തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗത്തിലും ഉറപ്പൊന്നും ലഭിച്ചില്ല. ഗതാഗതവകുപ്പിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നുമാണ് ആന്റണി രാജുവിന്റെ നിലപാട്. ഇതോടെ മെയ് 5ന് രാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് കെഎസ്ടി സംഘ് വ്യക്തമാക്കി.
സ്വിഫ്റ്റിലേക്ക് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്കുന്ന സഹായം വകമാറ്റിയതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അതു കൊണ്ടു തന്നെ സ്വിഫ്റ്റിനെ കെഎസ്ആര്‍ടിസിയിലേക്ക് ലയിപ്പിക്കണമെന്നാണ് കെഎസ്ടി സംഘ് മുന്നോട്ടു വച്ച പ്രധാന ആവശ്യം.
ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കണമെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കെഎസ്ടി സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് വ്യക്തിമാക്കി. സ്കൂളുകള്‍ തുറക്കുന്ന സമയം വരുന്നതിനാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്ദ്ധിപ്പിക്കണമെന്നതുള്പ്പടെയുള്ള ആവശ്യങ്ങളും കെഎസ്ടി സംഘ് മന്ത്രിക്ക് മുന്നില്‍ വച്ചു.
അംഗീകൃത സംഘടനകളായ സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവരുമായി വെവ്വേറെയാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയതെങ്കിലും മൂന്ന് സംഘടനകളും ശമ്പളക്കാര്യത്തിലെ ഉറപ്പാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്. ശമ്പളകാര്യത്തില്‍ ഉറപ്പുലഭിച്ചില്ലെങ്കിലും ഷെഡ്യുളുകള്‍ പുനഃക്രമീകരിക്കുന്നതില്‍ കെഎസ്ടി സംഘിന്റെ ആവശ്യം പരിഗണിച്ചു. ഇത് പ്രകാരം ഓര്‍ഡിനറി ബസ്സുകള്‍ക്ക് ജില്ലാ തലത്തിലും ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് സോണല്‍ തലത്തിലും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്ക് സോണല്‍ തലത്തലും മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ഇതില്‍ ട്രേഡ് യൂണിയന് പ്രതിനിധികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: