Categories: Article

അവഗണിക്കരുത് ഈ ചരിത്രപുരുഷനെ; നാളെ രാമന്‍ നമ്പി സ്മൃതിദിനം

പഴശ്ശി യുദ്ധങ്ങളുടെ പരിസമാപ്തിയോടെ അവസാനിച്ചേക്കുമായിരുന്ന ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടത്തെ സജീവമാക്കി തുടര്‍ന്നത് രാമന്‍ നമ്പിയാണ്. വീര കേരളവര്‍മ്മ പഴശ്ശിരാജാവെന്ന നാട്ടുരാജാവിന്റെ കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും ഇല്ലാതെ, എടച്ചന കുങ്കനെയും തല്ക്കര ചന്തുവിനെയും പോലുള്ള പടത്തലവന്മാര്‍ ഇല്ലാത്ത ഒരു കാലത്താണ് അവരുടെ ചോരപ്പാടുകള്‍ മായും മുമ്പേ തന്നെ രാമന്‍ നമ്പി പടക്കിറങ്ങിയത്.

വി.കെ. സന്തോഷ് കുമാര്‍

‘1812 മെയ് ഒന്നിന് അറുത്തെടുത്ത ഒരു മനുഷ്യത്തല കീഴുദ്യോഗസ്ഥര്‍ കൊണ്ടുവന്നു. അത് രാമന്‍ നമ്പിയുടേതാണെന്ന് അവര്‍ അറിയിച്ചു. ഉടന്‍ ടി.എച്ച്. ബാബറെ അത് കാണിച്ചു. കലാപകാരികളെ നന്നായി പരിചയമുള്ള ബാബറും അത് അംഗീകരിച്ചു. എന്നിട്ടും വിശ്വാസം വരാതെ അത് റവന്യൂ ഉദ്യോഗസ്ഥനും നാട്ടുകാരനുമായ കണാരമേനോനെ കാണിച്ചു.അയാളും സമ്മതിച്ചു.എന്നിട്ടും മതിവരാതെ കുടക് സൈനിക പോസ്റ്റില്‍ ബന്ദിയാക്കിയ മകനെ കൊണ്ടുവന്ന് കാണിച്ചു. പാവം കുട്ടി! തികഞ്ഞ നിശ്ശബ്ദതയോടെയും ക്ഷമയോടെയും അവന്‍ തലകുലുക്കി.’ഇത് 1805 നുശേഷം മലബാറില്‍ സൈനിക ഉദ്യോഗസ്ഥനായി വന്ന കേണല്‍ ജെയിംസ് വെല്‍ഷ് തന്റെ ഡയറികുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

1812 ല്‍ വയനാട്ടില്‍ ഒതുങ്ങിനിന്ന ഒരു സ്വാതന്ത്ര്യ പോരാട്ടത്തിലെ ധീരനായ നായകനെക്കുറിച്ച് അതിനെ അമര്‍ച്ചചെയ്യാന്‍ ശത്രുപക്ഷത്ത് നിന്ന ഒരാള്‍  രേഖപ്പെടുത്തിയതാണിത്. ഒരാളുടെ മരണത്തെ അയാളെ കൊന്നവര്‍ക്ക് പലരെക്കൊണ്ടും ഉറപ്പുവരുത്തേണ്ടി വന്നുവെങ്കില്‍ അയാളുടെ ധീരതയെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അയാള്‍ എത്രമാത്രം പ്രയാസങ്ങള്‍ അവര്‍ക്ക് സൃഷ്ടിച്ചിരിക്കും. അത്തരത്തിലൊരു ധീരപോരാളിയാണ് 1812 ലെ കലാപത്തില്‍ രക്തസാക്ഷിയായ,  ആ പോരാട്ടങ്ങളുടെ നായകനും സൂത്രധാരനുമായ രാമന്‍ നമ്പി.

രാമന്‍ നമ്പിയുടെ വീരമൃത്യുവിന് 210 വര്‍ഷം പിന്നിടുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ്  അജ്ഞാതമായ ഏതോ കുഴിമാടത്തില്‍ ശിരസ്സില്ലാത്ത രാമന്‍ നമ്പിയുടെ മൃതശരീരം അടക്കം ചെയ്തിട്ടുണ്ടാവും. ആ ധീരന്റെ  പോരാട്ടങ്ങളില്‍ പ്രചോദിതരായി നിരവധി ആളുകള്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളായിട്ടുണ്ടാവാം. കാരണം 1812 നുശേഷം 1820 വരേയും ശക്തമായ പോരാട്ടങ്ങള്‍ രാമന്‍ നമ്പി പോരാട്ടം നയിച്ച പ്രദേശങ്ങളില്‍ നടന്നിരുന്നു എന്നതിന് തെളിവുകളുണ്ട്.

എന്നാല്‍ ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയ കുറിപ്പുകളില്‍ അല്ലാതെ മറ്റെവിടെയും ആ ധീരന്റെ പോരാട്ടചരിത്രത്തെക്കുറിച്ച് സൂചനകളില്ല. രാമന്‍ നമ്പിയുടെ പരാജയവും പതനവും മരണവും ആഗ്രഹിച്ചവര്‍ തന്നെ ആ ചരിത്രപുരുഷന്റെ വീരചരിതങ്ങള്‍ അല്‍പ്പമെങ്കിലും വാഴ്‌ത്തിയിട്ടുണ്ട് എന്നതില്‍ നമുക്ക് അവരോട് കടപ്പാടുണ്ട്.

രാമന്‍ നമ്പിയെന്ന കുറുമ ഗോത്രക്കാരന്‍ 1812 ലെ ഗിരിവര്‍ഗ പോരാട്ടത്തിന്റെ ആസൂത്രകനും നായകനും രക്തസാക്ഷിയുമാണ്. പഴശ്ശി യുദ്ധങ്ങളുടെ പരിസമാപ്തിയോടെ അവസാനിച്ചേക്കുമായിരുന്ന ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടത്തെ സജീവമാക്കി തുടര്‍ന്നത് രാമന്‍ നമ്പിയാണ്. വീര കേരളവര്‍മ്മ പഴശ്ശിരാജാവെന്ന നാട്ടുരാജാവിന്റെ കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും ഇല്ലാതെ, എടച്ചന കുങ്കനെയും തല്ക്കര ചന്തുവിനെയും പോലുള്ള പടത്തലവന്മാര്‍ ഇല്ലാത്ത ഒരു കാലത്താണ് അവരുടെ ചോരപ്പാടുകള്‍ മായും മുമ്പേ തന്നെ രാമന്‍ നമ്പി പടക്കിറങ്ങിയത്.

1812 മാര്‍ച്ച് 25ന് ഗണപതി വട്ടത്തിന് (സുല്‍ത്താന്‍ ബത്തേരി) അടുത്തുള്ള കുറിച്യാട് വനമേഖലയിലാണ് രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ പോരാട്ടമാരംഭിച്ചത്. അവിടെയെത്തിയ നികുതിപിരിവുകാരായ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചു കൊണ്ട് പ്രക്ഷോഭമാരംഭിച്ചു. തൊട്ടടുത്ത പ്രദേശമായ  കുപ്പാടിയിലെ ബ്രിട്ടീഷ് സൈനിക പോസ്റ്റ്  ആക്രമിച്ച് മുഴുവന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തി. ആ പോസ്റ്റിന് തീയിട്ടു. ശേഷം അവര്‍ പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തി. ബ്രിട്ടീഷുകാരെ ആട്ടിപ്പായിക്കാനുള്ള പോരാട്ടത്തിനിറങ്ങാന്‍ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു. ആ ആഹ്വാനത്തിന്റെ മാറ്റൊലി വയനാടാകെ മുഴങ്ങി. എല്ലാ വിഭാഗം ജനങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെ പരമ്പരാഗത ആയുധങ്ങള്‍ കൈയ്യിലെടുത്ത് മൂര്‍ച്ച കൂട്ടി പോരാട്ടത്തിനിറങ്ങി.

പ്രക്ഷോഭകാരികളുടെ ചീറിപ്പാഞ്ഞുവന്ന ഒളിയമ്പുകള്‍ക്കുമുമ്പില്‍ ബ്രിട്ടീഷ് സേനക്ക് പിടിച്ചുനില്ക്കാനായില്ല. പ്രക്ഷോഭകാരികള്‍ താമരശ്ശേരി ചുരം, കുറ്റിയാടി ചുരം, പാല്‍ചുരം തുടങ്ങിയ വയനാട് അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. പുറക്കാടി, കൈനാട്ടി, ഗണപതിവട്ടം, പുല്‍പ്പള്ളി, പാക്കം, മാനന്തവാടി,നല്ലൂര്‍നാട്, വാളാട് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. 1812 ഏപ്രില്‍ 12ന് വയനാട് ബ്രിട്ടീഷ് മുക്ത പ്രദേശമായി അവര്‍ പ്രഖ്യാപിക്കുകയും പാക്കത്ത് രാജാവിനെ വയനാടിന്റെ ഭരണാധികാരിയായി അവരോധിച്ചു.

തുടര്‍ന്നുള്ള നാളുകളില്‍ മൈസൂരില്‍ നിന്നും മലബാറില്‍ നിന്നും കൂടുതല്‍ കമ്പനി സൈന്യം വയനാട്ടില്‍ പ്രവേശിച്ചു. അവര്‍ തലങ്ങും വിലങ്ങും സൈനിക മാര്‍ച്ച് നടത്തി. കലാപകാരികളുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കുകയോ ക്രൂരമായി വധിക്കുകയോ ചെയ്തു. അവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി. ബന്ധികളാക്കിയവരെ വച്ച് കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ തന്ത്രങ്ങളുണ്ടാക്കി. അങ്ങനെ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഫലമായി കലാപത്തിന് കാര്യമായ ക്ഷീണം സംഭവിച്ചു. പല പ്രക്ഷോഭകാരികളും പിന്‍വലിയാന്‍ നിര്‍ബന്ധിതരായി. അവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി പ്രക്ഷോഭ രഹിതമായ ജീവിതം നയിക്കാന്‍ തുടങ്ങി. അതിനു സാധിക്കാതെ വന്നവര്‍ വനാന്തരഭാഗത്തേക്ക് പലായനം നടത്തി. താമസിയാതെ വയനാടിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം കമ്പനി സൈന്യം ഏറ്റെടുത്തു.

പിന്നീട് അവര്‍ രാമന്‍ നമ്പിയുടെ മകനെയും കുടുംബാംഗങ്ങളെയും ബന്ദികളാക്കി കുടക് സൈനിക പോസ്റ്റില്‍ താമസിപ്പിച്ചു. വിവരമറിഞ്ഞ് രാമന്‍ നമ്പി വിശ്വസ്തരായ ആളുകളോടൊപ്പം കുടക് പോസ്റ്റ് ആക്രമിച്ചു. ആ ആക്രമണത്തിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രാമന്‍ നമ്പി വീരമൃത്യു വരിച്ചു. 1812 ഏപ്രില്‍ 30നാണ് അദ്ദേഹം മാതൃഭൂമിയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞത്.

ഒന്നര മാസക്കാലം നീണ്ടുനിന്ന അതിശക്ത പ്രക്ഷോഭത്തിലെ നേതാവായിരുന്നു രാമന്‍ നമ്പി. നാളിതുവരെയും അജ്ഞാതമായ ഏതോ കുഴിമാടത്തില്‍ അദ്ദേഹത്തിന്റെ സ്മരണകളും അന്ത്യവിശ്രമം കൊള്ളുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ഇത്തരം ചരിത്ര പുരുഷന്മാരുടെ സ്മരണകള്‍ക്ക് കുഴിമാടം ഭേദിച്ച് പുറത്തു വരാന്‍ കാരണമായി. വീരമൃത്യുവിന്റെ 210-ാം വാര്‍ഷികത്തില്‍, സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷത്തില്‍ ആദ്യമായി രാമന്‍ നമ്പി അനുസ്മരിക്കപ്പെടുന്നു. നാളെ സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന രാമന്‍ നമ്പി അനുസ്മരണത്തിലൂടെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു, കരിന്തണ്ടന്‍ തുടങ്ങിയവരുടെ സ്മരണകള്‍ വ്യത്യസ്തമായ കാലങ്ങളില്‍ ഉയര്‍ന്നുവന്നതാണ്. അതോടൊപ്പം ചേര്‍ത്തുവയ്‌ക്കാന്‍ അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച മറ്റൊരു സ്വാതന്ത്ര്യ സംഗ്രാമനായകനും ചേരുകയാണ്.

(വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി സെക്രട്ടറിയാണ് ലേഖകന്‍)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Memorial