Categories: Kerala

ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിലായി സ്വര്‍ണ്ണം കടത്ത്; ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ പിടിയില്‍; മുഖ്യ പ്രതിക്കായി തെരച്ചിലില്‍

Published by

കൊച്ചി : ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിലായി സ്വര്‍ണ്ണം കടത്തിയതില്‍ മുഖ്യപ്രതി പിടിയിലായി. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ജില്ലാ ലീഗ് നേതാവുമായ എ.എ. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പിടിയിലായ ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.  

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഷാബിനൊപ്പം കള്ളക്കടത്തില്‍ പങ്കാളിയായ തുരുത്തുമ്മേല്‍ സിറാജ് എന്നയാളും പിടിയിലായിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വര്‍ണം എത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ഷാബിന്. മറ്റൊരു പ്രതിയും സിനിമാ നിര്‍മാതാവായ സിറാജുദ്ദീന്‍ നിലവില്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ കാര്‍ഗോ വിമാനത്തിലെ സാധനങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുമ്പും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്.  

ഇബ്രാഹിമിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ഷാബിന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.

കൂടുതല്‍ വവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. കേസിലെ പ്രധാനപ്രതിയും സിനിമാ നിര്‍മ്മാതാവുമായ കെ.പി സിറാജുദ്ദീനാണ് ഷാബിന് സ്വര്‍ണം അയച്ചു കൊടുക്കുന്നെന്നാണ് സൂചന. സിറാജുദ്ദീന്‍ നിലവില്‍ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃക്കാക്കര ‘തുരുത്തേല്‍ എന്റര്‍പ്രൈസസി’ന്റെ പേരിലെത്തിയ ഇറച്ചി അരിയല്‍ യന്ത്രത്തില്‍ നിന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചത്. പാഴ്സല്‍ ഏറ്റെടുക്കാന്‍ വാഹനവുമായി എത്തിയ കാക്കനാട് സ്വദേശി നകുലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതില്‍ നിന്നാണ് ഷാബിന്റെയും സിറാജുദ്ദീന്‍മാരുടെയും പങ്കാളിത്തം പുറത്തുവന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക