ഈ സംന്യാസിശ്രേഷ്ഠരുടെ പാദങ്ങള്‍ എന്റെ വീട്ടില്‍ പതിച്ചതില്‍ എനിക്ക് എത്രമാത്രം സന്തോഷമുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കാനാവില്ല. എല്ലാ മലയാളികള്‍ക്കും എന്റെ വിനീതമായ നമസ്കാരം. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവന്. അദ്ദേഹത്തിന്റെ ജന്മത്താല് ധന്യമാക്കപ്പെട്ട പുണ്യഭൂമിയാണ് കേരളം.
സംന്യാസി ശ്രേഷ്ഠരുടെ അനുഗ്രഹത്താലും ശ്രീനാരായണ ഗുരുവിന്റെ കൃപയാലും എനിക്കു നേരത്തേ തന്നെ നിങ്ങളുടെ അടുത്തെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശിവഗിരിയില്‍ വന്ന് നിങ്ങളുടെയൊക്കെ അനുഗ്രഹം നേടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഞാന്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആ ആധ്യാത്മിക കേന്ദ്രത്തിന്റെ ഊര്‍ജം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ശിവഗിരി തീര്‍ത്ഥാടന ഉത്സവത്തിലും ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയിലും പങ്കെടുത്ത് ഈ പുണ്യകര്‍മം ചെയ്യാനുള്ള അവസരം നിങ്ങള്‍ നല്കിയിരിക്കുന്നു. എനിക്കുണ്ടായ ഒരു അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കേദാര്‍നാഥ് തീര്‍ത്ഥാടന കാലത്ത് വലിയ അപകടമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ജീവിതത്തിനും
മരണത്തിനുമിടയില്‍ കുടുങ്ങിക്കിടക്കുന്നു. ഉത്തരാഖണ്ഡിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരാണ്. കേരളത്തില്‍ നിന്നുള്ള ശ്രീ. ആന്റണി പ്രതിരോധമന്ത്രിയാണ്. ഇതെല്ലാമായിട്ടും ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന എനിക്ക് ശിവഗിരി മഠത്തില്‍ നിന്നു ഫോണ്‍ വന്നു. ‘ഞങ്ങളുടെ ചില സംന്യാസിമാര്‍ അവിടെ കുടുങ്ങിക്കിടക്കുന്നു. അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. അവരെക്കുറിച്ച് വിവരമൊന്നുമില്ല. വേണ്ടതു ചെയ്യണം.’ ഇത്രയൊക്കെ വലിയ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായിട്ടും എന്നെ ശിവഗിരി മഠം ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചതെന്ത് എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. ഗുരുവിന്റെ അനുഗ്രഹത്താല്‍ ആ പുണ്യകര്‍മം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. എല്ലാ സംന്യാസിമാരേയും സുരക്ഷിതരായി ശിവഗിരി മഠത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, ആ ഫോണ്‍ കോള്‍ പോലും ഗുരുവിന്റെ അനുഗ്രഹമായിരുന്നു. അല്ലെങ്കില്‍ പിന്നെന്താണ് ആ പുണ്യകര്‍മത്തിന് എന്നെ തെരഞ്ഞെടുത്തത്? ഇതും ശുഭവേളയാണ്. ഈ പുണ്യദിനത്തിലും എനിക്ക് ഭാഗമാകാന്‍ കഴിയുന്നു.
തൊണ്ണൂറു വര്‍ഷത്തെ തീര്‍ത്ഥാടനം, ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി. ഇത് ഒരു പ്രസ്ഥാനത്തിന്റെ മാത്രം യാത്രയല്ല. ഇത് ഭാരതത്തിന്റെ വിചാരധാരയുടെ അമരയാത്രയാണ്. വിവിധ കാലങ്ങളില്‍, വിഭിന്നങ്ങളായ ആധ്യാത്മിക ആശയങ്ങളിലൂടെ ആ അമരയാത്ര തുടരുകയാണ്. ഭാരതത്തിന്റെ ദര്‍ശനത്തെ ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍, ഭാരതത്തിന്റെ ഈ ആധ്യാത്മികവും വൈജ്ഞാനികവുമായ യാത്രയില്‍, കേരളം എപ്പോഴും ഉജ്വലമായ പങ്കാളിത്തം വഹിച്ചു. ആവശ്യം വന്നപ്പോഴൊക്കെ നേതൃത്വവും ഏറ്റെടുത്തു. വര്‍ക്കലയെ എക്കാലവും ദക്ഷിണകാശി എന്നാണ് വിശേഷിപ്പിക്കുന്നത്. കാശി ഉത്തരഭാരതത്തിലാകട്ടെ, ദക്ഷിണഭാരതത്തിലാകട്ടെ, വാരാണസിയിലെ ശിവനഗരിയും വര്‍ക്കലയിലെ ശിവഗിരിയും ഭാരതത്തിന്റെ ഊര്‍ജ കേന്ദ്രങ്ങളാണ്. ഇതൊന്നും ഒരു പ്രദേശത്തിന്റെ മാത്രം സ്ഥാനങ്ങളല്ല, കേന്ദ്രങ്ങളല്ല. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന മഹത്തായ ആശയത്തിന്റെ പ്രതീകങ്ങളും പ്രതിഷ്ഠകളുമാണ്.
ഗുരുദേവന് നയിച്ച പോരാട്ടത്തിന്റെ പ്രേരണ
ശ്രീനാരായണ ധര്‍മ്മ സംഘത്തേയും സ്വാമി സച്ചിദാനന്ദയേയും സ്വാമി ഋതംഭരാനന്ദയേയും സ്വാമി ഗുരുപ്രസാദിനേയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. തീര്‍ത്ഥാടനത്തിന്റേയും ബ്രഹ്മവിദ്യാലയത്തിന്റേയും ഈ യാത്രയില്‍ ലക്ഷക്കണക്കിന് അനുയായികളുടെ അനന്തമായ പരിശ്രമമുണ്ട്. ഗുരുദേവന്റെ എല്ലാ അനുയായികള്‍ക്കും ആശംസകള്‍ നേരുന്നു.
എപ്പോഴൊക്കെ സമാജം ദുര്‍ബ്ബലമായിട്ടുണ്ടോ, സമാജത്തില്‍ ഇരുട്ട് പരന്നിട്ടുണ്ടോ അപ്പോഴൊക്കെ പ്രകാശപൂരിതമായ ഒരു മഹാത്മാവ് നമ്മുടെ അടുത്തേക്ക് വന്നിട്ടുണ്ട്. ലോകത്തില്‍ മറ്റെല്ലായിടത്തും ധര്‍മ്മം ക്ഷയിച്ചപ്പോള്‍ ആ ശൂന്യതയില്‍ ആധ്യാത്മികതയല്ല, ഭൗതികവാദമാണ് ആധിപത്യം നേടിയത്. പക്ഷേ, ഭാരതം വ്യത്യസ്തമായ മാര്‍ഗമാണ് സ്വീകരിച്ചത്. ഭാരതത്തിലെ ഋഷികള്‍, സംന്യാസിശ്രേഷ്ഠന്മാര്‍, ഗുരുക്കന്മാര്, ദര്‍ശനങ്ങള്‍ നിരന്തരം ഇടപെട്ടു, പരിഷ്കരിച്ചു, മുന്നോട്ടു നയിച്ചു. ശ്രീനാരായണ ഗുരു ആധുനികതയെക്കുറിച്ചു സംസാരിച്ചു. അതിനൊപ്പം ഭാരതീയ സംസ്കൃതിയും മൂല്യങ്ങളും സമൃദ്ധമാക്കാനും നിരന്തരം പരിശ്രമിച്ചു. സ്വാമിജി വിദ്യാഭ്യാസത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും സംസാരിച്ചു. അതേസമയം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ പിന്നോട്ടു പോയില്ല.
ശിവഗിരിയില്‍ നിന്ന് വിജ്ഞാനത്തിന്റെ പുതിയ ധാര പ്രവഹിക്കുന്നു. ശാരദാമഠത്തില്‍ സരസ്വതീദേവിയുടെ ആരാധന നടക്കുന്നു. ശ്രീനാരായണ ഗുരു ധര്‍മ്മത്തെ സംരക്ഷിച്ചു, പരിപോഷിപ്പിച്ചു, സമയോചിതമായി പരിഷ്കരിച്ചു. കാലത്തിന് ആവശ്യമില്ലാത്തതിനെ ഉപേക്ഷിച്ചു. തെറ്റായ പ്രവണതകള്‍ക്കെതിരെ പോരാടി. ഭാരതത്തെ അതിന്റെ യഥാര്‍ത്ഥ ധര്‍മ്മത്തിലേക്ക് നയിച്ചു. അന്നത്തെക്കാലത്ത് തെറ്റിനെതിരെ നേര്‍ക്കുനേര്‍ നിന്നു പോരാടുക നിസ്സാരകാര്യമല്ല. പക്ഷേ നാരായണ ഗുരു അതു ചെയ്തു. ജാതീയതയുടെ പേരില്‍ നടമാടിയിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രത്യക്ഷമായി ഇറങ്ങി യുദ്ധം ചെയ്തു. ഗുരുദേവന്റെ ആ പോരാട്ടത്തിന്റെ പ്രേരണ ഉള്‍ക്കൊണ്ടാണ് രാജ്യം പാവപ്പെട്ടവരേയും ദളിതരേയും പിന്നാക്കക്കാരേയും സേവിക്കുന്നത്. അര്‍ഹമായ അവകാശങ്ങളും അധികാരങ്ങളും അവര്‍ക്കു ലഭ്യമാക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടാണ് സബ് കെ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് എന്ന മുദ്രാവാക്യം ഏറ്റെടുത്ത് മുന്നേറുന്നത്.
ആത്മനിര്‍ഭര്‍ ഭാരതിന്റെ മാര്‍ഗവും ഗുരുദേവന്റെ ആഹ്വാനം
ശ്രീനാരായണ ഗുരുദേവന് ആധ്യാത്മിക തേജസിന്റെ പ്രതീകവും പ്രകാശവുമാണ്. അതേസമയം സമൂഹ്യപരിഷ്കര്ത്താവും യുഗദ്രഷ്ടാവുമാണ്. സ്വന്തം കാലത്തിനപ്പുറത്തേക്ക് കടന്ന് അദ്ദേഹം ചിന്തിച്ചു. വളരെ ദൂരത്തേയ്ക്ക് അദ്ദേഹം കണ്ടു. ചിന്തകനും സാമൂഹ്യപരിഷ്കര്‍ത്താവുമായ രബീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയില്‍ വന്നപ്പോള്‍ പറഞ്ഞു, ഞാന്‍ വന്നത് വെറും സന്ദര്‍ശനത്തിനല്ല, അറിയാനും പഠിക്കാനുമാണ്. വാദപ്രതിവാദങ്ങള്‍കൊണ്ട് സമാജത്തെ നവീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ജനങ്ങള്‍ക്കൊപ്പമിറങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് സമാജത്തില്‍ മാറ്റമുണ്ടാകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കണം, ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. ശ്രീനാരായണ ഗുരുദേവന് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ എന്താണെന്നു മനസ്സിലാക്കിയിട്ടാണ് അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചത്. സമാജം സ്വയം നവീകരിക്കേണ്ടതാണെന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗുരുവിനു കഴിഞ്ഞു.
ഞങ്ങളുടെ സര്‍ക്കാര്‍ ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിക്കു തുടക്കം കുറിച്ചു. സമാനമായ പദ്ധതി നേരത്തേയുണ്ട്. പക്ഷേ, പെണ്‍കുട്ടികളുടെ അവസ്ഥയില്‍ മാറ്റമില്ല. ഞങ്ങള്‍ നവീകരണത്തിനായി അവരെ പ്രേരിപ്പിച്ചു. മാറ്റത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. സര്‍ക്കാര്‍ ശരിയാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുമ്പോള്‍ സമൂഹത്തിന്റെ പരിഷ്കരണവും സ്വാഭാവികമായി സംഭവിക്കും. എല്ലാവരുടേയും യോജിച്ചുള്ള പരിശ്രമം വിജയിക്കും. സമൂഹത്തെ നല്ലതിലേക്ക് നയിക്കാന്‍ ഇതാണ് മാര്‍ഗം. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പഠിക്കുമ്പോഴും അദ്ദേഹത്തെ അറിയുമ്പോഴും സാമൂഹ്യപരിഷ്കരണത്തിന്റെ ഈ മാര്‍ഗമാണ് മനസ്സിലാവുന്നത്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മന്ത്രം ശ്രീനാരായണ ഗുരു നമുക്ക് ഉപദേശിച്ചു. അദ്ദേഹത്തിന്റെ ആഹ്വാനം ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍, ഇതിന്റെ പിന്നിലെ സന്ദേശത്തെ മനസ്സിലാക്കുമ്പോള്‍…ഈ സന്ദേശമാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന്റേയും വഴിയെന്നു വ്യക്തമാവും. നമുക്കെല്ലാവര്‍ക്കും ഒരു ജാതി, ഭാരതീയത. ഒരു മതമേയുള്ളൂ അത് സേവാധര്‍മ്മം, കര്‍ത്തവ്യങ്ങളുടെ പാലനം. നമുക്ക് ഒറ്റ ദൈവമേയുള്ളൂ ഭാരതമാതാവിന്റെ നൂറ്റിമുപ്പതു കോടി മക്കള്‍. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുദേവന്റെ ആഹ്വാനം നമ്മുടെ രാഷ്ട്രഭക്തിക്ക് ആധ്യാത്മിക ഔന്നത്യം നല്കുന്നു. നമ്മുടെ രാഷ്ട്രഭക്തി ശക്തിപ്രകടനമല്ല. ഭാരതമാതാവിനോടുള്ള ആരാധനയാണ്. കോടിക്കണക്കിനു ജനങ്ങളെ സേവിക്കലാണ്. ശ്രീനാരായണ ഗുരുദേവന്റെ ആഹ്വാനം ഏറ്റെടുത്തു മുന്നേറിയാല്‍ ലോകത്തൊരു ശക്തിക്കും നമ്മില്‍ ഭേദഭാവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ഒന്നിച്ചു നില്ക്കുന്ന ഭാരതത്തിന് ഒരു ലക്ഷ്യവും അസാധ്യമല്ല.
ഈ തീര്‍ത്ഥാടന യാത്ര നിരന്തരം തുടരും
തീര്‍ത്ഥാടനത്തിന്റെ പരമ്പരയ്ക്ക് ശ്രീനാരായണ ഗുരു തുടക്കമിട്ടത് സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പാണ്. രാഷ്ട്രം ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുകയാണ്. ഈ ഘട്ടത്തില്‍ ഒരു കാര്യം നാം മനസ്സിലാക്കണം, നമ്മുടെ സ്വാതന്ത്ര്യസമരം രാഷ്ട്രീയ പോരാട്ടം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം എന്താവണം, എങ്ങനെയാവണം എന്ന ആശയ സംഘര്‍ഷം കൂടിയായിരുന്നു അത്. നാം ആര്‍ക്കെതിരായിരുന്നു എന്നതു മാത്രമല്ല, നാം ഏത് ആദര്‍ശത്തിനും ആശയത്തിനുമൊപ്പമാണ് എന്നതിനും പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യസമരം മഹത്തായ വിചാരപരമ്പരകള്ക്ക് തുടക്കമിട്ടു. ഓരോ കാലഘട്ടത്തിലും പു
തിയ വിചാരപ്രവാഹങ്ങളുണ്ടായി. ഭാരതത്തിനായി അനേകം സ്വപ്നങ്ങള്‍ ഒരുമിച്ച് ഒന്നിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മഹാന്മാര് നേരിട്ടു കണ്ട് സങ്കല്‍പ്പങ്ങള്‍ കൈമാറി. പരസ്പരം പലതും പഠിച്ചു. സോഷ്യല്‍മീഡിയയുടേയും മൊബൈലിന്റേയും കാലത്ത് ഇതൊക്കെ എളുപ്പമാണ്, എന്നാല്‍ അക്കാലത്ത് അത്തരം സൗകര്യങ്ങളില്ല. എന്നിട്ടും ഈ ജനനായകന്മാര് ഒന്നിച്ചിരുന്ന് ചിന്തിച്ചു, ആധുനിക ഭാരതത്തിന്റെ രൂപരേഖയ്ക്ക് അടിത്തറയിട്ടു. 1922ല്‍ ഭാരതത്തിന്റെ കിഴക്കന്‍ പ്രദേശത്തു നിന്ന് രബീന്ദ്രനാഥ് ടാഗോര്‍ ദക്ഷിണ ഭാരതത്തിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടു. ഇത്രയും മഹാനായ ആധ്യാത്മിക വ്യക്തിത്വത്തെ ഇന്നോളം കണ്ടിട്ടില്ല എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ടഗോര്‍ പറഞ്ഞത്. 1925 ല്‍ മഹാത്മാഗാന്ധി ഗുജറാത്തിലെ സബര്‍മതിയുടെ തീരത്തു നിന്ന് സഞ്ചരിച്ച് ഇവിടെയെത്തി ഗുരുദേവനെ കണ്ടു. ആ കൂടിക്കാഴ്ച ഗാന്ധിജിയില്‍ ഏറെ സ്വാധീനം ചെലുത്തി. സ്വാമി വിവേകാനന്ദന്, ഗുരുദേവനെ കാണാനെത്തി. അങ്ങനെ എത്രയോ മഹാന്മാര് ശ്രീനാരായണ ഗുരുവിന്റെ ചരണങ്ങളിലെത്തി. ഓരോ ഘട്ടത്തിലും എത്രയോ സംവാദങ്ങള്‍ നടന്നിരിക്കണം. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്ന് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ ദര്‍ശനങ്ങള്‍ ഈ സംവാദങ്ങളില്‍ നിന്ന് രൂപപ്പെട്ടു. ആ മഹാപുരുഷന്മാരുടെ ചിന്തകള്‍ ദിശകാട്ടിയതിന്റെ നല്ല ഫലങ്ങളാണ് ഇന്നു നാം കാണുന്നത്. ആ മഹാപുരുഷന്മാരുടെ ലക്ഷ്യങ്ങള്ക്കടുത്താണ് ഭാരതം ഇപ്പോള്‍. പുതിയ ലക്ഷ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പുതിയ സങ്കല്പ്പങ്ങളുണ്ട്.
ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം നാം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കും. പത്തു വര്‍ഷം കടന്നാല്‍ നാം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കും. നൂറ്റാണ്ടിന്റെ യാത്രയില്‍ നാം നേടിയതെല്ലാം വിശ്വമറിയണം. അതിന് നമ്മുടെ വീക്ഷണവും വിശൈ്വകമാവണം. ലോകത്തിനു മുന്നില്‍ ഇന്ന് നിരവധി വെല്ലുവിളികളുണ്ട്. കൊവിഡ് കാലത്ത് ഒരു കാര്യം വ്യക്തമായി, മാനവികത നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം ഭാരതത്തിന്റെ പരിചയസമ്പത്തില്‍ നിന്നും സംസ്കൃതിയില്‍ നിന്നുമാണ് രൂപമെടുക്കുന്നത്. ഈ പ്രക്രിയയില്‍ മഹാനായ ആധ്യാത്മിക ഗുരുവിന്റെ മഹത്തായ പ്രസ്ഥാനത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. ശിവഗിരി തീര്‍ത്ഥാടനത്തില്‍ നിന്ന് പുതിയകാലത്തിന് നിരവധികാര്യങ്ങള്‍ പഠിക്കാനുണ്ട്. ഈ തീര്‍ത്ഥാടനയാത്ര നിരന്തരം തുടരുമെന്ന് എനിക്കുറപ്പുണ്ട്. നന്മയുടേയും ഐക്യത്തിന്റെയും മുന്നേറ്റത്തിന്റേയും പ്രതീകമായ ഈ തീര്‍ത്ഥാടനം ഭാരതത്തിന്റെ ഗതിവേഗത്തിനു വഴികാട്ടിയാവും. ഈ അവസരത്തിന് നിങ്ങളോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സങ്കല്പ്പത്തിനൊപ്പം ഒരു സത്സംഗിയായി, ഒരു ഭക്തനായി യാത്ര ചെയ്യാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണ്. എല്ലാവര്ക്കും നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: