കൊലക്കേസിലെ കുറ്റാരോപിതന് വാടകയ്ക്ക് വീട് നല്‍കിയതിന് ഉടമയുടെ ഭാര്യയെ അറസ്റ്റ് ചെയ്ത നടപടിയും ആക്രമണവും കുപ്രചാരണവും വിവാദത്തില്‍. രണ്ട് ദിവസങ്ങളിലായി നടന്ന സംഭവങ്ങളില്‍ പ്രതിസ്ഥാനത്തായത് സിപിഎം. വ്യക്ത്യധിക്ഷേപത്തിന് സിപിഎം നേതാക്കള്‍ക്കെതിരേ അധ്യാപികയായ രേഷ്മ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കി. അസാധാരണവും ദുരൂഹവുമായ സംഭവങ്ങള്‍ക്കുപിന്നില്‍ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സിപിഎം പ്രവര്‍ത്തകരുടെ കുടുംബത്തില്‍പെട്ട, സിപിഎം അനുഭാവിയാണെന്ന് പ്രസ്താവിക്കുന്ന വ്യക്തിയുടെ വീടിന് ബോംബെറിഞ്ഞതിനെച്ചൊല്ലിയും പാര്‍ട്ടിക്കുള്ളിലും ഭിന്നത രൂക്ഷമാണ്. യുവതിക്കെതിരായി പാര്‍ട്ടി സഖാക്കള്‍ നടത്തിയ സൈബര്‍ ആക്രമണത്തിനെതിരേയും പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കേസില്‍ പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയെന്ന പേരില്‍ പിണറായി പാണ്ട്യാല മുക്കിലെ യുവതിയെയാണ് രണ്ട് ദിവസം മുമ്പ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. വാടകയ്ക്ക് നല്കിയ വീടിന്റെ ഉടമ അധ്യാപിക കൂടിയായ യുവതിയുടെ ഭര്‍ത്താവാണ്. അദ്ദേഹം വിദേശത്താണ്. വീട് അധ്യാപികയുടെ പേരിലല്ലെന്നിരിക്കെ അവരെ എങ്ങനെ അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്തുവെന്ന ചോദ്യം ഉയരുകയാണ്. കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിന് നൂറുവാര മാത്രം അകലെയുളള വീട്ടില്‍ കുറ്റാരോപിതനായ പ്രതി കഴിഞ്ഞുവെന്നതിലെ ജാള്യതയും സുരക്ഷാ വീഴ്ചയെന്ന ഗൗരവ വിഷയവും മറച്ചുവയ്ക്കാനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസും സിപിഎമ്മിലെ ഒരു വിഭാഗവും നടത്തിയ നീക്കമാണ് നാടകങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം.
കുറ്റാരോപിതനായ പ്രതി മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് ദിവസങ്ങള്‍ കഴിഞ്ഞുവെന്നത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും തിരിച്ചടിയായിട്ടുണ്ട്. പോലീസിനു പുറമെ പാര്‍ട്ടിയുടെ സ്വകാര്യ സേനയും മുഖ്യമന്ത്രിയുടെ വീടിന് സംരക്ഷണത്തിനുണ്ട്. ഇതും ഭരണകക്ഷിയെന്ന നിലയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ്. രേഷ്മയുടെ ഭര്‍ത്താവും സിപിഎം പ്രവര്‍ത്തകനാണ്. അങ്ങനെയുളള ഒരാളുടെ വീട് പാര്ട്ടിക്കാര് ബോംബെറിഞ്ഞ് തകര്‍ത്തതും പാര്‍ട്ടിയെ സഹായിക്കുന്ന വ്യക്തിയുടെ ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും മാനഹാനികരമായ പരസ്യ പ്രസ്താവനകള്‍ നടത്തി. ഇതിനെതിരേയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ അവഹേളിച്ചവര്‍ക്കും നിയമമര്യാദകള്‍ ലംഘിച്ച മാധ്യമങ്ങള്‍ക്കുമെതിരേ കേസ് കൊടുക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും ബിജെപി പ്രവര്‍ത്തകരാണ് അധ്യാപികയും കുടുംബവുമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അധ്യാപികയുടെ മാതാപിതാക്കള്‍ അവര്‍ പാര്ട്ടിക്കുടുംബമെന്ന് വ്യക്തമാക്കുന്നു. സിപിഎം പ്രാദേശിക നേതൃത്വം അധ്യാപികയേയും ഭര്‍ത്താവിനേയും തള്ളിപ്പറയാന്‍ തയാറായിട്ടുമില്ല. എങ്ങനെ പ്രശ്നത്തെ നേരിടുമെന്നറിയാതെ പാര്‍ട്ടി ഉന്നത നേതൃത്വം ഉഴലുകയാണ്.
സ്ത്രീത്വത്തെ അപമാനിക്കുന്നവിധത്തില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധ്യാപികയുടെ അഭിഭാഷകനും പറയുന്നു.
അധ്യാപികയുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍
വീട് വാടകയ്ക്ക് നല്കിയ കാരണത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപിക, മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. കടുത്ത നിയമ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനവും ബാലാവകാശ ലംഘനവും സൈബര്‍ കുറ്റകൃത്യങ്ങളും നടന്നതായാണ് പരാതി വിശദീകരിക്കുന്നത്. സ്ത്രീകളോട് മര്യാദയും മാന്യതയും കാട്ടി അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറായാല്‍ പാര്‍ട്ടി നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ കേസുകളില്‍ പ്രതിയാകും.
അധ്യാപികയും സിപിഎം അനുഭാവിയും വിശ്വാസിയുമാണെന്ന് പറയുന്ന യുവതി ഇന്നലെ അയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇങ്ങനെ: രാത്രിയില്‍ ആണുങ്ങളില്ലാത്ത വീട്ടില്‍, സാധാരണ വേഷത്തില്‍, പോലീസുകാരാണെന്ന് പറഞ്ഞ് അഞ്ചുപേര്‍ വന്ന് ഭീഷണിപ്പെടുത്തി. അവര്‍ക്കൊപ്പം വനിതാ പോലീസ് ഇല്ലായിരുന്നു. മാഹിയില്‍ പുതുതായി വന്ന സബ് ഇന്‍സ്പെക്ടറും സംഘവും എന്നാണ് പരിചയപ്പെടുത്തിയത്. എന്റെയും അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത, വിദ്യാര്‍ഥിയായ മകളുടെയും ഫോണ്‍ ബലമായി കൈവശപ്പെടുത്തി, പിറ്റേന്ന് കാലത്ത് സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞു. പിറ്റേന്ന് കാലത്ത് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ രാത്രി 10.30 വരെ അവിടെ ഇരുത്തി മാനസികമായി പീഡിപ്പിച്ചു. പ്രാഥമികാവശ്യത്തിന് പോലും അനുവദിച്ചില്ല.
വൈകിട്ട് കൂത്തുപറമ്പ് സബ് ഇന്‍സ്പെക്ടര്‍ കോട്ടയം സ്വദേശി ബിനുമോഹന് വന്ന് മാനസികമായി ഏറെ പീഡിപ്പിച്ചു, അപമാനിച്ചു, അശ്ലീലം പറഞ്ഞു. ഈ സംഭവങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്റെ നിയമോപദേശകനേയോ സ്കൂള്‍ അധൃകൃതര്‍, അമ്മ, മകള്‍ തുടങ്ങി ആരേയും സമ്പര്‍ക്കം ചെയ്യാന്‍ അനുവദിച്ചില്ല. സ്ത്രീ എന്ന പരിഗണന നല്കിയതേ ഇല്ല.
അങ്ങയുടെ വീടിന്റെ അയലത്തുള്ള എന്റെ വീടിന് ബോംബെറിഞ്ഞത് പോലീസ് കാവല്‍ ഉള്ള പ്രദേശത്താണ്. എനിക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണുണ്ടായത്. മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജന്, കാരായി രാജന്, ഡിവൈഎഫ്ഐ നേതാവ് ബൈജു നങ്ങാരത്ത്, തുടങ്ങിയവര്‍ ആക്ഷേപം നടത്തി. ജയരാജന് പത്രസമ്മേളനത്തിലാണ് ആക്ഷേപം ഉന്നയിച്ചത്. എന്റെയും കുടുംബത്തിന്റെയും ഫോണിലെ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടുമെന്ന് ആശങ്കയുണ്ട്. ഞാനും എന്റെ വീട്ടുകാരും സിപിഎം വിശ്വാസികളാണ്. ഞാന്‍ ഈ പരാതി അയക്കുന്നത്, കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: