കാസര്‍കോട്: സ്വാതന്ത്ര്യ സമര കാലത്തെ പോരാട്ട ചരിത്രം പുതുതലമുറയ്‌ക്ക് വഴികാട്ടിയാണെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞകാല ഭരണകൂടങ്ങള്‍ ഇത്തരം വീര ചരിതങ്ങള്‍ ശരിയായ രീതിയില്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യസമരവും ഭാഷാ ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തില്‍ ജന്മഭൂമി സംഘടിപ്പിച്ച സെമിനാര്‍ കാസര്‍കോട് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം ഗോവിന്ദ പൈയും കയ്യാര്‍ കിഞ്ഞണ്ണറായും സാഹിത്യകാരന്മാര്‍ മാത്രമായിരുന്നില്ല, സ്വാതന്ത്ര്യ സമര പോരാളികള്‍ കൂടിയായിരുന്നു. രാഷ്‌ട്രകവി ഗോവിന്ദ പൈയ്‌ക്കും കയ്യാര്‍ കിഞ്ഞണ്ണറായിക്കും ഉചിതമായ സ്മാരകം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കാസര്‍കോട് കേരളത്തിന്റെ ഭാഗമാണെങ്കിലും സാംസ്‌കാരികവും വൈകാരികവുമായി കര്‍ണാടകയുടെ അരുമ സന്തതിയാണ്. ഇവിടത്തെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. കാസര്‍കോട്ടെ സ്വാതന്ത്ര്യ സമര സേനാ നികളുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കാനും രേഖപ്പെടുത്താനും ജന്മഭൂമി നടത്തുന്ന പരിശ്രമം ശ്ലാഘനീയമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ചിന്മയാമിഷന്‍ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, കര്‍ണാടകഗടിപ്രദേശ അഭിവൃദ്ധി പ്രാധികാര ചെയര്‍മാന്‍ ഡോ. സി. സോമശേഖര, കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ എം. മുരളീധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പ്രൊ ഫ. എ. ശ്രീനാഥ് സ്വാഗതവും ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം നന്ദിയും പറഞ്ഞു. കാസര്‍കോട് ഗവ. കോളജ് കന്നട ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി എസ്. സുജാത, പ്രമുഖ പത്രപ്രവര്‍ത്തകനായ മലര്‍ ജയറാമ റായ്, ഡോ. രത്നാകരമല്ല മൂലെ, പ്രശാന്ത് ബള്ളുള്ളായ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.
സമരചരിത്രം പാഠ്യപദ്ധതിയില്‍ വേണം: സെമിനാര്‍ കാസര്‍കോട്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ഉള്‍പ്പെടുന്ന കാസര്‍കോടിന്റെ സമര സേനാനി കളുടെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജന്മഭൂമി സംഘടിപ്പിച്ച സെമിനാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഗോവിന്ദ പൈ, കയ്യാര്‍ കിഞ്ഞണ്ണ റൈ, വെങ്കിടരാമപുണിഞ്ചിത്തായ, ഗാന്ധികൃഷ്ണ ഭട്ട് തുടങ്ങി നിരവധി പേരുടെ ജീവിതവും പോരാട്ടവും ദര്‍ശനവും കൃതികളും കേരളത്തിന്റെ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സാര്‍ത്ഥകമാവുകയുള്ളൂ.
ഭാഷാ ന്യൂനപക്ഷ സമൂഹത്തിന്റെ സമ്പന്നമായ ചരിത്രം അവഗണിക്കപ്പെട്ട നിലയിലാണ്. ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ നിലനിര്‍ത്താന്‍ കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്മാരകം നി ര്‍മിക്കണം. ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ സമ്പന്നമായ ചരിത്രത്തേയും സംസ്‌കാരത്തേയും പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: