ഗുവാഹത്തി: അസം സംസ്ഥാനത്തിനായി തന്റെ അവസാന വര്‍ഷങ്ങള്‍ സമര്‍പ്പിക്കുന്നുവെന്ന് രത്തന്‍ ടാറ്റ. പ്രധാനമന്ത്രി മോദിയെ വേദിയില്‍ ഇരുത്തിയാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അസമില്‍ ഏഴ് അത്യാധുനിക കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേര്‍ന്ന് നിര്‍വഹിക്കുകയായിരുന്നു രത്തന്‍ ടാറ്റ. കാന്‍സര്‍ ചികിത്സയ്ക്കായുള്ള ആശുപത്രികളാണ് ഉദ്ഘാടനം ചെയ്തവയില് ഭൂരിപക്ഷവും.
അസം സര്‍ക്കാര്‍, ടാറ്റ ട്രസ്റ്റ്സ് എന്നിവയുടെ സംയുക്ത സംരംഭമായ അസം കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് സംസ്ഥാനത്തുടനീളം 17 കാന്‍സര്‍ കെയര്‍ ആശുപത്രികള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ ഘട്ടത്തിലെ 10 ആശുപത്രികളില്‍ ഏഴെണ്ണം പൂര്‍ത്തിയായി. മൂന്നെണ്ണം അവസാന ഘട്ടത്തിലെത്തി.
അസാമില്‍ ഇനി മികച്ച കാന്‍സര്‍ ചികിത്സകള്‍ നല്‍കാനാവും. കാന്‍സറിനു മികച്ച രീതിയിലുള്ള ആരോഗ്യസേവനങ്ങള്‍ നേരത്തേ സംസ്ഥാനത്തു ലഭ്യമായിരുന്നില്ല. പണക്കാരുടെ രോഗമല്ല കാന്‍സര്‍. അസമിനെ സ്വയവും മറ്റുള്ളവരാലും അംഗീകാരം കിട്ടുന്ന സംസ്ഥാനമാക്കി മാറ്റുന്നതിനു ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.
ഒരു ദിവസം തന്നെ ഏഴ് കാന്‍സര്‍ ആശുപത്രികള്‍ അസമില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. നേരത്തെ വര്‍ഷം കൊണ്ട് ഒരു ആശുപത്രി തുറക്കുന്നു എന്നതുപോലും ആഘോഷിക്കപ്പെട്ടിരുന്നു. കാലം എല്ലാറ്റിനെയും മാറ്റികൊണ്ടിരിക്കുകയാണെന്നും മറുപടി ്വപസംഗത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും വലിയ കാന്‍സര്‍ ചികിത്സാലയം സാധ്യമാക്കിയതിനു കേന്ദ്ര സര്‍ക്കാരിനും രത്തന്‍ ടാറ്റയ്ക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: