ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ 4526.12 കോടി ചെവലില്‍ 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ചെനാബ് നദിയിലാണ് ക്വാര് വൈദ്യുത പദ്ധതി തുടങ്ങുക. 54 മാസത്തിനുള്ളില്‍ പദ്ധതി കമ്മീഷന് ചെയ്യും. 1975 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാകും ഇതില്‍ നിന്ന് ലഭിക്കുക. സ്വകാര്യ സര്‍ക്കാര്‍ സംയുക്ത സംരംഭമാണ്.
നക്സല്‍ മേഖലകളില്‍ 4ജി മൊബൈല്‍
നക്സല്‍ ഭീകര പ്രവര്‍ത്തനം ശക്തമായ മേഖലകളിലെ സുരക്ഷാ സൈറ്റുകളില്‍ 2ജിമൊബൈല് സേവനങ്ങള്‍ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. 1,884.59 കോടി രൂപ ചെലവില്‍ 2,343 ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ ഫേസ്-1 സൈറ്റുകള്‍ 2ജിയില്‍ നിന്ന് 4ജി മൊബൈല്‍ സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യും.
ലിത്വാനിയയില്‍ നയതന്ത്രാലയം
ലിത്വാനിയയില്‍ പുതിയ ഇന്ത്യന്‍ കാര്യാലയം തുറക്കാനും കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ലിത്വാനിയയില്‍ ഇന്ത്യന്‍ കാര്യാലയം തുറക്കുന്നത് ഇന്ത്യയുടെ നയതന്ത്രം വിപുലീകരിക്കാനും രാഷ്ട്രീയ ബന്ധങ്ങളും സഹകരണവും ആഴത്തിലാക്കാനും ഉപകരിക്കും.
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിനുള്ള വിഹിതം കൂട്ടി
ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് സ്ഥാപിക്കാനുള്ള വിഹിതം 1435 കോടിയില്‍ നിന്ന് 2255 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യ നവീകരണത്തിനടക്കം പിന്നീട് 500 കോടി കൂടി മുടക്കും. സാധാരണക്കാര്‍ക്കു വേണ്ടി എല്ലാവര്ക്കും സ്വീകാര്യമായ വിശ്വാസ്യതയുള്ള ബാങ്ക് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
2018 സപ്തംബറില്‍ ആരംഭിച്ച ബാങ്കിന് 650 ബ്രാഞ്ചുകളുണ്ട്. പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്കിങ് സേവനം ഉറപ്പാക്കാനാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കുകള്‍. ക്രമേണ രാജ്യത്തെ 1.36 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കും. സ്മാര്‍ട്ട് ഫോണുകളും ബയോമെട്രിക് സംവിധാനങ്ങളുമുള്ള 1.89 ലക്ഷം പോസ്റ്റ്മാന്മാരാണ് വീട്ടുവാതില്ക്കല് ബാങ്കിങ് സേവനം എത്തിക്കുന്നത്.
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കില്‍ ഇതിനകം അഞ്ചരക്കോടിയോളം അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. 82 കോടി സാമ്പത്തിക ഇടപാടുകള്‍ വഴി 161811 കോടിയുടെ പണമിടപാടുകളും നടന്നു. 77 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണ്. നാല്പത്തെട്ടു ശതമാനം അക്കൗണ്ടുടമകളും ഗ്രാമീണ സ്ത്രീകളാണ്. 1000 കോടിയാണ് അവരുടെ നിക്ഷേപം. നാല്പതു ലക്ഷം വനിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഏകദേശം 2500 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമായി ലഭിച്ചിട്ടുമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 7.8 ലക്ഷത്തിലധികം അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: