ന്യൂദല്‍ഹി: വാറ്റ് (മൂല്യവര്‍ധിത നികുതി) കുറച്ച് ഇന്ധനവിലവര്‍ധന പിടിച്ചുനിര്ത്താത്തതില് കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള ഏഴ് പ്രതിപക്ഷ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാറ്റ് കുറച്ച ഗുജറാത്ത്, കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങള്‍ അത് മൂലമുള്ള നഷ്ടം സഹിക്കുകയാണെന്നും മോദി പറഞ്ഞു.
‘മഹാരാഷ്ട്ര, ബംഗാള്‍, തെലുങ്കാന, ആന്ധ്ര, കേരള, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍, ഒരു കാരണത്താല്‍ അല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍, കേന്ദ്രസര്‍ക്കാരിന്റെ വാക്കുകള്‍ ചെവിക്കൊള്ളുന്നില്ല. ഈ സംസ്ഥാനത്തെ ജനങ്ങള്‍ അതുകൊണ്ട് തന്നെ ഇന്ധനവില വര്‍ധനയുടെ ഭാരം അനുഭവിക്കുകയാണ്’- പ്രധാനമന്ത്രി തെല്ല് വിമര്‍ശന സ്വരത്തില്‍ പറഞ്ഞു.
വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണ്. ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല. നികുതി കുറയ്ക്കാതെ ചില സംസ്ഥാനങ്ങള്‍ അധികവരുമാനമുണ്ടാക്കി. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിയ്ക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍, തെലുങ്കാന, ആന്ധ്ര, കേരള, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന്മേലുള്ള വാറ്റ് കുറച്ച് നേട്ടം ജനങ്ങള്‍ക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’- പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് ജനങ്ങളോടുള്ള അനീതിയാണ്.കഴിഞ്ഞ നവമ്പറില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്മേലുള്ള എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന്റെ ഫലമായി പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കറഞ്ഞിരുന്നു. സംസ്ഥാനങ്ങളും അവരുടെ വാറ്റ് കുറയ്ക്കാന്‍ തയ്യാറാവണം’- പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ സഹകരണ ഫെഡറലിസം ശക്തമാക്കുമെന്നും മോദി പറഞ്ഞു.
ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മാസം ഇന്ധനവില കുതിച്ചുയര്‍ന്ന കാര്യം നേരത്തെ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് ശ്രദ്ധയില്‍പ്പെടുത്തി. ഉക്രൈന് യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില നിരവധി മടങ്ങ് ഉയര്‍ന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഇന്ധനവില വര്‍ധന തടയാനാവില്ല- നിര്‍മ്മല സീതാരാമന് പറഞ്ഞു.
അതേ സമയം പെട്രോള്‍ വില നൂറ് കവിയുന്നതിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍. ഇന്ത്യ 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുകയാണെന്നും ഉപരോധവും റഷ്യയുടെ ഉക്രൈന് ആക്രമണവും മൂലം ഇന്ധനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: