ന്യൂദല്‍ഹി: കരസേനാ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. എം.എം. നരവനെ വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേറ്റത്. എന്‍ജിനീയര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ കരസേനാ മേധാവിയാണ് മനോജ് പാണ്ഡെ. കിഴക്കന്‍ കരസേനാ കമാന്‍ഡിന്റെ ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ യഥാര്‍ഥ നിയന്ത്രണരേഖയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയിലെ ബ്രിഗേഡിനു നേതൃത്വം നല്‍കുകയും പടിഞ്ഞാറന്‍ ലഡാക്കില്‍ ജനറലായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഓപ്പറേഷന് പരാക്രം നടക്കുമ്പോള്‍ നിയന്ത്രണരേഖയിലെ എന്‍ജിനീയര്‍ റെജിമെന്റിന്റെ കമാന്‍ഡറായിരുന്നു.
വിരമിക്കുന്ന ജനറല്‍ നരവനെയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആശംസകള്‍ അറിയിച്ചു. നാല്പത്തിരണ്ട് വര്‍ഷത്തെ രാജ്യസേവനത്തില്‍ സേനാ നായകനെന്ന നിലയില്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളെ ശക്തമാക്കുന്നതില്‍ ജനറല്‍ നരവനെ ശ്രേഷ്ഠമായ പങ്കുവഹിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: