാടവവും പറഞ്ഞ് ഉറക്കം കെടുത്തുന്നു. മൂളി കേള്‍ക്കാന്‍ കഴിയാത്ത ലോകത്തിരുന്ന് ആ ജ്ഞാനനിധി അത് ആസ്വദിക്കുന്നത് മനസ്സിലാക്കുന്നു.
അറിവിനെ കരതലാമലകമാക്കി കൂടെ കൂട്ടിയതുകൊണ്ട് പോറ്റി സര് അരനൂറ്റാണ്ടിലേറെ സംസ്കൃത ശാസ്ത്ര ലോകര്‍ക്കും ആധ്യാത്മിക രംഗത്തും ‘ഇതിങ്ങനെ തന്നെ’ എന്നു പറയാന്‍ കഴിവുള്ള അവസാന വാക്കായിരുന്നു. ജ്ഞാനം സമീപത്തിലും മനസ്സിലും താലോലിച്ച് ജീവിതം നയിച്ച സത്പുരുഷന്‍. ഉത്തരം ചോദ്യത്തെ നോക്കി പരിഹസിക്കുന്ന, അജ്ഞത നാണിച്ചൊതുങ്ങുന്ന വാക്യാര്‍ത്ഥ സഭകളുടെ ആചാര്യന്, കാലഗതിക്കനുസരിച്ച് ഉറച്ച കാല്‍വയ്പ്പുകളോടെ നടന്ന വഴിവിളക്കിനെ ആണ്ടുശ്രാദ്ധത്തില് പിതൃപിണ്ഡം നല്കി അലങ്കരിച്ചാരാധിക്കാം.
അച്ഛനും ഞങ്ങളും
”ഞങ്ങള്‍ക്കച്ഛന്‍ സ്നേഹസ്വരൂപിയായിരുന്നു ഒപ്പം കര്‍ക്കശക്കാരനും… അച്ഛനെക്കുറിച്ച് എന്ത് പറയാനാണ്.” ഓര്‍മ്മകള്‍ മനസ്സില്‍ തളംകെട്ടി നില്ക്കുന്ന മൂത്തമകള്‍ ശ്യാമളകുമാരി അവയുടെ കെട്ടഴിച്ചു. ”മൂത്തവളായതിനാലാവാം അച്ഛന്റെ പ്രൈവറ്റ് സെക്രട്ടറിയെ പോലെയായിരുന്നു. പരീക്ഷാ പേപ്പറുകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ അതിലെ മാര്‍ക്കുകള്‍ കൂട്ടി നോക്കി ശരിയാണോ, എവിടെയെങ്കിലും മാര്‍ക്കിടാന്‍ വിട്ടുപോയോ എന്ന് നോക്കി മാര്‍ക്ക് ലിസ്റ്റെഴുതി പാക്ക് ചെയ്ത് അയക്കുന്നതു വരെ ഞാന്‍ കൂടെയുണ്ടാവും. കുട്ടിക്കാലത്ത് ശമ്പള ദിവസം ഞങ്ങള്‍ മക്കളെയും കൂട്ടി തിരുവനന്തപുരം ആയുര്‍വേദ കോളജിനടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി തൈരുവടയും റോസ് മില്‍ക്കും വാങ്ങിത്തരുമായിരുന്നു.
”ചിട്ടയായ ജീവിതമായിരുന്നു അച്ഛന്റേത്. ഒന്നിനോടും അമിതമായ ആഗ്രഹമില്ല. തനിക്ക് ശരിയെന്നു തോന്നുന്നതു മാത്രമേ ചെയ്യൂ. എന്തും മുഖം നോക്കാതെ തുറന്നുപറയുന്ന സ്വഭാവം. അതച്ഛന് വളരെയധികം ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ആദരവും അംഗീകാരങ്ങളും സ്വയം നേടിയെടുക്കേണ്ടതാണെന്ന് എപ്പോഴും പറയും. രാവിലെ മൂന്നു മണിക്കെഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ ചെയ്ത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രദക്ഷിണം, നമസ്കാരം എന്നിവ നിര്‍ബ്ബന്ധമായിരുന്നു. 2019ലെ അമ്മയുടെ വേര്‍പാട് അച്ഛനെ തളര്‍ത്തി. മനസ്സിലെ തളര്‍ച്ച മുഖത്ത് നിന്ന് വായിച്ചെടുക്കുമായിരുന്നു ഞങ്ങള്‍ക്ക്. എണ്ണമറ്റ അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ടച്ഛന്. പുരസ്കാരങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഞങ്ങളെയൊന്നും കൂട്ടാറില്ല. പ്രസിഡന്റിന്റെ അവാര്‍ഡിന് ദല്‍ഹിയിലേക്ക് അമ്മയേയും, കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദദാന സമയത്ത് മക്കളെയും കൂട്ടിയതൊഴിച്ചാല്‍.”
സംസ്കൃതശാസ്ത്ര ദിനമായി ഓര്‍മിക്കപ്പെടണം
”ജീവിതത്തിന്റെ വ്യത്യസ്തമേഖലയില്‍ ജീവിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന പണ്ഡിതരത്നമായിരുന്നു പ്രൊഫ.ആര്. വാസുദേവന്‍ പോറ്റി.” ഇന്ത്യന്‍ പ്രസിഡണ്ടിന്റെ അവാര്‍ഡ് നേടിയ മഹാമഹോപാധ്യായ ഡോ.ജി. ഗംഗാധരന് നായര്‍ തന്റെ ഗുരുനാഥനെ ഓര്‍മ്മിക്കുന്നതിങ്ങനെ. ”ഇന്ന് കേരളത്തില്‍ ജീവിക്കുന്ന എല്ലാ സ്കൂള്‍ കോളജ് സംസ്കൃതാധ്യാപകരും പരോക്ഷമായോ പ്രത്യക്ഷമായോ പോറ്റി സാറിനെ സമീപിച്ച് സംശയ നിവൃത്തി നടത്തിയിട്ടുണ്ടാവും. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെയും അമൃതഭാരതി വിദ്യാപീഠത്തിന്റേയും മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും രക്ഷകനും പോഷകനുമായിരുന്നു ആചാര്യന്. സംസ്കൃത സംഭാഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രോത്സാഹനം നല്കിയ ഗുരു. ഇതിഹാസ-പുരാണ ഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള മനീഷി, വേദാന്തം, വ്യാകരണം എന്നീ ശാസ്ത്രങ്ങളില്‍ പാരംഗതന്‍, മലയാളം ഹിന്ദി ഭാഷകളില്‍ വിദ്വാന്… അദ്ദേഹത്തിന്റെ വിയോഗം ഓര്‍മ്മിക്കാന്‍ ഈ ദിനം സംസ്കൃതശാസ്ത്ര സംരക്ഷണദിനമായി വരും തലമുറ ഏറ്റെടുക്കട്ടെ. അതായിരിക്കും വേണ്ടത്.”
കനിഷ്ഠികാധിഷ്ഠിത വാസുദേവഃ
ഉപരിപഠനത്തിന് വ്യക്തതയില്ലാതിരുന്നപ്പോള് പിതൃ നിയോഗത്താല്‍ ലഭിച്ച വരപ്രസാദമാണെനിക്ക് പോറ്റി സര്. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയാധ്യാപകന് ഡോ. മനോജ് ഭാവനക്ക് അനുസ്മരിക്കാന്‍ ഒട്ടേറെയുണ്ട്. ”വിചാരിക്കാതെ ഇരിക്കുമ്പോള്‍ ഒരു ദിവസം അച്ഛനാണെന്നെ സംസ്കൃതം ബിഎക്ക് തിരുവനന്തപുരം ശ്രീശങ്കര യൂണിവേഴ്സിറ്റിയില്‍ ചേര്‍ത്തത്. അവിടെവച്ചാണ് പോറ്റി സാറിനെ പരിചയപ്പെട്ടതും ജീവിതംതന്നെ വഴിമാറിയതും. എന്റെ ഗവേഷണ പ്രബന്ധരചനയില്‍ അവസാനം വരെ ഞാനും അദ്ദേഹത്തോടൊപ്പം പോകുമായിരുന്നു. ഒരു ശിഷ്യന് ഗുരുകുല സമ്പ്രദായത്തില്‍ തന്റെ ഗുരുവിനെ ശുശ്രൂഷിക്കുന്നതു പോലെ ഞാന്‍ കാര്യങ്ങള്‍ ചെയ്തു പോന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പല ഗ്രന്ഥങ്ങള്‍ പരിശോധിച്ച് എന്റെ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതി രാത്രി വളരെ വൈകി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വയ്ക്കും. കാലത്ത് നേരത്തെ തന്നെ എണീക്കുന്ന അദ്ദേഹം അതെല്ലാം പരിശോധിച്ച് എന്നെ തിരിച്ചേല്‍പ്പിക്കും. ഒരു തവണ പോലും ഈ കാര്യത്തില്‍ പോറ്റി സര് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും പ്രകടിപ്പിച്ചിരുന്നില്ല. ഒരിക്കലും അദ്ദേഹം ദേഷ്യപ്പെട്ടിട്ടില്ല. ഒരു കുട്ടിയോടെന്ന പോലെ പെരുമാറിയ സത്പുരുഷന്‍. പഠിപ്പിക്കുന്നത് കുട്ടികളുടെ നിലവാരമനുസ്സരിച്ചാണ് അദ്ദേഹം ചെയ്തു പോന്നത്. അധ്യാപകനായ ഞാന്‍ അതിന്നും തുടരുന്നു. ഒട്ടനവധി ശാസ്ത്ര കഥകള്‍ ഇടവേളകളില്‍ അദ്ദേഹം പറഞ്ഞു തരുമായിരുന്നു. അവ സംഗ്രഹിച്ച് സാറിന് സമര്‍പ്പിക്കുകയും ചെയ്തു. സാര്‍ ആമുഖമെഴുതി തന്നിട്ടുള്ള ആ പുസ്തകം നിര്‍ഭാഗ്യവശാല്‍ ഇന്നും പ്രസിദ്ധീകരിച്ചിട്ടില്ല.”
പുരാ ഗുരൂണാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതവാസുദേവഃ.
അദ്യാപി തത്തുല്യഗുരോരഭാവാത്
അനാമികാ സാര്‍ഥവതീ ബഭൂവ.
(ഏതു സമയത്തും ഏതു തരത്തിലുമുള്ള സംശയങ്ങള്‍ക്കും ചിരിച്ച് ശിഷ്യരുടെ മനസ്സിലുറയ്ക്കുന്ന രീതിയില്‍ നിവൃത്തിതരാന് കഴിവുള്ള ഗുരുകുലക്ലിഷ്ടന്. ശിഷ്യരുടെ എല്ലാ സൗഭാഗ്യങ്ങളും മനസ്സിരുത്തുന്ന സുകൃതി.) മനോജിന് പറയാന്‍ ഇനിയുമുണ്ടേറെ.
അറിവുത്സവമാകുന്ന പാഠപുസ്തകരചന
എറണാകുളം ഭഗവതി വിലാസം ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ഡോ.ഒ. ജയശ്രീക്കും പറയാനുള്ളത് മറ്റൊന്നല്ല. ”എന്റെ അച്ഛന്റെ മരണശേഷമാണ് സാറിനെ എനിക്ക് വഴികാട്ടിയായി ലഭിച്ചത്. ദൂരത്തു നിന്നു നോക്കി കാണുമ്പോള്‍ അടുക്കാന്‍ കഴിയാത്ത ഭയം. അടുത്തപ്പോള്‍ അകലാന്‍ കഴിയാത്ത വാത്സല്യ ചേര്‍ച്ച. അതാണെനിക്ക് സര്! ഒരിക്കല്‍ ഗവേഷണ പ്രബന്ധം എഴുതിയത് തിരുത്തി അയയ്ക്കാന്‍ പോസ്റ്റ് ചെയ്ത കൂട്ടത്തിലൊരു സ്റ്റാമ്പൊട്ടിച്ച കവറും വച്ചു. കത്ത് കിട്ടിയ സമയം തന്നെ ഫോണില്‍ വിളിച്ച് ചിരിച്ചു കൊണ്ട് ശാസിച്ചു. അതൊന്നും വേണ്ടാന്ന് ഉപദേശിച്ചു. എന്റെ സംഘര്‍ഷങ്ങളിലും പ്രതിസന്ധികളിലും ഭാവാത്മകമായ ഉപദേശം തന്ന പരബ്രഹ്മസ്വരൂപമാണ് പോറ്റി സര്. ഈ ആണ്ടു ശ്രാദ്ധത്തിന് വിനീത ശിഷ്യയുടെ ജീവാഞ്ജലികള്.”
പാഠപുസ്തക നിര്‍മ്മാണ വേദിയില്‍ സാറിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് അറിവുത്സവമാവും. എന്തെങ്കിലും എഴുതി കാണിച്ചാല്‍ ജുബ്ബയുടെ പോക്കറ്റില്‍ നിന്ന് ചുവന്ന മഷിപ്പേന യാന്ത്രികമായി കയ്യിലെത്തും. ഇടവേളകളില്‍ ലഭിക്കുന്ന ക്ലാസ്സും ഒരിക്കലും മറക്കാനാവില്ല. വെട്ടലും തിരുത്തലുമായി വിഷയങ്ങളെ ‘കമ്പോട് കമ്പ്’ ചേര്‍ത്തുതരും സര്.
കസേരയിലിരിക്കാന്‍
മരണം പ്രകൃതിയാണ്, ജീവിതമാണ് വികൃതി… എന്ന് തിരിച്ചറിഞ്ഞ് ജീവിച്ച വ്യക്തി.
‘ജാതസ്യ ഹി ധ്രുവോ മൃത്യു:
ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ത്ഥേ
ന ത്വം ശോചിതു മര്‍ഹസി’
എന്നായിരം വട്ടം പഠിപ്പിച്ചിട്ടുള്ള പുണ്യപുരുഷന്.
അധ്യാപകസംഗമത്തിലും, പാഠപുസ്തകവേദിയിലും പലപ്പോഴും കൈപിടിച്ച് നയിച്ച കേരള സംസ്കൃതാധ്യാപക ഫെഡറേഷന് ജനറല്‍ സെക്രട്ടറി അജിത് പ്രസാദ് സാറിന്റെ അകാല നിര്യാണവും (ചിത്രം നോക്കുക) കഴിഞ്ഞ വര്‍ഷമായിരുന്നു. ഒരു മാസത്തെ ഇടവേളയില്‍. ഇവര്‍ ഇപ്പോഴും അവരുടെ ലോകത്ത് കൈപിടിച്ച് നടക്കുന്നുണ്ടാവും. അമരഭാഷ പറഞ്ഞ്, ദേവസഭയില്‍.
ഈ പുണ്യ പരേതാത്മാക്കള്‍ക്ക് തിലോദകം സമര്‍പ്പിക്കാം. സാഷ്ടാംഗം നമസ്കരിക്കാം. പോറ്റി സര് ഇരുന്ന കസേരയിലിരിക്കാന്‍ പരിശീലിക്കാം പരിശീലിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: