പരപ്പ: ക്ഷേത്ര മുറ്റത്ത് നിസ്‌ക്കരിച്ചും ബാങ്ക് വിളിച്ചും മാപ്പിള തെയ്യം. വെള്ളരിക്കുണ്ട് മാലോം കൂലോം ഭഗവതി ക്ഷേത്രമുറ്റത്താണ് മാനവികതയും ഐതീഹ്യ പെരുമയും വിളിച്ചോതി മാപ്പിള തെയ്യം നിറഞ്ഞാടിയത്. കള്ളി മുണ്ടും വെള്ളബനിയനും തലയില്‍ തൊപ്പിയും വെച്ച് മാപ്പിള തെയ്യം അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ ഭക്തര്‍ കൈകൂപ്പി വണങ്ങി.
മുക്രി പോക്കര്‍ തെയ്യമാണ് പതിറ്റാണ്ടുകള്‍ മുന്‍പത്തെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി മാലോം കൂലോത്ത് നടന്നത്. പതിറ്റാണ്ടുകള്‍ മുന്‍പ് നടന്ന ഒരു അപൂര്‍വ്വ ബന്ധത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് മാലോം കൂലോത്തെ മുക്രി പോക്കര്‍ എന്ന മാപ്പിളത്തെയ്യം. പ്രമുഖ ജന്മി കുടുംബത്തിലേക്ക് കാര്യസ്ഥനായി വന്ന മുക്രി പോക്കര്‍ എന്ന മുസ്ലിം യുവാവ് ജന്മിയുടെ മകളുമായി ഇഷ്ടത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരാവുകയും ചെയ്യുന്നു. ഇതില്‍ അപമാനിതനായ ജന്മി യുവാവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യുന്നു. സമീപത്തെ പുഴയില്‍ കുളി കഴിഞ്ഞ് നിസ്‌ക്കരിക്കുകയായിരുന്ന പോക്കറെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു. സമീപത്തായി പോക്കറുടെ കൂടെ ഇറങ്ങി പുറപ്പെട്ട ജന്മിയുടെ മകളും കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ദുഖത്തില്‍ ഇവരും പുഴയില്‍ ചാടി ജീവനൊടുക്കി എന്നാണ് ഐതീഹ്യം.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ജന്മി കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കി. കാരണവര്‍ പ്രശ്‌നവിചാരം നടത്തി. പോക്കറും മകളും തറവാടായ മാലോം കൂലോത്ത് ദൈവമായി അവതരിച്ചുവെന്നും കളിയാട്ട കാലത്ത് പോക്കറുടെയും മകളുടെയും കോലം കെട്ടിയാടണമെന്നും ജ്യോതിഷി വിധിച്ചു. ഇതേ തുടര്‍ന്നാണ് ഇന്നും മലോം കൂലോത്ത് മുക്രി പോക്കര്‍ എന്ന മാപ്പിള തെയ്യവും മണ്ഡളത്ത് ചാമുണ്ഡിയും കെട്ടിയാടുന്നത്. പോക്കറെ കൊലപ്പെടുത്തിയതായി പറയുന്ന മാലോം മണ്ഡലം പുഴയിലെ ഒരുകല്ലില്‍ നിന്നാണ് മുക്രിപോക്കര്‍ തെയ്യകോലം അണിഞ്ഞൊരുങ്ങി കൂലോം ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തില്‍ നിന്ന് ഉടവാളും വാങ്ങി പുഴയിലേക്ക് കുളിക്കാനായി പോകുന്ന കോലധാരി ലുങ്കിയും ബനിയനും അരയില്‍ ബെല്‍റ്റും തലയില്‍ തൊപ്പിയുമായി ചെണ്ടയുടെ അകമ്പടിയില്‍ ക്ഷേത്രമുറ്റത്തെത്തും.
ഓടിക്കിതച്ചെത്തുന്ന പോക്കര്‍ ക്ഷേത്ര മുറ്റത്ത് നിസ്‌ക്കരിക്കും. അതിനായി പ്രത്യേക തറ ക്ഷേത്രമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. തറയില്‍ നിസ്‌ക്കരപ്പായയും വെള്ളമുണ്ടും വിരിച്ചാണ് മുക്രി പോക്കറെ വരവേല്‍ക്കുന്നത്. നിസ്‌ക്കാരം കഴിഞ്ഞാല്‍ ജന്മിമാരോടുള്ള അരിശം വാള്‍ പയറ്റിലൂടെയും മൊഴിയിലൂടെയും തീര്‍ക്കുന്ന മുക്രി പോക്കര്‍ മറ്റ് തെയ്യങ്ങളെ പോലെ ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യും. അപ്പോഴേക്കും മണ്ഡളത്ത് ചാമുണ്ഡിയുടെ തെയ്യക്കോലവും അണിയറയില്‍ നിന്നും അരങ്ങിലെത്തും. ചാമുണ്ഡിയുടെ കൂടെ ക്ഷേത്ര മുറ്റത്ത് ഓടി നടന്ന് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞാണ് മുക്രി പോക്കര്‍ തെയ്യം അവസാനിക്കുന്നത്.
മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് മാലോം കൂലോത്ത് മുക്രിപോക്കര്‍ എന്ന മാപ്പിള തെയ്യം കെട്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: