കൊച്ചി: ആറ് വര്‍ഷം കൊണ്ട് അറുപതിനായിരം സ്റ്റാര്‍ട്ടപ്പുകള്‍. ഇതില്‍ 45 ശതമാനം സ്റ്റാര്‍ട്ട് അപ്പുകളിലും ഡയറക്ടര്‍മാരായിരിക്കുന്നത് വനിതകള്‍. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലൂടെ വനിതാ സ്വാശ്രയസംഘങ്ങളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയാണ് ഈ കാലയളവിലുള്ളത്. 2016 മുതല്‍ 56 മേഖലകളിലായിട്ടാണ് വനിതാ സംരംഭങ്ങളുടെ ഈ മുന്നേറ്റം.
തൊഴില്‍ വികസന മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുദ്രാവായ്പയുടെ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്. ഇവരില്‍ 63 ശതമാനം പേരും ബിസിനസ് മേഖലയില്‍ മുന്‍പന്തിയിലെത്തി സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദീനദയാല്‍ അന്ത്യോദയ യോജന വഴി സംരംഭകരെ പ്രോത്സാഹിപ്പിക്കാനും വനിതാ സ്വയംപര്യാപ്ത സംഘങ്ങളെ ശക്തിപ്പെടുത്താനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് എന്റര്‍പ്രൈസസിന്റെ 2021 വരെയുള്ള കണക്കുപ്രകാരം ഫാഷന്‍ മേഖല, വസ്ത്രനിര്‍മാണം,
വീട്ട് നിര്‍മാണ വസ്തുക്കള്‍, എന്നി മേഖലകളില്‍ സ്ത്രീകളുടെ മുന്നേറ്റം 90 ശതമാനം വര്‍ധിച്ചു. രാജ്യത്തെ 80 ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമായത് വളര്‍ച്ചയുടെ മുന്നേറ്റ സൂചകമായാണ് വിലയിരുത്തുന്നത്. ജന്‍ധന്‍ വഴി 23 കോടി സ്ത്രീകളെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. സ്വന്തമായി ഒരു വ്യവസായം കെട്ടിപ്പടുക്കാന്‍ ഇതിലൂടെ സ്ത്രീകള്‍ക്കായി.സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് നാട്ടിന്‍പുറത്തെ സ്ത്രീകള്‍ ചെറുകിട വ്യവസായങ്ങളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകര്‍ന്നു.
ബേഠി ബചാവോ ബേഠി പഠാവോ, സുകന്യാ സമൃദ്ധി എന്നി കേന്ദ്രപദ്ധതികളും വനിതാ മുന്നേറ്റത്തിനും സുരക്ഷിതത്വത്തിനും കാരണമായി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞെന്നാണ് കണക്കുകള്‍. ഐഎംഎഫിന്റെ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം അവസരം ലഭിച്ചാല്‍ ഭാരതത്തിന്റെ ജിഡിപിയില്‍ 27 ശതമാനത്തിന്റെ വര്‍ധന ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നൈപുണ്യം നേടിയ സ്ത്രീകള്‍ ജോലികളില്‍ പ്രവേശിച്ചാല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഒന്നര ശതമാനം മുതല്‍ 9 ശതമാനം വരെ ഉയര്‍ച്ചയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: